മമ്മൂട്ടിയെ മനസ്സിൽ സങ്കൽപ്പിച്ച് ഒരുക്കിയ ആ വേഷം പിന്നീട് ചെയ്തത് പൃഥ്വി രാജ്: മനസ് തുറന്ന് രഞ്ജിത്
മലയാളത്തിലെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവാവായ എം രഞ്ജിത് നിലവിൽ മോഹൻലാൽ നായകനാകുന്ന തുടരും എന്ന ചിത്രത്തിന്റെ നിർമ്മാതാവിന്റെ വേഷത്തിൽ തിരക്കിലാണ്. അതിനിടയിൽ ഒരു യൂട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ മമ്മൂക്കയെ നായകനാക്കി താൻ ചെയ്യാൻ ആഗ്രഹിച്ച ഒരു ചിത്രത്തെകക്കുറിച്ചും അവസാനം ചിത്രത്തിൻറെ ക്ലൈമാക്സിനോട് താൽപ്പര്യം തോന്നാതിരുന്ന മമ്മൂട്ടി ചിത്രത്തിൽ നിന്ന് പിന്മാറിയതിനെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് രഞ്ജിത്.
പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറുംമൂടും തുല്യ പ്രാധാന്യത്തിൽ അഭിനയിച്ച 'ഡ്രൈവിംഗ് ലൈസൻസ്' എന്ന ചിത്രത്തിൽ പൃഥ്വിരാജ് ചെയ്ത റോളിനുവേണ്ടി ആദ്യം സമീപിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്നാണ് രഞ്ജിത് പറയുന്നത്. കൂടാതെ ഡ്രൈവിംഗ് ലൈസൻസ് കളഞ്ഞു പോകുന്ന കഥ തന്റെ അനുഭവം ആണെന്നും അതേപ്പറ്റി തിരക്കഥാകൃത് സച്ചിയോട് പറയവേ അദ്ദേഹമാണ് ആ കഥയിലൊരു സിനിമക്ക് സ്കോപ്പ് ഉണ്ടെന്ന് പറഞ്ഞതെന്നും രഞ്ജിത് പറയുന്നു. അങ്ങനെയാണ് വണ്ടി പ്രാന്തനായ മമ്മൂട്ടിയുടെ ഡ്രൈവിങ് ലൈസൻസ് കളഞ്ഞുപോയാൽ അദ്ദേഹത്തിനുണ്ടാകുന്ന പിരിമുറുക്കങ്ങളാലോചിച്ച് അദ്ദേഹത്തെ മനസ്സിൽ കണ്ട് ഒരു ചിത്രത്തെ കുറിച്ച് ചിന്തിച്ചതെന്നും സച്ചി പറയുന്നു. ചിത്രത്തിൻറെ കഥ മമ്മൂട്ടിക്ക് ഇഷ്ടമാവുകയും ചെയ്തിരുന്നു. എന്നാൽ ചിത്രത്തിൻറെ അവസാനം നായക വേഷം മറ്റൊരാളിലേക്ക് കൂടി പങ്കിടുന്ന വിധത്തിൽ അതിന്റെ ക്ലൈമാക്സ് വന്ന് നിൽക്കുന്നതിൽ ഉണ്ടായ വിയോജിപ്പ് മൂലമാണ് മമ്മൂക്കയുമായി ആ സിനിമ നടക്കാതെ പോയതെന്നും രഞ്ജിത് പറയുന്നു.
കൂടാതെ തിരക്കഥാകൃത്ത് സച്ചിയോട് തനിക്കുണ്ടായിരുന്ന സൗഹൃദത്തെപറ്റിയും അതെ കുറിച്ച് ആർക്കും അധികം അറിവില്ലെന്നും താരം പറയുന്നു. ജീവിതത്തിൽ സാമ്പത്തിക ബാധ്യതകൾ തന്നെ വലിയ രീതിയിൽ അലട്ടിയ കാലഘട്ടത്തെകുറിച്ചും രഞ്ജിത് പറയുന്നുണ്ട്.
മുൻപ് എന്റെ അവസ്ഥ വലിയ മോശമായിരുന്നു. നിമിഷങ്ങൾ കൊണ്ട് ഞാൻ സിനിമയിൽ ആരുമല്ലാത്ത ഒരാളായി മാറി. ആ സമയത്ത് ഏത് ജോലിക്ക് പോയാലും കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ കഴിയുന്ന അവസ്ഥയായിരുന്നില്ല. അമ്മയുടെ പേരിലുള്ള സ്ഥലവും കാറും വിൽക്കേണ്ടി വന്നു.
ആ സമയത്ത് എൻ്റെ അടുത്ത സുഹൃത്ത് ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം സിനിമയിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകാൻ കഴിയുമോയെന്ന് ചോദിച്ചു. ഞാനത് ചെയ്തു. കുറച്ച് സിനിമകൾ ചെയ്തപ്പോൾ തന്നെ രക്ഷപ്പെട്ടു. കാലങ്ങളായി രജപുത്ര എന്ന നിർമ്മാണക്കമ്പനിയുടെ കപ്പിത്താനായിരിക്കുന്ന രഞ്ജിത് ചലച്ചിത്ര സീരിയൽ താരം ചിപ്പിയുടെ ഭർത്താവ് കൂടിയാണ്.