'അമ്മായി അമ്മ- മരുമകൾ പോരുള്ളവയിലൂടെ ആരംഭിക്കണമായിരുന്നു, എങ്കിൽ നന്നായേനേ': സേക്രഡ് ഗെയിംസിനെതിരെ നെറ്റ്ഫ്ലിക്സ് സിഇഓ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് അനുരാഗ് കശ്യപ്

Update: 2025-06-09 07:15 GMT

നെറ്റ്ഫ്ളിക്സ് സിഇഒ ടെഡ് സരോൻഡസിന് സംവിധായകൻ അനുരാഗ് കശ്യപിൻറെ രൂക്ഷ വിമർശനം. സിനിമയുടെ കാര്യത്തിൽ ടെക്കികൾ മണ്ടന്മാരാണെന്ന് അറിയാമായിരുന്നെങ്കിലും സരോൻഡസ് മണ്ടത്തരത്തിന്റെ നിർവചനം തന്നെയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് അനുരാഗ് കശ്യപിന്റെ പ്രതികരണം. നെറ്റ്ഫ്ളിക്സ് ഇന്ത്യ രാജ്യത്ത് ആദ്യമായി പുറത്തിറക്കിയ സീരീസായ 'സേക്രഡ് ഗെയിംസ്', വിക്രമാദിത്യ മോട്വാനെയ്ക്കൊപ്പം സംവിധാനം ചെയ്തത് അനുരാഗ് കശ്യപ് ആയിരുന്നു. 'സേക്രഡ് ഗെയിംസി'ന് പകരം കുറച്ചുകൂടി ജനപ്രിയമായ മറ്റെന്തെങ്കിലും നെറ്റ്ഫ്ളിക്‌സ് ഇന്ത്യ ലോഞ്ചിന് തിരഞ്ഞെടുക്കണമായിരുന്നു എന്ന സരോൻഡസിൻ്റെ പ്രതികരണമാണ് അനുരാഗ് കശ്യപിനെ ചൊടിപ്പിച്ചത്. 'ആദ്യംമുതൽ വീണ്ടും തുടങ്ങാൻ സാധിച്ചിരുന്നെങ്കിൽ, 'സേക്രഡ് ഗെയിംസ്' പുറത്തിറക്കാൻ രണ്ടുവർഷംകൂടെ കാത്തിരിക്കുമായിരുന്നു. പകരം മറ്റെന്തെങ്കിലും ജനപ്രിയമായത് ആദ്യ ഒറിജിനലായി തിരഞ്ഞെടുത്തേനെ', എന്നാണ് നെറ്റ്ഫ്ലിക്സ് സി ഇ ഓ സരോൻഡസ് അഭിപ്രായപ്പെട്ടത്. ഇതിൽ പ്രകോപിതനായ അനുരാഗ് കശ്യപ് ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിക്കുകയായിരുന്നു . സരോൻഡസിൻ്റെ പരാമർശത്തെ സംബന്ധിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചായിരുന്നു രൂക്ഷവിമർശനം.

'അമ്മായി അമ്മ- മരുമകൾ പോരുള്ളവയിലൂടെ ആരംഭിക്കണമായിരുന്നു, എങ്കിൽ നന്നായേനേ. ഇപ്പോൾ അവർ അതല്ലേ ചെയ്യുന്നത്. കഥപറച്ചിലിന്റെ കലയുമായി ബന്ധപ്പെട്ട കാര്യത്തിൽ ടെക്കികൾ മണ്ടന്മാരാണെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാൽ, ടെഡ് സരോൻഡസ് മണ്ടത്തരത്തിന്റെ നിർവചനമാണെന്ന് അറിയില്ലായിരുന്നു. അത് മനസിലാക്കിതന്നതിൽ സന്തോഷം. ഇപ്പോൾ എല്ലാം ശരിയായി', എന്നായിരുന്നു അനുരാഗ് കശ്യപ് കുറിച്ചത്.

Tags:    

Similar News