'കന്നഡ ഉണ്ടായത് തമിഴിൽ നിന്ന്' : കമൽഹാസന്റെ പരാമർശം വിവാദമാക്കി കർണ്ണാടകയിൽ പ്രതിഷേധം

Update: 2025-05-28 08:56 GMT

നടൻ കമൽ ഹാസനെതിരെ കർണാടകയിൽ വൻ പ്രതിഷേധം. അദ്ദേഹത്തിന്റെ പുതിയ ചിത്രം തഗ്ലൈഫിൻറെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ നടത്തിയ ഒരു പരാമർശമാണ് വിവാദങ്ങൾക്ക് വഴി വച്ചിരിക്കുന്നത്. 'നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് പിറന്നതാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ തമിഴിൽ നിന്നാണ് കന്നഡ ഉണ്ടായതെന്ന കമൽ ഹാസന്റെ പരാമർഷത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് കർണ്ണാടകയിലെ ബിജെപി സംഘടനകൾ. കന്നഡ അനുകൂല സംഘടനകൾ ബംഗളൂരുവിൽ പ്രതിഷേധിച്ചു. തഗ് ലൈഫിന്റെ സിനിമാ പോസ്റ്ററുകൾ കീറിക്കൊണ്ടായിരുന്നു പ്രതിഷേധം.സംസ്ഥാനത്ത് അദ്ദേഹത്തിന്റെറെ സിനിമ നിരോധിക്കുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകി. 'കന്നഡയ്ക്കും കന്നഡിഗർക്കുമെതിരെ സംസാരിച്ചാൽ നിങ്ങളുടെ സിനിമ നിരോധിക്കേണ്ടി വരുമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു,' കർണാടക രക്ഷണ വേദി നേതാവ് പ്രവീൺ ഷെട്ടി പറഞ്ഞു.

ചെന്നൈയിൽ നടന്ന പരിപാടിയിൽ 'എന്റെ ജീവനും എന്റെ കുടുംബവും തമിഴ് ഭാഷയാണ്' എന്നർഥം വരുന്ന 'ഉയിരേ ഉറവേ തമിഴേ' എന്ന വാക്കുകളോടെയാണ് നടൻ പ്രസംഗം ആരംഭിച്ചത്. കന്നഡ നടൻ ശിവരാജ് കുമാറും ചടങ്ങിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തെ അഭിസംബോധ ചെയ്‌തുകൊണ്ടാണ് കമൽ ഹാസൻ കന്നഡ ഭാഷയെക്കുറിച്ച് പരാമർശം നടത്തിയത്. 'എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാർ) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാൻ എന്റെ പ്രസംഗം ജീവൻ, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് പിറന്നതാണ്, അതിനാൽ നിങ്ങളും ഇതിൽ ഉൾപ്പെടുന്നു.'-എന്നായിരുന്നു കമൽ ഹാസൻന്റെ പരാമർശം. ഇതോടെ കർണാടകയിൽ കടുത്ത വിമർശനം ഉയർന്നു. സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ വിജയെന്ദ്ര യെദ്യുരപ്പ എതിർപ്പുമായി രംഗത്തെത്തി. നടൻ്റെ പെരുമാറ്റം സംസ്കാരമില്ലാത്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കമൽ ഹാസൻ കന്നഡയെ അപമാനിച്ചതായി അദ്ദേഹം ആരോഹിച്ചു. തമിഴ് ഭാഷയെ മഹത്വവത്കരിക്കാനായി നടൻ ശിവരാജ് കുമാറിനെ വേദിയിലിരുത്തി കന്നഡയെ അപമാനിച്ചത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും അങ്ങേയറ്റത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ കുറ്റപ്പെടുത്തി. കമൽ ഹാസൻ ഉടൻ കന്നഡിഗരോട് നിരുപാധികം മാപ്പ് പറയണമെന്നും അദ്ദേഹ ആവശ്യപ്പെട്ടു.

കമൽ ഹാസന്റെ 'തഗ് ലൈഫ്' ജൂൺ 5-ന് തിയേറ്ററിലെത്താനിരിക്കെയാണ് കർണാടകയിൽ പ്രതിഷേധം ഉയരുന്നത്.

37 വർഷങ്ങൾക്ക് ശേഷം മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി തഗ് ലൈഫിനുണ്ട്.

Tags:    

Similar News