കാന്താര 2 വിൽ വീണ്ടും മരണം ; മരണപ്പെട്ടത് മാളികപ്പുറം താരം കലാഭവൻ നിജു

Update: 2025-06-13 06:44 GMT

കാന്താര 2 വിൽ വീണ്ടും മരണം. നടനും മിമിക്രി കലാകാരനുമായ കലാഭവൻ നിജുവാണ് മരിച്ചത്. തൃശൂർ സ്വദേശിയായ നിജുവിന് ഒഡീഷൻ വഴിയാണ് ചിത്രത്തിലേക്ക് സെക്ഷൻ കിട്ടിയത്. ബംഗളൂരുവിലെ ലൊക്കേഷനിൽ വച്ചായിരുന്നു അന്ത്യം. ജൂനിയർ ആർട്ടിസ്റ്റുകൾക്കായി ഒരുക്കിയ ഹോം സ്റ്റേയിൽ കഴിയവേ പുലർച്ചയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

ചെറിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നെങ്കിലും മാളികപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് നിജു ശ്രദ്ധിക്കപ്പെടുന്നത്. ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയിലും നിജു അഭിനയിച്ചിരുന്നു. മുൻനിര മിമിക്രി കലാവേദികളുടെ സജീവ സാന്നിധ്യമായിരുന്നു നിജു.

കാന്താര 2 വിന്റെ ഭാഗമായവരിൽ മൂന്നാമത്തെ മരണമാണ് നിജുവിന്റേത്. രണ്ടാഴ്ച മുൻപ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്ന രാകേഷ് പൂജാരി ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

കഴിഞ്ഞ മാസം ചിത്രത്തിൽ അഭിനയിക്കാൻ പോയ മലായാളി യുവാവും നദിയിൽ മുങ്ങി മരിച്ചിരുന്നു. അദ്ദേഹത്തിനോടുള്ള ആദര സൂചകമായി സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തി വച്ചിരുന്നു. കാന്താര 2 ന്റെ ചിത്രീകരണം നിരവധി വിവാദങ്ങളിലൂടെയാണ് കടന്നു വരുന്നത്. ഷൂട്ടിങ്ങിനു വേണ്ടി വനം കയ്യേറിയതും തുടർന്നുണ്ടായ സംഘർഷങ്ങളും വലിയ വിവാദമായിരുന്നു. 

Tags:    

Similar News