'രാവിലെ മുതൽ വൈകുന്നേരം വരെ സാരിയുടുത്ത് നിൽക്കണമെന്ന് പറഞ്ഞാലും എനിക്ക് പ്രശ്‌നമില്ല' സിമ്രാൻ
തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമ അടക്കിവാണ നായികയാണ് സിമ്രാൻ. മോഡേൺ വേഷങ്ങളും നാടൻ വേഷങ്ങളും ഒരുപോലെ സിമ്രാന് ഇണങ്ങിയിരുന്നു. ഇപ്പോഴിതാ തനിക്ക് ഏറ്റവും ഇഷ്ടമുള്ളതും കംഫർട്ടബിളും ആയിട്ടുള്ള വേഷം സാരിയാണെന്ന് തുറന്ന് പറയുകയാണ് സിമ്രാൻ. ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെയും സാരി ഉടുത്ത് നില്ക്കാൻ പറഞ്ഞാലും തനിക്ക് അതിൽ പ്രശ്‌നമില്ലെന്ന് സിമ്രാൻ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിമ്രാൻ തന്റെ സാരികളോടുള്ള പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.
'നേറുക്കുനേർ' എന്ന സിനിമയുടെ ഗാനരംഗം ചിത്രീകരിക്കുന്നതിനായി കൊൽക്കത്തയിൽ പോയിരുന്നു. ആ സമയം നടപ്പാതയിൽ നിരവധിപ്പേർ സാരി വിൽക്കുന്നത് കണ്ടു. അവരിൽ നിന്ന് 350, 450 രൂപ കൊടുത്ത് ആറ് സാരികൾ വാങ്ങി. ഒറിസ കോട്ടൺ, ബംഗാൾ കോട്ടൺ എന്നീ മെറ്റീരിയലുകൾ മനോഹരമായ സാരികളായിരുന്നു. അതിൽ രണ്ടെണ്ണം ഇപ്പോഴും എന്റെ കൈയിലുണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെ സാരിയുടുത്ത് നിൽക്കണമെന്ന് പറഞ്ഞാലും എനിക്ക് പ്രശ്‌നമില്ല. പക്ഷേ, സാരി മെറ്റീരിയലും കളറും കംഫർട്ടബിൾ ആയിരിക്കണം.
നല്ല സാരിയാണെന്ന് കണ്ടാൽ എവിടെനിന്നും ഞാൻ വാങ്ങും. ബ്രാൻഡും വിലയും പ്രശ്‌നമല്ല വലിയ വില കൊടുത്തുവാങ്ങുന്ന സാരിയാണ് ഏറ്റവും നല്ലതെന്ന് വിശ്വസിക്കുന്നില്ല. എനിക്ക് ഇഷ്ട്ടപ്പെട്ടതാണെങ്കിൽ നൂറ് രൂപയാണെങ്കിലും ലക്ഷമാണെങ്കിലും വാങ്ങും. ഒരു തവണ ഉപയോഗിച്ച സാരി വീണ്ടും ഉപയോഗിക്കാറുണ്ട്. പക്ഷേ, ക്യാമറയ്ക്ക് മുൻപിൽ ഉപയോഗിച്ച സാരിയാണെങ്കിൽ പിന്നീട് ഓഫ് ക്യാമറ പരിപാടികളിലായിരിക്കും ധരിക്കുക' സിമ്രാന്റെ വാക്കുകൾ