രവി മോഹൻ മക്കളെ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപിച്ച് ആരതി രവിയുടെ പ്രതികരണം
"നിയമനടപടികൾ മനസിലാക്കാനുള്ള പ്രായം അവർക്കില്ല, പക്ഷെ ഉപേക്ഷിക്കപെട്ടുവെന്ന് മനസിലാക്കാനുള്ള പ്രായം അവർക്കുണ്ട്": രവി മോഹൻ മക്കളെ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആരോപിച്ച് ഭാര്യ ആരതി രവി;
സിനിമ താരം രവി മോഹനും സുഹൃത്തായ കെന്നിഷ ഫ്രാൻസിസും കഴിഞ്ഞ ദിവസം ഒരു വിവാഹ ചടങ്ങിൽ ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ഒന്നിച്ചെത്തിയത് വളരെ വിവാദമായിരുന്നു. കെനിഷയുമായി താരം പ്രണയത്തിലായതിനാൽ ആണ് രവി മോഹൻ ഭാര്യ ആരതി രവിയുമായുള്ള 14 വർഷത്തെ വിവാഹബന്ധം അവസാനിപ്പിക്കുന്നതായി ഈ അടുത്ത പ്രഖ്യാപിച്ചത് എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതിനിടയിൽ ഇരുവരും ഒരു വേദിയിൽ ഒന്നിച്ചെത്തിയതാണ് വീണ്ടും ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ആരാധകർ ഉറപ്പിക്കാൻ കാരണം. ഇരുവരുടെയും ചിത്രങ്ങളും വാർത്തകളും മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതിന് പിന്നാലെ ഇന്റഗ്രമിൽ ഒരു നീണ്ട കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരത്തിന്റെ ഭാര്യയായ ആരതി രവി. ജയൻ രവി ആരതിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞതിന് ശേഷം ഒരു അമ്മ എന്ന നിലയിൽ അനുഭവിക്കേണ്ടി വന്ന സമ്മർദ്ദങ്ങളെക്കുറിച്ചാണ് ആരതി കുറിപ്പിൽ പറയുന്നത്. കൂടാതെ ഒരിക്കൽ തന്റെ അഭിമാനമാണ് തന്റെ മക്കൾ എന്ന് പറഞ്ഞിരുന്ന വ്യക്തി ഇന്ന് അവരെ തിരിഞ്ഞു നോക്കുന്നില്ലെന്നും ഏത് നിമിഷവും വീട്ടിൽ നിന്ന് ഇറക്കിവിടുമെന്ന് ഭയന്നാണ് കഴിയുന്നതെന്നും ആരതി ആരോപിക്കുന്നു.
ആരതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ,
'ഒരു വർഷമായി ഞാൻ ഒന്നിനെക്കുറിച്ചും ആരോടും സംസാരിച്ചിരുന്നില്ല. നിശബ്ദത പാലിച്ചു. എന്നാൽ അത് ഞാൻ ദുർബലയായതുകൊണ്ടല്ല. മറിച്ച് എന്റെ ആ വാക്കുകളേക്കാൾ എൻ്റെ മക്കൾക്ക് സമാധാനം ആവശ്യമായിരുന്നതുകൊണ്ടാണ്. എനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും എല്ലാ കുറ്റപ്പെടുത്തലുകളും എല്ലാ ക്രൂരമായ പരിഹാസങ്ങളും ഞാൻ ഏറ്റുവാങ്ങി. എന്നിട്ടും ഞാനൊന്നും പറഞ്ഞില്ല. എനിക്ക് സത്യം അറിയാത്തതുകൊണ്ടല്ല. മറിച്ച് മാതാപിതാക്കൾക്കിടയിൽ ഒരാളെ തിരഞ്ഞെടുക്കേണ്ടിവരുന്നതിന്റെ സമ്മർദ്ദം എൻ്റെ മക്കൾക്കുണ്ടാകരുത് എന്ന് കരുതിയാണ്.
കാണുന്നതിൽ നിന്നെല്ലാം വ്യത്യസ്‌തമാണ് യാഥാർഥ്യം. എന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ടു. കേസ് ഇപ്പോഴും നടക്കുകയാണ്. എന്നാൽ 18 വർഷം എൻ്റെ സ്നേഹത്തിലും വിശ്വസ്‌തതയിലും ഒപ്പം നിന്ന മനുഷ്യൻ എന്നിൽ നിന്ന് മാത്രമല്ല, ഒരുകാലത്ത് താൻ നിറവേറ്റാമെന്ന് വാഗ്ദ്ധാനം ചെയ്ത ഉത്തരവാദിത്തങ്ങളിൽനിന്ന് പോലും ഒഴിഞ്ഞുമാറിയിരിക്കുന്നു. മാസങ്ങളായി മക്കളുടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഞാനാണ്. എഎല്ലാ സങ്കടങ്ങളും ഞാൻ പിടിച്ചുനിർത്തി. എല്ലാം ഒറ്റയ്ക്ക് ചുമന്നു. ഒരുകാലത്ത് മക്കൾ തന്റെ അഭിമാനമാണെന്ന് പറഞ്ഞ വ്യക്തിയിൽനിന്ന് വൈകാരികമോ സാമ്പത്തികമോ ആയ ഒരു ചെറിയ പിന്തുണ പോലും ലഭിച്ചില്ല. ഇപ്പോൾ അയാളുടെ നിർദേശപ്രകാരം ബാങ്കുകാർ വന്ന് ഞങ്ങളെ വീട്ടിൽനിന്ന് ഇറക്കിവിടാൻ പോകുകയാണ്. ഞാൻ പണത്തോട് അത്യാർത്തിയുള്ളവരാണെന്ന് പലപ്പോഴും ആരോപണം കേട്ടു. അത് സത്യമായിരുന്നെങ്കിൽ ഞാൻ എൻ്റെ സ്വന്തം താത്പര്യങ്ങൾ പണ്ട സംരക്ഷിക്കുമായിരുന്നു. പക്ഷേ ഞാൻ എല്ലാത്തിനും മുകളിൽ സ്നേഹവും വിശ്വാസവുമാണ് തിരഞ്ഞെടുത്തത് അതാണ് എന്നെ ഇവിടെ എത്തിച്ചത്.
