'ഛോട്ടാ മുംബൈ എന്ന് ടൈറ്റിലില്‍ നല്ല മിഠായി കളറില്‍ എഴുതാം' ടൈറ്റിലിന് പിന്നിലെ കഥ പറഞ്ഞ് ബെന്നി പി നായരമ്പലം
റീ റിലീസിനെത്തി വമ്പൻ കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ നായകനായ ‘ഛോട്ടാ മുംബൈ'. പേര് കേൾക്കുമ്പോ ഒരു ചെറിയ അധോലക ചിത്രമാണെന്ന് തോന്നുമെങ്കിലും ചിത്രം ഒരു കിടിലൻ കോമഡി എന്റെർറ്റൈനെർ ആണ്. ചിത്രത്തിൻറെ ടൈറ്റിൽ എഴുതിയിരിക്കുന്നതിൽ നിന്നും അതെഴുതി കാണിക്കുമ്പോഴുണ്ടാകുന്ന ബിജിഎമ്മിൽ നിന്നും അത് വ്യക്തമാണ്. ഇപ്പോഴിതാ ആ ടൈറ്റിൽ ഒഴിവാക്കാനായി താൻ ആവശ്യപ്പെട്ടതിനെക്കുറിച്ച് തുറന്ന് പറയുകയാണ് ചിത്രത്തിൻറെ തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലം. എന്നാൽ സംവിധായകനായ അൻവർ റഷീദ് ആ പേരിൽ തന്നെ ഉറച്ച് നിന്നെന്നും ആ ടൈറ്റിൽ നല്ല മിഠായി കളറില്‍ എഴുതാം എന്ന് പറഞ്ഞാണ് തന്നെ സമ്മതിപ്പിച്ചതെന്നും ബെന്നി പി നായരമ്പലം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് സംസാരിച്ചത്.
‘ഛോട്ടാ മുംബൈ എന്ന ടൈറ്റില്‍ അന്‍വറിന്റെ മനസില്‍ തുടക്കം മുതല്‍ക്കേ ഉണ്ടായിരുന്നു. ഈ കഥാപാത്രത്തെ കുറിച്ചും സന്ദര്‍ഭത്തെ കുറിച്ചും അന്‍വര്‍ ഞങ്ങളോട് ഡിസ്‌ക്കസ് ചെയ്യുമ്പോള്‍ തന്നെ ആ പേര് പറഞ്ഞിരുന്നു.
സത്യത്തില്‍ ഞാന്‍ ഛോട്ടാ മുംബൈ എന്ന പേരിനെ എതിര്‍ത്തിരുന്നു. ലാലേട്ടന്റെ പടം, ഛോട്ടാ മുംബൈ എന്ന പേര്. സിനിമ പറയുന്നത് ഒരു കോമഡി രീതിയിലാണ്. ലാലേട്ടന്‍ വരുന്നത് കുസൃതി നിറഞ്ഞ തമാശ കഥാപാത്രം പോലെയാണ്.
നരസിംഹവും ദേവാസുരവുമൊക്കെ കഴിഞ്ഞിട്ടാണ് ലാലേട്ടന്‍ നില്‍ക്കുന്നത്. അത്രയും ഹൈപ്പ് നിറഞ്ഞ ഇമേജിലാണ് ലാലേട്ടന്‍ അപ്പോഴുള്ളത്. അതുകൊണ്ട് ഛോട്ടാ മുംബൈ എന്നും ലാലേട്ടനെന്നും കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് വേറെ പ്രതീക്ഷ വരും.
അവര് പ്രതീക്ഷിച്ചത് കിട്ടിയില്ലെങ്കില്‍ പിന്നെ അതിലൂടെ നമുക്ക് പണി കിട്ടും. ഞാന്‍ ഈ കാര്യങ്ങളൊക്കെ അന്‍വറിനോട് പറഞ്ഞിരുന്നു. അതിന് അന്‍വര്‍ പറഞ്ഞത് ‘ഛോട്ടാ മുംബൈ എന്ന് ടൈറ്റിലില്‍ നല്ല മിഠായി കളറില്‍ എഴുതാം’ എന്നായിരുന്നു.
ഭീകരപരിപാടി അല്ലെന്ന് അത് കണ്ടാല്‍ മനസിലാകുമെന്നും അന്‍വര്‍ പറഞ്ഞു. അങ്ങനെ ഡിസൈന്‍ ചെയ്താല്‍ ഒരു കളര്‍ഫുള്‍ പടമാണെന്ന് ആളുകള്‍ക്ക് മനസിലാകുമല്ലോ. എന്തൊക്കെ പറഞ്ഞിട്ടും എനിക്ക് പേടി ഉണ്ടായിരുന്നു. പക്ഷെ അന്‍വറിന് നല്ല കോണ്‍ഫിഡന്‍സ് ആയിരുന്നു.
നമുക്ക് വാസ്‌കോ എന്നോ വാസ്‌കോ ഡ ഗാമ എന്നോ ഇടാമെന്ന് ഞാന്‍ പറഞ്ഞതാണ്. അത്തരത്തിലുള്ള പല പേരുകള്‍ ഞാന്‍ പറഞ്ഞു കൊടുത്തിരുന്നു. പക്ഷെ അന്‍വര്‍ കുഴമില്ലെന്നും പറഞ്ഞ് ഈ പേരില്‍ തന്നെ പിടിച്ചു നിന്നു. അവസാനം ടൈറ്റിലിന്റെ ഡിസൈന്‍ കണ്ടപ്പോള്‍ കുഴപ്പമുണ്ടാകില്ല എന്ന് എനിക്കും തോന്നി,’ ബെന്നി പി. നായരമ്പലം പറഞ്ഞു.
അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഛോട്ടാ മുംബൈ. മോഹന്‍ലാല്‍ നായകനായ ഈ ചിത്രം അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ എത്തുന്ന രണ്ടാമത്തെ സിനിമയായിരുന്നു.
ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഛോട്ടാ മുംബൈ നിര്‍മിച്ചത് മണിയന്‍പിള്ള രാജുവായിരുന്നു. മോഹന്‍ലാലിന് പുറമെ ഭാവന, സായ് കുമാര്‍, സിദ്ദിഖ്, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, രാജന്‍ പി. ദേവ്, മണിക്കുട്ടന്‍ തുടങ്ങി വലിയ താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്.