പതിവ് രീതികൾക്ക് മാറ്റം, പൂജയ്ക്ക് വേണ്ടി വ്രതമെടുത്ത് നയൻ‌താര

Update: 2025-03-06 11:59 GMT

പതിവു രീതികൾ തെറ്റിച്ച് സിനിമയുടെ പൂജാ ചടങ്ങിൽ നയൻതാര പങ്കെടുത്തു. താരം കേന്ദ്രവേഷത്തിലെത്തുന്ന ബിഗ് ബഡ്ജെറ്റ് ചിത്രം മൂക്കുത്തി അമ്മന്റെ രണ്ടാം ഭാഗത്തിന്റെ പൂജ ചടങ്ങിലാണ് നയൻ‌താര പങ്കെടുത്തത്. കഴിഞ്ഞ ഒരു മാസമായി ചിത്രത്തിൻറെ പൂജയ്ക്കായി നയൻതാര വ്രതത്തിലായിരുന്നു എന്നാണ് പൂജ ചടങ്ങിൽ ചിത്രത്തിൻറെ നിർമ്മാതാവ് വെളിപ്പെടുത്തിയത്. നയൻതാരക്കൊപ്പം അവരുടെ മക്കളും വീട്ടിലുള്ള മറ്റുള്ളവരും വ്രതമെടുത്തെന്ന് നിർമ്മാതാവ് വെളിപ്പെടുത്തുന്നു.

100 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് സുന്ദർ സി ആണ്. റെജീന കസാൻഡ്ര, മീന, അഭിനയ, യോഗി ബാബു, കൂൾ സുരേഷ്, ഉർവശി, ദുനിയ വിജയ്, രാമചന്ദ്ര രാജു, അജയ് ഘോഷ്, സിങ്കം പുലി, വിച്ചു വിശ്വനാഥ്, ഇനിയ, മൈന നന്ദിനി എന്നിവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു മാസം കൊണ്ടാണ് സുന്ദർ സി. സിനിമയുട തിരക്കഥ പൂർത്തിയാക്കിയതെന്നും 100 കോടി ബജറ്റിലാകും സിനിമ ഒരുങ്ങുന്നതെന്നും നിർമാതാവ് വ്യക്തമാക്കി.

വേൽസ് ഫിലിം ഇന്റർനാഷണൽ ലിമിറ്റഡും ഐവി എൻ്റർടൈൻമെന്റും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ചെന്നൈ പ്രസാദ് സ്‌റ്റുഡിയോയിൽ നടന്നു. വളരെ ഗംഭീരമായാണ് ചിത്രത്തിൻറെ പൂജ ചടങ്ങുകൾ നടന്നത്. ഒരു കോടി രൂപയുടെ മുകളിൽ മുതൽ മുടക്കിയാണ് പൂജ ചടങ്ങുൾക്ക് വേണ്ട സെറ്റിട്ടത്.

അവ്നി സിനിമാക്സ് (പ്രൈ) ലിമിറ്റഡും റൗഡി പിക്ചേഴ്സും ചേർന്ന് സഹ നിർമാണം നിർവഹിക്കുന്ന ചിത്രം സുന്ദർ സിയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്. 2020ൽ നയൻതാരയെ നായികയാക്കി ആർജെ ബാലാജി രചനയും സംവിധാനവും നിർവ്വഹിച്ച മൂക്കുത്തി അമ്മന്റെ രണ്ടാം ഭാഗമായാണ് ചിത്രം എത്തുന്നത്.

Tags:    

Similar News