യാദൃശ്ചികമായി സിനിമയിലെത്തി. പിന്നീട് സിനിമയിൽ തുടർന്നത് കടം തീർക്കാൻ
തന്റെ അഭിനയ ജീവിതത്തെ സംബന്ധിച്ചുള്ള പുത്തൻ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം അജിത് കുമാർ. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയും റേസിംഗ് കരിയറിലെ വിജയത്തിലൂടെയും ശ്രദ്ധേയനായ താരം , സ്വയം താനൊരു ആക്‌സിഡന്റൽ ആക്ടർ ആണെന്നാണ് പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്കുള്ള കടന്നു വരവിനെപ്പറ്റി അദ്ദേഹം തുറന്നു പറയുന്നത്. താൻ സിനിമയിലേക്ക് വന്നത് സിനിമയോടുള്ള ആഗ്രഹം കൊണ്ടല്ല, പകരം പണത്തിന് വേണ്ടിയാണെന്നാണ് താരം വെളിപ്പെടുത്തിയത്.
18 വയസ്സുള്ളപ്പോൾ ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന അജിത് കുമാർ, തനിക്കുള്ള റേസിംഗ് മോഹം തുടരാൻ അന്നത്തെ സാമ്പത്തിക പ്രതിസന്ധികൾ തടസ്സമായിരുന്നുവെന്ന് പറഞ്ഞു. അതിനാൽ അദ്ദേഹം മോഡലിംഗ് തുടങ്ങി, അതുവഴി ലഭിച്ച പണം റേസിംഗിനായാണ് അദ്ദേഹം ഉപയോഗിച്ചത്.
“അഭിനയം എന്റെ മനസ്സിൽ പോലും ഉണ്ടായിരുന്നില്ല. ഞാൻ യാദൃശ്ചികമായി ഒരു നടനായി . മോഡലിംഗ് ചെയ്തപ്പോൾ കിട്ടിയ പണം ഞാൻ മുഴുവനും റേസിംഗിന് വേണ്ടി ചെലവഴിച്ചിരുന്നു”* എന്നായിരുന്നു അജിത്തിന്റെ വാക്കുകൾ.
തുടർന്നുള്ള ജീവിതത്തിൽ സിനിമയിലൂടെ ലഭിച്ച സ്ഥിരതയുള്ള വരുമാനം അദ്ദേഹത്തെ കടങ്ങൾ തീർക്കാൻ സഹായിച്ചുവെന്നും, ഫെയിമിനോ പ്രശസ്തിയ്ക്കോ വേണ്ടി സിനിമയിലേക്ക് വന്നതല്ലെന്നും അജിത് വ്യക്തമാക്കുന്നു.
ഇന്നത്തെ സ്ഥിതി നോക്കുമ്പോൾ, തമിഴ് സിനിമയിലെ ഏറ്റവും പ്രശസ്തനായ താരമായി അജിത് കുമാർ മാറിയിരിക്കുന്നു. ‘വിഡാമുയർച്ചി’, ‘ഗുഡ് ബാഡ് അഗ്ലി’ തുടങ്ങിയ സിനിമകളിലൂടെ വീണ്ടും ഹിറ്റുകൾ സമ്മാനിച്ച അജിത് കുമാർ, ഇന്ന് തന്റെ കഴിവിലൂടെ സിനിമ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.
ഇന്ന് അദ്ദേഹത്തിന്റെ 54 ആം ജന്മദിനമാണ് . എന്നാൽ, കാലിനേറ്റ പരിക്ക് മൂലം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരുന്നു.
അതേസമയം, അജിത് നായകനാകുന്ന അടുത്ത സിനിമയെക്കുറിച്ചും ഏറെ കാത്തിരിപ്പിലാണ് ആരാധകർ. ധനുഷ് സംവിധാനം ചെയ്യുന്ന പ്രൊജക്ട് ഉൾപ്പെടെ, നിരവധി സിനിമകൾ അജിത്തിന്റേതായി എത്താനുണ്ട്.