അമരേന്ദ്രബാഹുബലി ആയി ഇന്ദ്രൻസ്; വീഡിയോ ഏറ്റെടുത്ത് ആരാധകർ
മലയാള സിനിമയിൽ എണ്ണം പറയാനാകാത്ത ഹാസ്യ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിച്ച നടനാണ് ഇന്ദ്രൻസ്. തമാശ മാത്രമല്ല വേണമെങ്കിൽ പ്രേക്ഷകനെ ഭയപ്പെടുത്താനും കരയിക്കാനും തനിക്ക് കഴിയുമെന്ന് ഈ അടുത്ത കാലത്തായി ഇന്ദ്രൻസ് തെളിയിച്ചു കഴിഞ്ഞു. അടുത്തിടെ ഒരു പരിപാടിയിൽ ഇന്ദ്രൻസ് അഭിനയിക്കാൻ ആഗ്രഹിച്ച കഥാപാത്രം ഏതാണെന്ന ആരാധകരുടെ ചോദ്യത്തിന് ബാഹുബലി എന്ന താരം മറുപടി നൽകിയിരുന്നു.
ഇന്ദ്രൻസും കാണികളും ആ മറുപടി ഒരുപോലെ ചിരിച്ച് ആസ്വദിക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് ആരാധകർ. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് 'കനവുകഥ' എന്ന സ്ഥാപനം ഇന്ദ്രൻസിനെ ബാഹുബലിയായി അവതരിപ്പിച്ചിരിക്കുകയാണ്.
'അമരേന്ദ്രൻസബലി', 'മുതിർന്നവർ എന്തേലും ആഗ്രഹം പറഞ്ഞാൽ അതങ്ങു സാധിച്ചു കൊടുക്കണമെടാ ഉവ്വേ' , ഇന്ദ്രുബലി എന്നൊക്കെയാണ് കമൻ്റുകൾ. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലാണ്.