'വിൺവെളി നായക' പാടി ആവേശം നിറച്ച് ശ്രുതിഹാസൻ: കയ്യടിച്ച് എ ആർ റഹ്മാൻ
ഒരു നല്ല അഭിനേത്രി എന്നതിനൊപ്പം തന്നെ ഒരു നല്ല ഗായികയായും കഴിവ് തെളിയിച്ച താരമാണ് ശ്രുതി ഹാസൻ. ഇപ്പോഴിതാ കമൽഹാസൻ - മണിരത്നം ചിത്രം തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ ചിത്രത്തിലെ 'വിൺവെളി നായകാ' എന്ന ഗാനം ആലപിച്ച് കയ്യടി വാങ്ങുകയാണ് ശ്രുതി ഹാസൻ. ചടങ്ങിൽ പങ്കെടുക്കാനെത്തിയ കമൽഹാസനയും എആർ റഹ്മാനെയും മുന്നിലിരുത്തിയാണ് ശ്രുതി ഹാസൻ വേദിയെ കിടിലം കൊള്ളിച്ചത്. എആർ റഹ്മാന്റെ മകൻ എആർ അമീനും ഗാനത്തിന്റെ ഒരു ഭാഗം ശ്രുതിക്ക് ഒപ്പം ആലപിച്ചു.
എആർ റഹ്മാന്റെ സംഗീതം തന്റെ മകൾ പാടുന്നത് അച്ഛനെന്ന നിലയിൽ അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്ന് കമൽഹാസൻ പറഞ്ഞു. ശ്രുതിയുടെ കുഞ്ഞുനാളിൽ തേവർ മകൻ സിനിമയിലെ ഒരു ചെറിയ ഗാനം പാടാൻ കോടമ്പാക്കത്ത് കൊണ്ടുപോയ സംഭവവും കമൽഹാസൻ ഓർത്തെടുത്തു.
എ ആർ റഹ്മാനാണ് തഗ് ലൈഫിലെ ഗാനങ്ങൾക്ക് സംഗീതം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ
ടീസർ റിലീസായപ്പോൾ തന്നെ വളരെ അധികം ചർച്ചയായതാണ് 'വിൺവെളി നായകാ' എന്ന ഗാനം. അതിന്റെ ബിജിഎം ആരാധകർ ആവേശത്തോടെ ഏറ്റെടുത്തു. 25 വർഷത്തിന് ശേഷമാണ് എആർ റഹ്മാൻ കമൽഹാസൻ ചിത്രത്തിന് സംഗീതം നൽകുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 37 വർഷത്തെ ഇടവേളക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും തഗ് ലൈഫിനുണ്ട്