സൽമാൻ ഖാൻ ചിത്രത്തിന്റെ പേര് മാറ്റി,

'ബാറ്റിൽ ഓഫ് ഗൽവാൻ' എന്ന് നേരത്തെ നിശ്ചയിച്ചിരുന്ന ചിത്രം ഇനി 'മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്' എന്ന പേരിലായിരിക്കും അറിയപ്പെടുക

Update: 2026-03-16 12:52 GMT

മുംബൈ: ഗൽവാൻ താഴ്വരയിലെ ഇന്ത്യ-ചൈന സൈനിക സംഘർഷം പ്രമേയമാക്കി സൽമാൻ ഖാൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര് മാറ്റി. 'ബാറ്റിൽ ഓഫ് ഗൽവാൻ' എന്ന് നേരത്തെ നിശ്ചയിച്ചിരുന്ന ചിത്രം ഇനി 'മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്' എന്ന പേരിലായിരിക്കും അറിയപ്പെടുക. ചിത്രത്തിന്റെ പുതിയ പേരും പ്രമേയം വ്യക്തമാക്കുന്ന പോസ്റ്ററും സൽമാൻ ഖാൻ ഔദ്യോഗികമായി പുറത്തുവിട്ടു. മുള്ളുകമ്പികൾ ഘടിപ്പിച്ച ചങ്ങല കൊണ്ട് പൊതിഞ്ഞ, ചോര പുരണ്ട മരത്തടിക്ക് പിന്നിൽ നിന്ന് സൽമാൻ ഖാൻ നോക്കുന്ന തീവ്രമായ ലുക്കിലുള്ള പോസ്റ്റർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ഏപ്രിൽ 17-ന് റിലീസ് ചെയ്യുമെന്ന് നിശ്ചയിച്ചിരുന്ന ചിത്രം ചില മാറ്റങ്ങളോടെ ആഗസ്റ്റിലായിരിക്കും തീയേറ്ററുകളിലെത്തുക.

അപൂർവ്വ ലഖിയ സംവിധാനം ചെയ്യുന്ന ഈ ചിത്രം 2020 ജൂൺ 15-ന് ഗൽവാൻ താഴ്വരയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റവും രൂക്ഷമായ ഈ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. 16 ബിഹാർ റെജിമെന്റിന്റെ കമാൻഡിങ് ഓഫീസറായിരുന്ന കേണൽ സന്തോഷ് ബാബുവിന്റെ വേഷത്തിലാണ് സൽമാൻ ഖാൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രാംഗദ സിങ്, അഭിലാഷ് ചൗധരി, അങ്കുർ ഭാട്ടിയ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് ഹിമേഷ് രശ്മിയയാണ് സംഗീതം നൽകുന്നത്.

ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ ചൈനയിൽ നിന്ന് കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്. സംഭവങ്ങളെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയിൽ (Weibo) നിരവധി പേർ രംഗത്തെത്തി. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളും ചിത്രത്തിനെതിരെ വിമർശനവുമായി എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യ ഈ ആരോപണങ്ങളെ തള്ളി. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദേശകാര്യ മന്ത്രാലയത്തിന് (MEA) പങ്കില്ലെന്നും, ചലച്ചിത്ര നിർമ്മാണം അതത് അധികാരികളുടെ കീഴിലാണെന്നും മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. 2020-ലെ ഗൽവാൻ സംഘർഷത്തിന് ശേഷം ചൈനീസ് ആപ്പുകൾ നിരോധിച്ചതും ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചതും ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലുണ്ടായ വിള്ളലുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

Similar News