ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സിനിമാ സീരിയൽ താരം വിഷ്ണുപ്രസാദ് അന്തരിച്ചു
സിനിമാ സീരിയൽ താരം വിഷ്ണുപ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കുറച്ചുനാളുകളായി താരം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. കരൾ മാറ്റ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലായിരുന്നു . കരൾ നൽകാൻ മകൾ തയ്യാറായിരുന്നു. എന്നാൽ ശസ്ത്രക്രിയക്കുള്ള ഭീമമായ തുക കണ്ടെത്താൻ സാധിക്കാത്തതിനാലാണ് അത് മാറ്റിവച്ചത്. നടൻ കിഷോർ സത്യ ഫേസ്ബുക്കിലൂടെ മരണവിവരം പുറത്തുവിടുകയായിരുന്നു. സംസ്കാരം നാളെ നടക്കും. നടന്റെ ചികിത്സയ്ക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരും എന്ന് അറിയിച്ചുകൊണ്ട് കിഷോർ സത്യ നേരത്തെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. സീരിയൽ താഹാരങ്ങളുടെ സംഘടനയായ ആത്മയിൽ നിന്നും വിഷ്ണുപ്രസാദിന് സാമ്പത്തിക സഹായം നൽകുമെന്ന് അറിയിച്ചതും കിഷോർ സത്യയാണ്. സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിലും വിഷ്ണുപ്രസാദ് അംഗമാണ്.
സിനിമ സീരിയൽ രംഗങ്ങളിൽ കൂടുതലും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് വിഷ്ണുപ്രസാദ്. റൺവേ, ബെൻ ജോൺസൺ, കയ്യെത്തും ദൂരത്ത്, മാമ്പഴക്കാലം, പതാക, ലോകനാഥൻ ഐ എ എസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ വിഷ്ണുപ്രസാദ് അവതരിപ്പിച്ചിട്ടുണ്ട്. സീരിയലുകളിലും നായകനായും പ്രതിനായകനായും താരം തിളങ്ങിയിട്ടുണ്ട്.