"അമ്മയുടെ രണ്ടാം വിവാഹം അംഗീകരിക്കാൻ ആ പ്രായത്തിൽ തനിക്ക് കഴിഞ്ഞില്ല"-ലിജോമോൾ
ഇന്ന് മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിക്കപ്പെടുന്ന നടിയാണ് ലിജോ മോൾ. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ആയിരുന്നു മലയാളത്തിൽ താരം ശ്രദ്ധിക്കപ്പെടുന്നത്. ഈയടുത്ത് പൊന്മാൻ എന്ന സിനിമയിൽ താരം ചെയ്ത കഥാപാത്രവും ഏറെ പ്രശംസിക്കപ്പെട്ടു. തമിഴിൽ ശിവപ്പ് മഞ്ഞൾ പച്ചെ, ജയ് ഭീം എന്ന ചിത്രങ്ങളിലൂടേയും അവർ ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോഴിതാ കുട്ടിക്കാലത്ത് താൻ കടന്നുപോയ മാനസിക സംഘർഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ലിജോമോൾ.
അമ്മയുടെ രണ്ടാം വിവാഹം അംഗീകരിക്കാൻ കഴിയാതെ വന്നതിനാൽ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് ലിജോ മോൾ തുറന്നു പറഞ്ഞു.
തനിക്ക് ഒന്നര വയസുള്ളപ്പോൾ അച്ഛൻ മരിച്ചുവെന്നും തൻ്റെ പത്താം വയസിൽ അമ്മ രണ്ടാമത് വിവാഹം കഴിച്ചുവെന്നും ലിജോമോൾ പറയുന്നു. എന്നാൽ തനിക്ക് അന്ന് ആ പ്രായത്തിൽ അമ്മയുടെ രണ്ടാം വിവാഹം അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നെന്നും എന്നാൽ അമ്മ എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനമെടുത്തു എന്നത് ഇന്ന് മനസിലാകുന്നുണ്ടെന്നും ലിജോമോൾ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്.
'അച്ഛൻ മരിക്കുമ്പോൾ എനിക്ക് ഒന്നര വയസായിരുന്നു പ്രായം. അപ്പോൾ അമ്മ ഗർഭിണിയായിരുന്നു. എനിക്ക് പത്ത് വയസും അനിയത്തിക്ക് എട്ട് വയസും ഉള്ളപ്പോഴാണ് അമ്മ രണ്ടാമത് വിവാഹം കഴിക്കുന്നത്. രണ്ടാനച്ഛൻ എന്ന് പറയാൻ എനിക്ക് താത്പര്യമില്ല. ഞങ്ങൾ ഇച്ചാച്ചൻ എന്നാണ് വിളിക്കുന്നത്. എനിക്ക് ആ സമയത്ത് അത് അംഗീകരിക്കാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. കാരണം എന്റെ കുട്ടിക്കാലത്തെ ആദ്യത്തെ പത്ത് വർഷങ്ങളിൽ അച്ഛൻ എന്ന് പറയുന്ന കാര്യം ഉണ്ടായിട്ടില്ല. പെട്ടെന്ന് ഒരാൾ ഒരു ദിവസം ജീവിതത്തിലേക്ക് കയറി വരുന്നു. അദ്ദേഹം ഇനി നമ്മുടെ കൂടെയുണ്ടാകും, അദ്ദേഹത്തെ ഇനി ഇച്ചാച്ചൻ എന്ന് വിളിക്കണം എന്നൊക്കെ അമ്മ പറയുമ്പോൾ അത് സ്വീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അന്ന് എനിക്ക് അത്രപ്രായമേയുള്ളു. അമ്മയുമായി ചെറിയ അകൽച്ചയിലുമായിരുന്നു. വല്ല്യമ്മച്ചിയുടെ കൂടെയായിരുന്നു ഞാൻ ഉറങ്ങിയിരുന്നത്. അനിയത്തി അമ്മയുടെ കൂടെയാണ് ഉറങ്ങിയിരുന്നത്. പഠിപ്പിക്കുന്നതൊക്കെ അമ്മയായിരുന്നു.
ഇച്ചാച്ചൻ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതോടെ അച്ഛൻ്റെ വീട്ടിൽനിന്ന് പോന്നു. അത്രയും നാൾ നിന്ന ആ വീട്ടിൽ നിന്ന് പോരുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അമ്മ ട്രാൻസ്ഫർ വാങ്ങി വരികയായിരുന്നു. അമ്മ രണ്ടാമത് വിവാഹം കഴിച്ചതിൽ അച്ഛൻ്റെ കുടുംബത്തിൽ കുറേയേറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. കസിൻസും അങ്കിളും ആൻ്റിമാരും ഒന്നും മിണ്ടില്ല. ആ സമയത്ത് അവധിക്ക് പോകാൻ വീടൊന്നുമില്ല. ഞങ്ങൾ വീട്ടിൽതന്നെയായിരിക്കും. അതുകൊണ്ട് ജീവിതത്തിലുണ്ടായ ആ മാറ്റത്തെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു.
അന്ന് അമ്മയോട് വ്യക്തിപരമായി ഒന്നും പറയാൻ പറ്റാതെയായി. അമ്മ അത് ഇച്ചാച്ചനോട് പറയുന്നത് ബുദ്ധിമുട്ടായിരുന്നു. പിന്നെ ഇമോഷണലി ആവശ്യമുള്ള പിന്തുണയും ആ സമയത്ത് എനിക്ക് കിട്ടിയില്ല. അമ്മയ്ക്ക് ജോലിയുമായി ബന്ധപ്പെട്ട തിരക്കുണ്ടായിരുന്നു. അമ്മ തിരിഞ്ഞുനോക്കിയിട്ടില്ലെന്നല്ല. നല്ല അമ്മ തന്നെയായിരുന്നു. എന്നാൽ ഞാൻ ആഗ്രഹിച്ച ഒരു പിന്തുണ കിട്ടിയിട്ടില്ല. അമ്മ ഭയങ്കരമായി സ്നേഹം പ്രകടിപ്പിക്കുന്ന വ്യക്തിയല്ല.അമ്മ എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനമെടുത്തുവെന്നും അമ്മയ്ക്ക് എന്തൊക്കെ ബുദ്ധിമുട്ടുണ്ടായെന്നും ഡിഗ്രി ആയപ്പോഴേക്കും എനിക്ക് മനസിലായി. എനിക്ക് കൂടുതൽ അടുപ്പം അനിയത്തിയോടായിരുന്നു. എനിക്ക് തോന്നിയതുപോലെ അവൾക്ക് തോന്നരുതെന്ന് നിർബന്ധമായിരുന്നു. അനിയത്തിക്ക് ഞാൻ പ്രൊട്ടക്ടീവ് ആയ ചേച്ചിയായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് അറിയാം അമ്മ അന്ന് എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനം എടുത്തൂവെന്ന്. അവർ വേറെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചു. ഇപ്പോൾ ഞാൻ ഗ്രേറ്റ്ഫുളാണ്. താങ്ക്ഫുളാണ്.'- അഭിമുഖത്തിൽ ലിജോമോൾ പറയുന്നു.