പുതിയ റിലീസ് ഡേറ്റ് പുറത്ത് വിട്ട് മഹേഷ്‌ നാരായണൻ മോഹൻലാൽ ചിത്രം പേട്രിയറ്റ്

റിലീസിന് മുൻപേ തന്നെ ടൈറ്റിൽ ടീസറിലൂടെയും ബിടിഎസ് വീഡിയോകളിലൂടെയും വൻ തരംഗം സൃഷ്ടിച്ച 'പേട്രിയറ്റ്', മലയാള സിനിമയെ ആഗോളതലത്തിൽ പുതിയ ഉയരങ്ങളിൽ എത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

Update: 2026-03-09 06:03 GMT

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ദൃശ്യവിരുന്നായി മാറാനൊരുങ്ങുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തിന്റെ പുത്തൻ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങി. വനിതാ ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ പത്ത് മണി മുതൽ ഓരോ മണിക്കൂർ ഇടവേളകളിലായി രേവതി, ഗ്രേസ് ആന്റണി, ഗീതി സംഗീത, ശ്രീപാർവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, നയൻതാര എന്നിവരുടെ പോസ്റ്ററുകളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇതിനുപുറമെ, മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ എന്നിവർ അണിനിരന്ന സെക്കന്റ് ലുക്ക് പോസ്റ്ററിന്റെ ബിഹൈൻഡ് ദി സീൻ (BTS) റീലും പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലും മാസ് ആക്ഷൻ ലുക്കിലെത്തുന്ന ഈ ചിത്രം മഹേഷ് നാരായണന്റെ സംവിധാനത്തിൽ 2026 ഏപ്രിൽ 23-ന് ആഗോളതലത്തിൽ റിലീസിനെത്തും. ഏകദേശം 18 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് മലയാളത്തിന്റെ ഈ രണ്ട് മഹാനടന്മാർ വീണ്ടും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നത് എന്ന പ്രത്യേകതയും ഈ സ്പൈ ത്രില്ലറിനുണ്ട്.

ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ തുടങ്ങി പത്തിലധികം രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന വിപുലമായ ഷെഡ്യൂളുകളിലായിരുന്നു ചിത്രീകരണം. ടേക്ക് ഓഫ്, മാലിക് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം സാങ്കേതികമായി അന്താരാഷ്ട്ര നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, പ്രകാശ് ബെലവാടി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്; മമ്മൂട്ടിയും മോഹൻലാലും ഇതിനോടകം തന്നെ തങ്ങളുടെ ഡബ്ബിങ് പൂർത്തിയാക്കിയിട്ടുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മാനുഷ് നന്ദൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സുഷിൻ ശ്യാമാണ് സംഗീതം നൽകുന്നത്. സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് രചനയും എഡിറ്റിംഗും നിർവഹിക്കുന്നത്. സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ സഹനിർമ്മാതാക്കളായും സി.വി. സാരഥി, രാജേഷ് കൃഷ്ണ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായും പ്രവർത്തിക്കുന്നു. റിലീസിന് മുൻപേ തന്നെ ടൈറ്റിൽ ടീസറിലൂടെയും ബിടിഎസ് വീഡിയോകളിലൂടെയും വൻ തരംഗം സൃഷ്ടിച്ച 'പേട്രിയറ്റ്', മലയാള സിനിമയെ ആഗോളതലത്തിൽ പുതിയ ഉയരങ്ങളിൽ എത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Similar News