ഉറ്റ സുഹൃത്തുക്കളിൽ നിന്നും ജീവിത പങ്കാളികളിലേക്ക് ആര്യയും സിബിനും വിവാഹിതരാകുന്നു

Update: 2025-05-16 11:11 GMT

സിനിമാ സീരിയൽ ആർട്ടിസ്റ്റും അവതാരകയുമായ ആര്യയും ബിഗ് ബോസ് താരം സിബിനും വിവാഹിതരാകുന്നു. ആര്യ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സിബിനോട് തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ച് തുറന്നുകാട്ടുന്നതാണ് ആര്യ സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച നീണ്ട കുറിപ്പ്.തന്റെ ജീവിതത്തിലെ മുൻകൂട്ടി പ്ലാൻ ചെയ്യാത്ത നല്ല കാര്യമാണ് സിബിനുമായുള്ള വിവാഹമെന്നാണ് ആര്യ കുറിച്ചത്.

ഉറ്റസുഹൃത്തുക്കളിൽ നിന്നും ജീവിത പങ്കാളികളിലേക്ക്...ലളിതമായ ഒരു ചോദ്യത്തിലൂടെയും എന്റെ ഇതുവരെയുള്ള ജീവിതത്തിൽ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗത്തിൽ ഉള്ള തീരുമാനം. ജീവിതം അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിൽ നിൽക്കുകയാണ്. എന്റെ ജീവിതത്തിൽ പ്ലാനിങ് ചെയ്യാത്ത ഏറ്റവും നല്ല കാര്യമാണ് ഇതെന്ന് നിസ്സംശയം പറയാം. എല്ലാ സമയത്തും ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. നല്ല കാലത്തും ചീത്തകാലത്തും.എന്നാൽ ജീവിതകാലം മുഴുവനും ഒരുമിച്ചായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് ഏറ്റവും വലിയ പിന്തുണ നൽകിയതിലും, എല്ലാ പ്രശ്നങ്ങളിലും സമാധാനം നൽകിയതിനും സമാധാനത്തോടെ എനിക്ക് ചാരാനുള്ള തോളായതിനും നമ്മുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിനും നന്ദി. എന്റെയും ഖുഷിയുടെയും ഏറ്റവും നല്ല സുഹൃത്തായതിനും ഞങ്ങളുടെ കുടുംബത്തിന് ശക്തിയായതിനും നന്ദി.

ഒടുവിൽ ഞാൻ പൂർണ്ണത അനുഭവിക്കുകയാണ്. എന്റെ മനസ്സ് സന്തോഷം കണ്ടെത്തി.നിന്റെ കൈക്കുള്ളിൽ ഞാൻ എന്റെ വീട് കണ്ടെത്തി. എന്റെ ശരിയായ സമയത്ത് ശരിയായ വ്യക്തിയെ കണ്ടുമുട്ടി.ഖുഷിയുടെ പ്രിയപ്പെട്ട വ്യക്തിയെ കണ്ടു മുട്ടി. അവളിപ്പോൾ ഡാഡി എന്നാണ് വിളിക്കുന്നത്. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കുന്നു. എന്റെ കുറവുകളും പൂർണ്ണതയും മനസിലാക്കി നിങ്ങളുടേതാക്കിയതിന് നന്ദി. എന്തൊക്കെ വന്നാലും എന്റെ അവസാന ശ്വാസം വരെ ഞാൻ നിന്നെ മുറുകെ പിടിക്കും. അതെന്റെ ഉറപ്പാണ്' എന്നാണ് ആര്യയുടെ കുറിപ്പ്.

സിബിനും ഇതേകാര്യം വ്യക്തമാക്കി. യഥാർത്ഥത്തിൽ താനെന്താണെന്ന് മനസ്സിലാക്കിയതും പോരായ്മകളെ സ്വീകരിച്ചതും ആര്യയാണെന്നാണ് സിബിൻ കുറിച്ചത്. അതിനാലാണ് ഈ തീരുമാനം വളരെ എളുപ്പം എടുത്തതെന്നാണ് സിബിൻ പറഞ്ഞത്. ജീവിതത്തിൽ പല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും കൂടെ നിന്നത് ആര്യ ആണെന്നും സിബിൻ പറഞ്ഞു.

ഏഷ്യാനെറ്റിലെ സ്റ്റാർട്ട് മ്യൂസിക് എന്ന പരിപാടിയിൽ ഇരുവരും ഒന്നിച്ച് ജോലി ചെയ്തിരുന്നു. അന്നുമുതൽ തന്നെ ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരുന്നു.

Tags:    

Similar News