സ്നേഹിച്ചതിൽ എനിക്ക് ഖേദമില്ല. എന്നാൽ ആ സ്നേഹം ബലഹീനതയായി മാറ്റിയെഴുതുന്നത് ഞാൻ നോക്കിനിൽക്കില്ല. എൻ്റെ മക്കൾക്ക് 10ഉം 14ഉം വയസ്സുണ്ട്. അവർക്ക് വേണ്ടത് സുരക്ഷിതത്വവും സ്വസ്ഥതയും മെച്ചപ്പെട്ട ജീവിതവുമാണ് നിയമവ്യവസ്ഥകൾ മനസ്സിലാക്കാൻ അവർക്ക് പ്രായമായിട്ടില്ല. പക്ഷേ ഉപേക്ഷിക്കപ്പെട്ടുവെന്ന് മനസിലാക്കാനുള്ള പ്രായമുണ്ട്. മറുപടിയില്ലാത്ത ഓരോ കോളും, റദ്ദാക്കിയ ഓരോ കൂടിക്കാഴ്ചയും. എനിക്കുവേണ്ടിയുള്ളതും എന്നാൽ അവർ വായിച്ചതുമായ ഓരോ സന്ദേശവും'-ഇതെല്ലാം അവരുടെ മനസിലെ മുറിവുകളാണ്.
ഞാനിന്ന് സംസാരിക്കുന്നത് ഒരു ഭാര്യ എന്ന നിലയിലല്ല തെറ്റിദ്ധരിക്കപ്പെട്ട ഒരു സ്ത്രീ എന്ന നിലയിലുമല്ല. മക്കളുടെ ക്ഷേമം മാത്രം ലക്ഷ്യമിടുന്ന ഒരമ്മ എന്ന നിലയിലാണ്. ഞാനിപ്പോൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ അവർ എന്നെന്നേക്കുമായി പരാജയപ്പെടും. നിങ്ങൾക്ക് വിജയിച്ച് മുന്നോട്ടുപോകാം. നിങ്ങളുടെ പൊതുജീവിതത്തിലെ റോളുകൾ നിങ്ങൾക്ക് മാറ്റാം. പക്ഷേ നിങ്ങൾക്ക് സത്യം മാറ്റിയെഴുതാൻ കഴിയില്ല. ഒരു അച്ഛൻ എന്നത് ഒരു സ്ഥാനപ്പേര് മാത്രമല്ല. അതൊരു ഉത്തരവാദിത്തമാണ്.
എന്റെ ഇൻസ്റ്റാഗ്രാം പേരിനെക്കുറിച്ച് ആകുലപ്പെടുന്നവരോടും സ്വയം പ്രഖ്യാപിത അഭ്യുദയകാംക്ഷികളോടും ഞാനും നിയമവും മറിച്ചൊരു തീരുമാനമെടുക്കുന്നത് വരെ ഞാൻ ആരതി രവി ആയി തന്നെ തുടരും ബഹുമാനപ്പെട്ട മാധ്യമങ്ങളോട്, നിയമനടപടികൾ അവസാനിക്കുന്നതുവരെ ദയവായി എന്നെ മുൻഭാര്യ എന്ന് വിളിക്കുന്നത് ഒഴിവാക്കുക.
ഇത് പ്രതികാരമല്ല ഇതൊരു പ്രകടനമല്ല. ഇത് തീയിലേക്ക് കാലെടുത്തുവെക്കുന്ന ഒരമ്മയാണ് പോരാടാനല്ല. സംരക്ഷിക്കാൻ. ഞാൻ അലമുറയിട്ട് കരയുന്നില്ല. ഞാൻ തലയുയർത്തി നിൽക്കുന്നു. കാരണം എനിക്കത് ചെയ്തേ മതിയാവു. നിങ്ങളെ ഇപ്പോഴും അപ്പാ എന്ന് വിളിക്കുന്ന രണ്ട് ആൺകുട്ടികൾക്കുവേണ്ടി. അവർക്കുവേണ്ടി, ഞാൻ ഒരിക്കലും പിന്നോട്ട് പോകില്ല.'-
നിരവധിപേർ ആരതിയെ പിന്തുണക്കുന്നുണ്ട്. കെനിഷയുമായി പ്രണയത്തിൽ ആണെന്നുള്ള വാർത്തകളെ തരാം നിഷേധിച്ചിട്ടിരുന്നു. കുടുംബജീവിതത്തിലെ പ്രേശ്നങ്ങൾ കാരണം തന്റെ അടുത്ത് തെറാപ്പിക്കയാണ് രവി മോഹൻ എത്തിയതെന്നാണ് കെന്നിഷ് പറഞ്ഞിരുന്നത്. രവിമോഹൻ വിവാഹ മോചനം പ്രഖ്യാപിച്ചത് തന്റെ അറിവോടെയല്ല എന്ന് തുടക്കത്തിൽ ആരതി രവി പറഞ്ഞിരുന്നു. ഇപ്പോഴും ഇരുവരും തമ്മിലുള്ള വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയിലാണ്.