'18 വയസാകുന്നത് വരെ അവർ കുട്ടികളാണ്. അവർ സിനിമാ മേഖല തിരഞ്ഞെടുക്കുന്നില്ലെങ്കിൽ അവരുടെ ചിത്രങ്ങൾ പകർത്തുന്നത് എന്തിനാണ്' മക്കളുടെ സ്വാതന്ത്ര്യങ്ങൾക്ക് മേൽ കടന്ന് കയറുന്ന മാധ്യമങ്ങളെ വിമർശിച്ച് കജോൾ
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ബോളിവുഡ് താര ദമ്പതികളാണ് കജോളും അജയ് ദേവ്ഗണ്ണും. ഇരുവർക്കും നൈസയെന്നും യുഗ് എന്നും പേരുള്ള രണ്ട് മക്കളാണുള്ളത്. താര ദമ്പതികളുടെ മകളായതുകൊണ്ട് നൈസ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറയുകയാണ് കജോൾ. 18 വയസ്സാകാത്തിടത്തോളം അവർ കുട്ടികളാണെന്നും എന്നാൽ നിരന്തരം പാപ്പരാസികൾ അവളെ പിന്തുടരുകയാണെന്നും കജോൾ പറയുന്നു. കൂട്ടുകാർക്കൊപ്പം പുറത്തു പോകാൻ അവൾക്ക് കഴിയുന്നില്ലെന്നും പുറത്ത് പോകുമ്പോഴെല്ലാം സുരക്ഷാ ജീവനക്കാരെ വിടേണ്ട അവസ്ഥയാണെന്നും കജോൾ പറയുന്നു.
സ്വിറ്റ്സർലൻഡിൽ പഠിക്കുകയും അവിടെ ജീവിക്കുകയും ചെയ്ത മകൾക്ക് ഇന്ത്യയിലെ പൊതുകാഴ്ച്ചപ്പാടുകൾ മൂലമുണ്ടായ ബുദ്ധിമുട്ടുകൾ ധാരാളമാണെന്നാണ് കജോൾ പറയുന്നത്. 'അവൾ വ്യത്യസ്‌തമായൊരു ലോകം കണ്ടിട്ടുണ്ട്. അവൾ ഇന്ത്യയിലേക്ക് വന്നാൽ ഇത് സ്വിറ്റ്സർലൻഡ് അല്ല, ഇന്ത്യയാണെന്ന് അവളെ ഞാൻ ഓർമിപ്പിച്ചു കൊണ്ടിരിക്കും. നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ധരിച്ച് ഇവിടെ പുറത്തുപോകാൻ കഴിയില്ല. വസ്ത്രത്തെ കുറിച്ചും ചുറ്റുമുള്ള ആളുകളെ കുറിച്ചും ശ്രദ്ധിക്കണമെന്ന് അവളോട് പറയും."-ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കജോൾ പറയുന്നു.
ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അനീതിയായി തോന്നിയിട്ടുണ്ടെന്നും അവർ പറയുന്നു. പ്രത്യേകിച്ച് തൻ്റെ 14 വയസ്സുള്ള മകൻ യുഗ് ദേവ്ഗൻ തികച്ചും വ്യത്യസ്തമായാണ് പരിഗണിക്കപ്പെടുന്നത്. 'ജിമ്മിലേക്ക് പോകുകയാണെങ്കിലും അല്ലെങ്കിലും അവൻ ഒരു ടീ-ഷർട്ടും ഷോർട്ട്സും ഇടുന്നു. രണ്ടാമതൊന്ന് ചിന്തിക്കുന്നില്ല. പ്രകടമായ ലിംഗപരമായ വ്യത്യാസം ഇവിടെയുണ്ട്. സമൂഹത്തെ ഒറ്റ രാത്രികൊണ്ട് നമുക്ക് മാറ്റാൻ കഴിയില്ല. ആളുകൾ എങ്ങനെ ചിന്തിക്കുന്നു എന്നതിനേയും മാറ്റാനാകില്ല. റോമിൽ ആയിരിക്കുമ്പോൾ റോമക്കാരെപ്പോലെ ജീവിക്കുക. നിങ്ങൾ എവിടെയാണോ അവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെടുക എന്നതാണ് മകൾക്ക് കൊടുത്ത ഉപദേശം. നിങ്ങൾക്ക് അസ്വസ്ഥത തോന്നാതിരിക്കാൻ അത് ചെയ്യണമെന്നും അവളോട് പറഞ്ഞു." -കജോൾ പറയുന്നു.
'18 വയസാകുന്നത് വരെ അവർ കുട്ടികളാണ്. സിനിമാ മേഖല അവർ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ അവരുടെ ചിത്രങ്ങൾ പകർത്തുന്നത് എന്തിനാണ്. അവരുടെ മാതാപിതാക്കളല്ലെ സെലബ്രിറ്റികൾ. ആ ഒരു സ്വാതന്ത്ര്യം സെലബ്രിറ്റികളുടെ മക്കൾക്ക് കൊടുക്കണമെന്നും കജോൾ കൂട്ടിച്ചേർത്തു.