'ഇഷ്കിലെ ആ സീൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല' : തമിഴ് സംവിധായകൻ ചേരൻ

Update: 2025-06-01 09:53 GMT

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത‌ നരിവേട്ട മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ മുന്നേറുകയാണ്. തമിഴിലെ പ്രമുഖ സംവിധായകനായ ചേരനും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അദ്ദേഹത്തിൻ്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനായ അനുരാജ് മനോഹറിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ചേരൻ.

അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും തന്നെ ആരും മലയാള സിനിമയിലേക്ക് വിളിച്ചില്ലെന്നും അനുരാജ് മനോഹർ മികച്ച സംവിധായകനാണെന്നും ചേരൻ പറയുന്നു. അനുരാജിന്റെ ഇഷ്‌ക് എന്ന സിനിമ കണ്ടിട്ടുണ്ടെന്നും സിനിമയിൽ വില്ലനെ അടിക്കുന്ന സീനുകൾ പ്രേക്ഷകന് ആത്മസംതൃപ്‌തി നൽകുന്നതാണെന്നും ചേരൻ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചേരൻ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

'മലയാള സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പണ്ടുമുതലേ ഉണ്ടായിരുന്നു. സമുദ്രക്കനിയും ശശികുമാറും മലയാളത്തിൽ എത്തിയപ്പോഴും എന്നെ ആരും വിളിച്ചില്ല. പക്ഷെ ഓട്ടോഗ്രാഫ് എന്ന സിനിമയുടെ നല്ലൊരു ഭാഗം ചിത്രീകരണം നടന്നത് കേരളത്തിൽ ആയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് മലയാളത്തിലെ ഒരു സംവിധായകൻ അദ്ദേഹത്തിന്റെ സിനിമയിലേക്ക് എന്നെ ക്ഷണിച്ചത്. ആരാണ് എന്ന് അന്വേഷിച്ചപ്പോൾ അനുരാജ് മനോഹർ.

അയാളുടെ ആദ്യ സിനിമ ഇഷ്‌ക് ഞാൻ കണ്ടിട്ടുണ്ട്. ഇതുവരെയുള്ള സിനിമകളിൽ വെച്ച് മറ്റൊരു ട്രീറ്റ്മെന്റ്റ് ആയിരുന്നു അത്. ആ സിനിമയിൽ കഥ പോകുന്ന രീതിയും കഥാപാത്രങ്ങളും നന്മളെ പിടിച്ചിരുത്തുണ്ട്. അതിൽ തന്നെ വില്ലനെ തയ്യൽ മെഷീൻ എടുത്ത് അടിക്കുന്ന സീൻ നമുക്ക് സംതൃപ്തി തരുന്നുണ്ട്. ഇപ്പോഴത്തെ സിനിമയിൽ നായകനെ കാണിക്കുമ്പോൾ അയാൾ ആക്ഷൻ സീൻ ചെയ്യുമെന്ന് നമുക്ക് തോന്നും. എന്നാൽ ഇഷ്കിലെ ആ സീൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതിലെ എഡിറ്റിങ്ങും നന്നായിരുന്നു. നായികയും നായകനും ഒന്നിച്ചിരുന്നേൽ നമുക്ക് ഒന്നും തോന്നിലായിരുന്നു. എന്നാൽ നായകന്റെ ആണത്തത്തിന് ഏറ്റ അടിയായിരുന്നു നായികയുടെ ഡയലോഗ്. ഗംഭീര സിനിമയായിരുന്നു അത്' ചേരൻ പറഞ്ഞു.

Tags:    

Similar News