' തഗ് ലൈഫ്' ട്രെയിലറിലെ ചുംബനരംഗം സൃഷ്ടിക്കുന്ന അനാവശ്യവിവാദങ്ങൾക്ക് മറുപടിയുമായി അഭിരാമി

Update: 2025-05-31 05:28 GMT

കമൽഹാസൻ- മണിരത്നം ചിത്രം 'തഗ് ലൈഫ്' ട്രെയ്ലർ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ അതെ തുടർന്നുണ്ടായ വിവാദങ്ങൾക്കും യാതൊരു കുറവും ഇല്ല. ചിത്രത്തിന്റെ ട്രെയ്ലറിൽ കാണിക്കുന്ന കമൽ ഹാസൻ- അഭിരാമി കഥാപാത്രങ്ങൾ തമ്മിലുള്ള ചുംബനരംഗങ്ങളും വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. ഇപ്പോഴിതാ അത്തരം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി രങ്ങത്തെത്തിയിരിക്കുകയാണ് നടി അഭിരാമി. ട്രെയ്‌ലറിലുള്ളത് വെറും മൂന്നുസെക്കൻഡുള്ള രംഗം മാത്രമാണെന്നും അതിനെക്കുറിച്ച് ഇത്രയധികം സംസാരിക്കുന്നത് അനാവശ്യമാണോയെന്നും അഭിരാമി പറഞ്ഞു. ഒരുദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

'ഇന്നത്തെ കാലത്ത് എന്തും വിവാദമാവാം, നമുക്ക് അതിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ല. എന്നെ ആ വേഷത്തിലേക്ക് തിരഞ്ഞെടുത്തതിൽ മണിരത്നം സാറിന്റെ ലോജിക് ചോദ്യംചെയ്യാൻ ഞാൻ ആളല്ല. അദ്ദേഹത്തിന്റെ ലോജിക് എന്തുതന്നെയായാലും അത് അംഗീകരിക്കാൻ ഞാൻ തയ്യാറാണ്. വെറും മൂന്നുസെക്കൻഡുമാത്രമുള്ള സീനാണത്. അതുമാത്രം ട്രെയ്ലറിൽ കാണിച്ചത് കുറച്ച് തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് തോന്നാം. സിനിമയും ആ രംഗവും ചുംബനത്തിലേക്ക് നയിക്കുന്ന കാര്യങ്ങളും കാണുമ്പോൾ നിങ്ങൾക്ക് ഒട്ടും പ്രശ്നം തോന്നിന്നില്ല. അത് ആ രംഗത്തോട് നന്നായി ചേർന്നുനിൽക്കുന്നുണ്ട്', അഭിരാമി പറഞ്ഞു.

'അതിനെക്കുറിച്ച് ഇത്രയധികം സംസാരിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്തെങ്കിലും നിഗമനങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് ചിത്രം കാണാൻ ഞാൻ പ്രേക്ഷകരോട് അഭ്യർഥിക്കുകയാണ്. എന്തുകൊണ്ടാണ് ആളുകൾ ആ രംഗത്തോട് ഇങ്ങനെ പ്രതികരിക്കുന്നത് എന്ന് എനിക്ക് അറിയില്ല', അഭിരാമി കൂട്ടിച്ചേർത്തു.

'തഗ് ലൈഫ്' ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ വലിയ വിമർശനമായിരുന്നു ഉയർന്നത്. ട്രെയ്ലറിലെ അഭിരാമിയുമായുള്ള ചുംബനരംഗവും തൃഷയുമായുള്ള ഇന്റിമസി സീനുകളും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. കമൽഹാസനും നായികമാരും തമ്മിലുള്ള പ്രായവ്യത്യാസം ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം വിമർശനങ്ങളെ തള്ളി തൃഷ നേരത്തെ രംഗത്തെത്തിയിരുന്നു. 

Tags:    

Similar News