ചിത്രം ഇത്രയും വലിയ ഹിറ്റാകുമെന്ന് കരുതിയില്ല : വിജയ് സേതുപതി

Update: 2025-05-29 05:41 GMT

തമിഴിലെ മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്നാണ് വിജയ് സേതുപതി തൃഷ കൂട്ടുകെട്ടിൽ പിറന്ന ' 96'. പറയാൻ കഴിയാതെ പോയ സ്കൂൾ പ്രണയം ഒരു വിങ്ങലായ് കൊണ്ട് നടക്കുന്നവർക്കും അല്ലാത്തവർക്കും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ചിത്രത്തിലെ റാമും ജാനുവും. വർഷങ്ങൾക്ക് ശേഷമുള്ള സൗഹൃദങ്ങളുടെ കൂടിച്ചേരലും അതിമനോഹരമായി തന്നെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.

ഇപ്പോഴിതാ 96 എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് വിജയ് സേതുപതി. സംവിധായകൻ പ്രേം കുമാർ എഴുതിയ സ്ക്രിപ്റ്റ് വായിച്ചാൽ തന്നെ 96 എത്ര ഭംഗിയുള്ളതാണെന്ന് മനസിലാകുമെന്നും അത്രയും ഡീറ്റെയിൽ ആയാണ് അദ്ദേഹം എഴുതാറുള്ളതെന്നും വിജയ് സേതുപതി പറയുന്നു.

ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ സിനിമ ഓടുമോ ഇല്ലയോ എന്ന സംശയം ഇല്ലായിരുന്നുവെന്നും എന്നാൽ ഇത്രയും ഹിറ്റാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.

'മെയ്യഴകൻ മികച്ച ചിത്രമാണെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ. അതുപോലെതന്നെയാണ് 96 എന്ന സിനിമയും. പ്രേം കുമാർ സാർ എഴുതിയത് വായിച്ചാൽ ആ സിനിമകൾ എത്ര മനോഹരമാണെന്ന് എല്ലാവർക്കും മനസിലാകും.

എല്ലാം അത്രയും ഭംഗിയിൽ, മനസിലാകുന്ന രീതിയിൽ എഴുതിയിട്ടുണ്ടാകും.

വായിക്കുമ്പോൾ തന്നെ ഏതൊക്കെ സീൻ എങ്ങനെയാണ് പോകുന്നതെന്ന് വ്യക്തമായി നമുക്ക് കാണാൻ കഴിയും. 'പിസ്സ' എന്ന സിനിമയുടെ സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ എനിക്ക് ആ സിനിമ ഹിറ്റാകുമെന്ന് മനസിലായിരുന്നു.

അതുപോലത്തെന്നെയാണ് 96 എന്ന ചിത്രവും. ആ ചിത്രം ഓടുമോ ഇല്ലയോ എന്നൊരു സംശയം പോലും ഉണ്ടായിരുന്നില്ല. ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു. എന്നാൽ ഇത്രയും വലിയ ഹിറ്റാകുമെന്ന് ഞാൻ സ്വപ്‌നത്തിൽ പോലും വിചാരിച്ചിട്ടില്ലായിരുന്നു,' വിജയ് സേതുപതി പറയുന്നു.

Tags:    

Similar News