'മിന്നൽ വള എന്ന ആശയം എന്റേതല്ല, അത് രഖുവംശ കാവ്യത്തിൽ കാളിദാസൻ എഴുതിയത്' കൈതപ്രം

Update: 2025-06-07 10:09 GMT

മലയാള സിനിമയുടെ സംഗീത പ്രേമികൾ എക്കാലവും ആരാധിക്കുന്ന ഒരു എഴുത്തുകാരനാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഇന്ന് സോഷ്യല്‍ മീഡിയകളിലും റീലുകളിലുമൊക്കെ ട്രെന്‍ഡ് ആയി മാറിയിരിക്കുന്ന നരിവേട്ട എന്ന ചിത്രത്തിലെ മിന്നല്‍വള എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് അദ്ദേഹമാണ്. ജേക്‌സ് ബിജോയ് ആണ് വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. പഴയകാലത്തെ സംഗീത പ്രേമികളെ മാത്രമല്ല യുവ തലമുറയും ഏറ്റുപാടുന്നതാണ് കൈതപ്രത്തിന്റെ വരികൾ. ഇപ്പോഴിതാ 'മിന്നൽ വള' എന്ന ഗാനത്തെക്കുറിച്ച് സംസാരിക്കുകയാണ് കൈതപ്രം.

മിന്നല്‍വള എന്ന ഗാനവും അതിന്റെ വരികളുമെല്ലാം ശ്രദ്ധിക്കപ്പെടുന്നു എന്നുള്ളത് സന്തോഷകരമായ കാര്യമാണെന്ന് കൈതപ്രം പറയുന്നു. വരികള്‍ ഏറ്റുപാടുന്ന പുതിയ തലമുറക്ക് അറിയാത്ത ഒരു കാര്യമുണ്ടെന്നും വാസ്തവത്തില്‍ മിന്നല്‍വള എന്ന സങ്കല്‍പ്പം തന്റേതല്ലെന്നും അദ്ദേഹം പറയുന്നു. രഘുവംശ മഹാകാവ്യത്തില്‍ കാളിദാസന്‍ പരാമര്‍ശിക്കുന്ന ഒരു ബിംബകല്‍പനയാണ് അതെന്നും രാവണന്‍ സീതാദേവിയെ പുഷ്പക വിമാനത്തില്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ സീതാദേവി നിസ്സഹായായി കൈകള്‍ പുറത്തേക്കിട്ടു നിലവിളിച്ചെന്നും അപ്പോള്‍ ആകാശത്തെ ഇടിമിന്നലുകള്‍ ആ കൈകളില്‍ വളകളണിയിച്ചെന്ന് കാളിദാസന്‍ എഴുതിയിട്ടുണ്ടെന്നും കൈതപ്രം പറഞ്ഞു. ആ ഭാവനയെ ഈ പ്രണയത്തിലേക്ക് ചേര്‍ത്തുവെക്കുകയായിരുന്നു താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

Tags:    

Similar News