'മാലിദ്വീപിൽ വന്നതിന് ശേഷം പ്രണയം തോന്നി':- യാത്ര അനുഭവങ്ങൾ പങ്ക് വച്ച് അനുമോൾ
വ്യത്യസ്തങ്ങളായ വേഷങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയാണ് അനുമോൾ. അഭിനയത്തിന് പുറമെ ധാരാളവുമായി യാത്രകളെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് അനുമോൾ. ഇപ്പോഴിതാ തന്റെ മാലിദ്വീപ് യാത്രയിലെ അനുഭവങ്ങൾ പങ്ക് വക്കുകയാണ് താരം. മാലിദ്വീപിൽ എത്തിയ തനിക്ക് കടലിനോട് പ്രണയം തോന്നി എന്നാണ് താരം പറയുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ യാത്ര അനുഭവങ്ങളെ കുറിച്ച് താരം തുറന്ന് പറഞ്ഞത്.
പലപ്പോഴും മനുഷ്യൻ മാനസിക സമ്മർദ്ദങ്ങളെ മറികടന്ന് മനസ് ശാന്തമാക്കാൻ പ്രകൃതിയെ ആശ്രയിക്കാറുണ്ട്. സൂര്യാസ്തമയവും സൂര്യോദയവുമെല്ലാം പലർക്കും ഒരു തെറാപ്പി പോലെയാണ്. കടൽ തീരത്ത് പോയി കുറച്ച് നേരം വെറുതെ ഇരിക്കുവാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. എന്നാൽ അനുമോൾ അത്തരത്തിൽ കടലിനെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയല്ല. എന്നാൽ മാലിദ്വീപിൽ വന്നതിന് ശേഷം കടലിനോട് പ്രണയം തോന്നിയെന്നാണ് താരം പറയുന്നത്. 'എസി റൂമിൽ ഇരുന്ന് ബീച്ച് കാണുക അല്ലെങ്കിൽ രാത്രി നല്ല തണുപ്പത്ത് നിലാവുള്ള സമയം കടൽ കണ്ടിരിക്കുക ഇതൊക്കെയാണ് എനിക്കിഷ്ടം. പക്ഷേ മാൽഡീവ്‌സിൽ വന്നതിന് ശേഷം എല്ലാം മാറി. ഇവിടെ വന്നപ്പോഴാണ് ബീച്ചിനോട് പ്രണയം തോന്നിയത്. വാട്ടർ വില്ലയിലായിരുന്നു താമസമൊക്കെ. അപ്പോൾ റൂമിലിരിക്കുമ്പോൾ പല കളറിൽ രൂപത്തിൽ ഒക്കെയുള്ള ഭംഗിയുള്ള മീനുകളൊക്കെ വരുന്നിണ്ടാകും. അയ്യോ അതൊന്നും പറഞ്ഞറിയിക്കാനാവില്ല, കണ്ട് തന്നെ അറിയണം.' എന്നാണ് അനുമോളുടെ വാക്കുകൾ. മാലിദ്വീപ് നമുക്ക് വളരെ അടുത്താണെന്നും വളരെ മനോഹരമാണെന്നും അനുമോൾ പറയുന്നു.