രാതി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ദോഷം, 6.30 ക്ക് ശേഷം വിശക്കുമ്പോൾ കഴിക്കുന്ന സാലഡിന്റെ കൂട്ട് പങ്കുവച്ച് അക്ഷയ് കുമാർ
പലപ്പോഴും താരങ്ങളുടെ അഭിനയത്തിനൊപ്പം പ്രേക്ഷകരെ ഏറെ അതിശയിപ്പിക്കാറുള്ളതാണ് അവരുടെ ഫിറ്റ്നസ്. അറുപതിനോട് അടുക്കുമ്പോഴും അറുപത് പിന്നിട്ടിട്ടും ഇപ്പോഴും അവിശ്വസനീയമാം വിധം ചെറുപ്പം നിലനിർത്തുന്നവരാണ് പലരും. അതിലൊരാളാണ് ബോളിവുഡ് തരാം അക്ഷയ് കുമാർ. 57 ആം വയസിലും കൃത്യമായ ഡയറ്റും ഭക്ഷണ ശീലവും ആണ് ചെറുപ്പം നില നിർത്താൻ അദ്ദേഹത്തെ സഹായിക്കുന്നത്. ഇപ്പൊ തന്റെ ഭക്ഷണശീലത്തെക്കുറിച്ച് ഒരു അഭിമുഖത്തിലൂടെ തുറന്ന് സംസാരിച്ചിരിക്കുകയാണ് അക്ഷയ് കുമാർ.
'രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോൾ അത് ശരീരത്തിന് വളരേയധികം ദോഷം ചെയ്യും. രാത്രി 10 മണിക്കോ 11 മണിക്കോ ശേഷം ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ അത് ദഹിക്കാൻ ശരീരം മൂന്ന് മുതൽ നാല് മണിക്കൂർ വരെ എടുക്കും. ആ സമയത്ത് നിങ്ങളുടെ ദഹനേന്ദ്രിയം ഒഴികെ ശരീരത്തിലെ മറ്റെല്ലാ ഭാഗങ്ങളും വിശ്രമത്തിലായിരിക്കും. ദഹനേന്ദ്രിയം മാത്രം പ്രവർത്തിച്ചുകൊണ്ടിരിക്കും.'-അക്ഷയ് കുമാർ പറയുന്നു.
'ഒരു പാത്രത്തിൽ മുളപ്പിച്ച ചെറുപയർ, ഒരു കപ്പ് ചെറുതായി അരിഞ്ഞ ഉള്ളി, തക്കാളി, വെള്ളരി എന്നിവ ചേർക്കുക. ഇതിലേക്ക് ഒരുപിടി വേവിച്ച ചോളം, ഒരു ചെറിയ കപ്പ് മാതളനാരങ്ങ, അര കപ്പ് അരിഞ്ഞ പച്ച മാങ്ങ, നിലക്കടല എന്നിവയും ചേർക്കുക. മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ കുരുമുളക് പൊടി, ബ്ലാക്ക് സാൾട്ട്, ജീരകപ്പൊടി, ഒരു സ്പൂൺ ഒലീവ് ഓയിൽ, ഒരു പിടി മല്ലിയില, പുതിനയില എന്നിവ ചേർത്ത് നാരങ്ങ പിഴിഞ്ഞ് നന്നായി യോജിപ്പിക്കുക. ഈ മസാലക്കൂട്ട് അരിഞ്ഞ പച്ചക്കറികളിലേക്ക് ചേർത്ത് നന്നായി ഇളക്കിയശേഷം കഴിക്കുക.'- എന്നാണ് വൈകുന്നേരം 6.30ന് ശേഷം വിശപ്പ് തോന്നിയാൽ താനുണ്ടാക്കുന്ന മുളപ്പിച്ച പയർ കൊണ്ടുള്ള സാലഡിനെ കുറിച്ചുള്ള പാചക കുറിപ്പും അക്ഷയ് കുമാർ പങ്കു വച്ചു.