ആരാധകരുടെ ആവേശം അപകടകരമാകരുതെന്ന് നിർദേശം നൽകി തമിഴ് നടൻ വിജയ്.
ഹെൽമറ്റില്ലാതെ തന്നെ പിന്തുടരരുതെന്ന് ആരാധകർക്ക് നിർദ്ദേശം നൽകി തമിഴ് നടൻ വിജയ്. "ഹെൽമറ്റില്ലാതെ ആരാധകർ തന്നെ ബൈക്കിൽ പിന്തുടരുന്നത് കാണുമ്പോൾ ആശങ്കയും സങ്കടവും ഉണ്ട്. എല്ലാവരുടെയും പ്രഥമ പരിഗണന സുരക്ഷയിൽ ആയിരിക്കണം". എന്നാണ് വിജയ് ഉപദേശം നൽകിയത്. എന്നാൽ അദ്ദേഹത്തിന്റെ നിർദ്ദേശത്തിനു ശേഷവും ആരാധകർ ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെ തന്നെ അദ്ദേഹത്തെ പിന്തുടർന്നു. അത്തരം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്നുണ്ട്.
അതോടൊപ്പം ആവേശം അതിരുകടന്ന് ആരാധകർ കാട്ടുന്ന ചില പ്രവർത്തികളെയും വിജയ് വിമർശിച്ചു. വിജയിയെ കാണാൻ എത്തിയ ഒരു ആരാധകൻ അദ്ദേഹത്തിന്റെ വാഹനത്തിനു മുകളിൽ കയറിയിരുന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരം പ്രവർത്തികൾ ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ആരാധകരോട് വിജയ് പറഞ്ഞത്.
അഭിനയ ജീവിതത്തിലെ അവസാന ചിത്രമായ ജനനായകന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടുള്ള യാത്രയ്ക്കിടെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് വിജയ് മാധ്യമങ്ങളോട് സംസാരിച്ചത്. തന്റെ യാത്ര തികച്ചും തൊഴിൽപരമാണെന്നും അതിനു പിന്നിൽ യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളും ഇല്ലെന്നും നടൻ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മധുര യാത്രയുമായി ബന്ധപ്പെട്ട നിരവധി വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന തിന്റെ അടിസ്ഥാനത്തിലാണ് നടൻ ഇങ്ങനെ പറഞ്ഞത്.
" ഈ യാത്ര തികച്ചും തൊഴിൽപരമാണ്. ജനനായകന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് കൊടൈക്കനാലിലേക്ക് പോകുന്നത്" വിജയ് വ്യക്തമാക്കി.
അഭിനയ ജീവിതത്തിന് വിരാമമിട്ടുകൊണ്ട് പൂർണ്ണമായും രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ ചെലുത്താനാണ് നടന്റെ തീരുമാനം. തമിഴകം വെട്രി കഴകത്തെ പ്രതിനിധീകരിച്ച് 2026 ലെ ഇലക്ഷനിൽ മത്സരിക്കാനാണ് വിജയുടെ ലക്ഷ്യം. വിനോദ് ഒരുക്കുന്ന ജനനായകനിൽ പൂജ ഹെഡെ ആണ് വിജയുടെ നായികയായി അഭിനയിക്കുന്നത്.