ഒരവസരം കിട്ടിയാൽ 2014 ൽ ചെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ മാറ്റും എന്ന് നടൻ കിഷോർ
രാഷ്ട്രീയം എന്നത് വെറുമൊരു അധികാരക്കസേരയല്ലെന്നും അത് ജനങ്ങളെ സേവിക്കാനുള്ള ഇടമാണെന്നും കിഷോർ ഓർമ്മിപ്പിച്ചു. ജവഹർലാൽ നെഹ്റു തന്നെത്തന്നെ പ്രഥമ സേവകൻ എന്ന് വിളിച്ചപ്പോൾ, നരേന്ദ്ര മോദി പ്രധാന സേവക് എന്നാണ് വിശേഷിപ്പിക്കുന്നത്
ജീവിതത്തിൽ പിന്നിലേക്ക് സഞ്ചരിക്കാൻ ഒരവസരം ലഭിച്ചാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് കന്നട നടൻ കിഷോർ പറഞ്ഞ മറുപടി ചർച്ചകൾക്കിടയാക്കുന്നു.
അങ്ങനെ പിന്നിലേയ്ക്ക് പോകാൻ സാധിച്ചാൽ താൻ 2014-ലേക്ക് പോയി രാജ്യത്തെ പ്രധാനമന്ത്രിയെ മാറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ പുതിയ ചിത്രമായ മെല്ലിസൈയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് രാഷ്ട്രീയ നിലപാടുകൾ താരം വ്യക്തമാക്കിയത്.
ഇന്ന് നമ്മൾ കാണുന്ന വെറുപ്പിന്റെ അളവ് ഭയപ്പെടുത്തുന്നതാണെന്നും ഈ അവസ്ഥ തുടർന്നാൽ അത് മാറ്റിയെടുക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും കിഷോർ മുന്നറിയിപ്പ് നൽകി. ഇന്ത്യ ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് കിഷോറിന്റെ ഈ പരാമർശങ്ങൾ.
‘ജീവിതത്തില്‍ പിന്നിലേക്ക് പോയി എന്തെങ്കിലും ചെയ്യാന്‍ അവസരം കിട്ടുമോ എന്ന് എനിക്കറിയില്ല. എന്നാലും ഞാന്‍ പറയാം. ഞാൻ ആണെങ്കിൽ 2014 ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും. ഇന്ത്യ മാറിയിരിക്കുകയാണ്. ഇന്ന് നമ്മള് കാണുന്ന വെറുപ്പിന്റെ അളവ് കൂടുതലാണ്. വലിയ അപകടമാണിത്.
ഇങ്ങനെ മുന്നോട്ട് പോയാല്‍ ഈ അവസ്ഥ മാറ്റിയെടുക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും. പരസ്പരം വെറുത്തുകൊണ്ട് മനുഷ്യർക്ക് എങ്ങനെ ജീവിക്കാൻ സാധിക്കും? സ്നേഹമില്ലെങ്കിൽ മനുഷ്യജീവിതം അസാധ്യമാണ്.ഒരു പ്രത്യേക വിഭാഗത്തോടോ നാടിനോടോ ഉള്ള വെറുപ്പ് രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്.’ കിഷോർ പറഞ്ഞു.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെയും കിഷോർ വിമർശിച്ചു. ട്രംപിനെപ്പോലെയുള്ള നേതാക്കളെ ചൂണ്ടിക്കാട്ടി എല്ലായിടത്തും ഇത്തരം പ്രവണതകളാണ് കണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം എന്നത് വെറുമൊരു അധികാരക്കസേരയല്ലെന്നും അത് ജനങ്ങളെ സേവിക്കാനുള്ള ഇടമാണെന്നും കിഷോർ ഓർമ്മിപ്പിച്ചു. ജവഹർലാൽ നെഹ്റു തന്നെത്തന്നെ പ്രഥമ സേവകൻ എന്ന് വിളിച്ചപ്പോൾ, നരേന്ദ്ര മോദി പ്രധാന സേവക് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനർത്ഥം താനാണ് പ്രധാനി എന്നാണെന്നും കിഷോർ വിമർശിച്ചു.
സാമൂഹിക വിഷയങ്ങളിൽ നേരത്തെയും കൃത്യമായ നിലപാടുകൾ അറിയിച്ചിട്ടുള്ള താരമാണ് കിഷോർ.