ഡീയസ് ഈറേ’: പ്രണവ് മോഹൻലാൽ നായകനാകുന്ന രാഹുൽ സദാശിവൻ ചിത്രം
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ ഴോണറിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലി തുടരുകയാണ് നിർമ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. തങ്ങളുടെ രണ്ടാം ചിത്രത്തിന്റെ പേര് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് പുറത്തുവിട്ടിരിക്കുന്നു. ‘ഡീയസ് ഈറേ’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർമ്മിക്കുന്നത് ഭ്രമയുഗം ഒരുക്കിയ രാഹുൽ സദാശിവൻ തന്നെയാണ് . പ്രണവ് മോഹൻലാൽ ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നു.
'ഭ്രമയുഗ'ത്തിന് പിന്നിൽ പ്രവർത്തിച്ച അതേ ക്രിയേറ്റീവ് ടീം തന്നെയാണ് ‘ഡീയസ് ഈറേ’യുടെയും അണിയറയിൽ. 2025 ഏപ്രിൽ 29-ന് ചിത്രീകരണം പൂർത്തിയായ ഈ സിനിമ നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്.
"ഭ്രമയുഗത്തിലൂടെ, ഇന്ത്യൻ ഹൊറർ ത്രില്ലറുകൾക്ക് ആഗോളതലത്തിൽ നേടാൻ കഴിയുന്ന ശ്രദ്ധ കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചു. ‘ഡീയസ് ഈറേ’ ഈ മുന്നേറ്റത്തിന്റെ അടുത്ത പടിയാണ്. പ്രണവ് മോഹൻലാൽ ഈ ഴോണറിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ പോവുകയാണ്. പുതിയ തലമുറയുമായി ആഴത്തിൽ ബന്ധിപ്പിക്കുന്ന തീർത്തും വ്യത്യസ്തവും വൈകാരികവുമായ ലോകമാണ് ‘ഡീയസ് ഈറേ’യിൽ അവതരിപ്പിക്കുന്നത്. ഇതൊരു ഹൊറർ-ത്രില്ലർ സിനിമയായിരിക്കുമ്പോൾ തന്നെ, ഇതിന്റെ കഥപറച്ചിൽ രീതിയിലും മറ്റും വലിയ മാറ്റങ്ങളുണ്ടാകും," - ചിത്രം പുതിയ ഒരു ദൃശ്യാനുഭവം സമ്മാനിക്കും എന്ന് സൂചിപ്പിച്ചുകൊണ്ട് അണിയറ പ്രവർത്തകർ പറയുന്നു.
‘ഡീയസ് ഈറേ ’യുടെ പ്ലോട്ട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിൻ്റെ ദിനം എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈൻ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്ത ആഴ്ച പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം അവസാനത്തോടെ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.
ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. DOP: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷാഫിഖ് മുഹമ്മദ് അലി
പിആർഒ: ശബരി,