'ആ രംഗത്തിൽ തനിക്കൊപ്പം അഭിനയിക്കാൻ നയൻതാര വിസമ്മതിച്ചു':- യോഗി ബാബു
തമിഴിലെ മികച്ച സഹനടന്മാരിൽ ഒരാളാണ് യോഗി ബാബു. അമീര്‍ സംവിധാനം ചെയ്ത യോഗി എന്ന സിനിമയിലൂടെയാണ് ബാബു ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ 2018 ൽ പുറത്തിറങ്ങിയ കോലമാവ് കോകില എന്ന ചിത്രത്തിൽ നയന്താരക്കൊപ്പം ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തിൽ സംവിധായകന്റെ നിർദ്ദേശം അനുസരിച്ച് തനിക്കൊപ്പം അഭിനയിക്കാൻ നയൻതാര വിസമ്മതിച്ചതിനെപ്പറ്റി പറയുകയാണ് യോഗി ബാബു. യോജിബാബുവിന്റെ തുറന്ന് പറച്ചിൽ സോഷ്യൽ മീഡിയയിൽ വയറലാണ്. ആ സിനിമയില്‍ വണ്ടി ഇടിക്കുമ്പോള്‍ നയന്‍താരയുടെ കാല്‍ തന്റെ മുഖത്ത് വന്ന് ചവിട്ടുന്ന ഒരു സീന്‍ ഉണ്ടെന്നും അത് എടുക്കാന്‍ നയന്‍താര ആദ്യം തയ്യാറായില്ലെന്നും യോഗി ബാബു പറയുന്നു.
‘നയന്‍താര തീര്‍ച്ചയായും ഒരു ലേഡി സൂപ്പര്‍സ്റ്റാറാണ്. എന്നെപ്പോലുള്ള ഒരു കോമഡി നടൻ നയന്‍താരക്കൊപ്പം അഭിനയിക്കുന്നത് തന്നെ വലിയ കാര്യമാണ്. കോലമാവ് കോകില ചിത്രത്തില്‍ ഒരു കാര്‍ സ്പീഡ് ബ്രേക്കറില്‍ ഇടിക്കുകയും നയന്‍താരയുടെ കാല്‍ പാദം എന്റെ മുഖത്ത് വന്ന് ചവിട്ടുകയും ചെയ്യുന്ന ഒരു രംഗമുണ്ട്. ആ രംഗം ചെയ്യാന്‍ നയന്‍താര തയ്യാറായിരുന്നില്ല.
സംവിധായകന്‍ നെല്‍സണും എനിക്കും അതൊരു നല്ല രംഗമായിരിക്കുമെന്ന് തോന്നി. എന്നാല്‍ സീനിയര്‍ നടി ശരണ്യ മാഡവും നയന്‍താരയും ആ സീന്‍ ആവശ്യമില്ലാത്തതാണെന്ന് പറഞ്ഞുകൊണ്ടിരുന്നു. ആ സീന്‍ ഏഴോ എട്ടോ ടേക്കുകള്‍ എടുത്തു. പക്ഷേ ഒരിക്കല്‍ പോലും നയന്‍താര കാല്‍ നിലത്ത് വെച്ചില്ല. കാരണം കാല്‍ നിലത്ത് വെച്ചാല്‍ അതില്‍ പൊടിയാകുമല്ലോ. എന്റെ മുഖത്ത് ഒരു പൊടി പോലും ആകാതിരിക്കാന്‍ അത്രയേറെ ശ്രദ്ധിച്ചു. കാലില്‍ വാസ്ലിന്‍ എല്ലാം പുരട്ടി നിലത്ത് ചവിട്ടാതെ വൃത്തിയായിത്തന്നെ വെച്ചു. മറ്റൊരാളെ കുറിച്ച് അത്രയും ചിന്തിക്കുന്ന നടിയാണ് അവര്‍.’- യോഗി ബാബുവിന്റെ വാക്കുകൾ