ആൾ കേരള സഞ്ചു സംസൺ പ്രസിഡന്റ് ഇനി ഞാൻ ; സഞ്ചുവിന് ജയ് വിളിച്ച് നടൻ ബേസിൽ ജോസഫ്
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് മലയാളി താരം സഞ്ജു സാംസൺ. നിർണ്ണായകമായ ഫൈനലിൽ 45 പന്തിൽ നിന്ന് 89 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. അഞ്ച് സിക്സറുകളും എട്ട് ഫോറുകളും ഉൾപ്പെട്ട ഈ ഇന്നിംഗ്സ് ഇന്ത്യൻ കിരീടനേട്ടത്തിൽ നിർണ്ണായകമായി. ലോകകപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡിന് തൊട്ടടുത്തെത്തിയാണ് താരം പുറത്തായത്. ഈ ഇന്നിംഗ്‌സോടെ 2009-ൽ ഷാഹിദ് അഫ്രീദിക്കും 2014-ൽ വിരാട് കോഹ്‌ലിക്കും ശേഷം ലോകകപ്പിന്റെ സെമിഫൈനലിലും ഫൈനലിലും തുടർച്ചയായി അർദ്ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ മാത്രം താരം എന്ന ചരിത്രനേട്ടവും സഞ്ജു സ്വന്തം പേരിൽ കുറിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്നായി 321 റൺസാണ് ടൂർണമെന്റിൽ സഞ്ജുവിന്റെ സമ്പാദ്യം.
മൈതാനത്ത് സഞ്ജു റൺവേട്ട നടത്തുമ്പോൾ ഗാലറിയിൽ ആവേശമായി പ്രിയ സുഹൃത്തും നടനും സംവിധായകനുമായ ബേസിൽ ജോസഫ് ഉണ്ടായിരുന്നു. സഞ്ജുവിന്റെ പേരുള്ള ഇന്ത്യൻ ജേഴ്‌സി അണിഞ്ഞാണ് ബേസിൽ സ്റ്റേഡിയത്തിലെത്തിയത്. ഇരുവരും തമ്മിലുള്ള ആഴമേറിയ സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങൾ ബേസിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അനിരുദ്ധ് ഈണമിട്ട ട്രെൻഡിംഗ് ഗാനമായ 'ആജാ ആജാ രാജാ' എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും 89 റൺസെടുത്ത സഞ്ജു, ടീമിന്റെ വിജയമാണ് വ്യക്തിഗത നേട്ടങ്ങളെക്കാൾ വലുതെന്ന് മത്സരശേഷം പ്രതികരിച്ചിരുന്നു. സുഹൃത്തിന്റെ ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തിയ ബേസിലിന്റെ ചിത്രങ്ങളും ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുകയാണ്