ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് മോഹൻലാലും മമ്മൂട്ടിയും
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' ഇന്ത്യ വിജയകരമായി നടപ്പാക്കി. സംഭവത്തിൽ ഇന്ത്യൻ സൈന്യത്തിന് വലിയ പിന്തുണയാണ് രാജ്യത്തെ ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. ആ കൂട്ടത്തിൽ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉണ്ട്. യഥാർഥ നായകരെ സല്യൂട്ട് ചെയ്യുന്നുവെന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യം നമ്മുടെ അഭിമാനം വർധിപ്പിക്കുന്നു എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്.
'നമ്മുടെ യഥാർഥ നായകരെ സല്യൂട്ട് ചെയ്യുന്നു. രാജ്യം വിളിക്കുമ്പോൾ ഇന്ത്യൻ സൈന്യം മറുപടി നൽകുന്നുവെന്ന് 'ഓപ്പറേഷൻ സിന്ദൂർ' വീണ്ടും തെളിയിച്ചു. ജീവനുകൾ സംരക്ഷിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. നിങ്ങൾ രാജ്യത്തിന് അഭിമാനം, ജയ്ഹിന്ദ്', എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.
'ഓപ്പറേഷൻ സിന്ദൂർ' എന്നെഴുതിയ ചിത്രമാണ് മോഹൻലാൽ കവർഫോട്ടോ ആക്കിയത്.സൈനിക നടപടിക്ക് പിന്നാലെ സൈന്യം പങ്കുവെച്ച അതേ ചിത്രമാണ് മോഹൻലാൽ കവർഫോട്ടോ ആക്കിയത്. ഇന്ത്യൻ കര- വ്യോമ- നാവിക സേനകളിലെ ഓരോ ധീരരേയും സല്യൂട്ട് ചെയ്യുന്നതായി അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. . 'കേവലം പാരമ്പര്യത്തിൻ്റെ പേരിലല്ല, അചഞ്ചലമായ നിശ്ചദാർഢ്യത്തിൻ്റെ പ്രതീകമായാണ് നമ്മൾ സിന്ദൂരം ധരിക്കുന്നത്. ഞങ്ങളെ വെല്ലുവിളിച്ചാൽ നിർഭയരും മുമ്പത്തേക്കാൾ ശക്തരുമായി നമ്മൾ ഉയിർത്തെഴുന്നേൽക്കും. ഇന്ത്യൻ കര- വ്യോമ- നാവിക സേനകളിലെ ഓരോ ധീരരേയും സല്യൂട്ട് ചെയ്യുന്നു. നിങ്ങളുടെ ധൈര്യം നമ്മുടെ അഭിമാനം വർധിപ്പിക്കുന്നു. ജയ്ഹിന്ദ്', എന്നാണ് മോഹൻലാൽ കുറിച്ചത്.