മുബൈ റിയൽ എസ്റ്റേറ്റ് വിപണിയിൽ കോടികൾ ലാഭം നേടി ബോളിവുഡ് താരം സോനാക്ഷി
മുംബൈയിലെ റിയൽ എസ്റ്റേറ്റ് വിപണിയിലുണ്ടായ വളർച്ചയിൽ കനത്ത ലാഭം ഉണ്ടാക്കുകയാണ് ഭൂമിയും വസ്ത്തുക്കളും കൈവശമുള്ളവർ. വർഷങ്ങൾക്കു മുൻപ് ഭൂമി വാങ്ങിയവർക്ക് ഇരട്ടി ലാഭമാണ് മുബൈയിലെ റിയൽ എസ്റ്റേറ്റ് വിപണി ഓഫർ ചെയ്യുന്നത്. ഈ സാധ്യതയെ പ്രയോജനപ്പെടുത്തുകയാണ് നഗരത്തിലെ സെലിബ്രിറ്റികൾ ഉൾപ്പടെയുള്ളവർ. അത്തരത്തിൽ ബാന്ദ്ര വെസ്റ്റ് മേഖലയിലെ തന്റെ വീട് വിറ്റതിലൂടെ ബോളിവുഡ് താരമായ സോനാക്ഷി സിൻഹ നേടിയത് 61 ശതമാനം ലാഭമാണ്. 2020 ൽ 14 കോടി രൂപക്ക് സ്വന്തമാക്കിയ സൊനാക്ഷിയുടെ അപാർട്മെന്റിന്റെ ഇപ്പോഴത്തെ മതിപ്പ് വില 22.5 കോടി രൂപയാണ് . എം ജെ ഷാ ഗ്രൂപ്പ് നിർമ്മിച്ച 81 ഒറിയേറ്റ് എന്ന പ്രീമിയം റെസിഡൻഷ്യൽ ടവറിലെ 16 ആം നിലയിലാണ് സോനാക്ഷിയുടെ അപ്പാർട്മെന്റുള്ളത്. നാല് ബെഡ് റൂമുകളും ഹാളും അടുക്കളയുമുള്ള അപാർട്മെന്റ് വാങ്ങിയ ശേഷം സോനാക്ഷി നവീകരിച്ചിരുന്നു. കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന അപ്പാർട്മെന്റിൽ വോക് ഇൻ വാർഡ്രോബ് , വർക്ക്ഔട്ട് സ്പേസ്, ആർട്ട് വർക്കുകൾ പ്രദർശിപ്പിക്കാനുള്ള പ്രത്യേക ഇടങ്ങൾ എന്നിവയുമുണ്ട്.
കഴിഞ്ഞ വർഷം സോനാക്ഷിയും സഹീർ ഇക്‌ബാലും തമ്മിലുള്ള വിവാഹം നടന്നത് ഇതേ അപ്പാർട്മെന്റിൽ വെച്ചായിരുന്നു. വിവാഹത്തിന് മുൻപ് മാതാപിതാക്കൾക്കൊപ്പം താമസിച്ച സോനാക്ഷി തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുള്ള സമയങ്ങളിൽ ചെലവഴിക്കാൻ വേണ്ടിയാണ് ഈ അപ്പാർട്മെന്റിലേക്കെത്തിയിരുന്നത്.