'വലിയ തുക പ്രതിഫലം വാങ്ങുന്ന ആളാണെന്ന് ഒരു സംവിധായകനെ തെറ്റിദ്ധരിപ്പിച്ച് അവസരം നഷ്ടപ്പെടുത്തി, ഇതിൽ നിന്നും അവർക്ക് എന്ത് സന്തോഷമാണ് കിട്ടുന്നത്': പ്രിയ വാര്യർ
മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്യാനെത്തിയതായിരുന്നു പ്രിയ. എന്നാൽ ചിത്രത്തിലെ കണ്ണിറുക്കൽ രംഗം വയറലായി. ആ വർഷം ഇന്ത്യയില്‍ ആളുകള്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിയായി നടി മാറിയിരുന്നു. പ്രിയയെ സംബന്ധിച്ച് ആ അംഗീകാരം ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. എന്നാൽ പിനീട് പലർക്കും തന്നോടുള്ള മനോഭാവം മാറിയെന്നും ഒരുപാടുപേർ വർഷങ്ങൾ കഷ്ടപ്പെട്ട് കിട്ടുന്ന അംഗീകാരം ഒരു പെൺകുട്ടിക്ക് ഒറ്റദിവസം കൊണ്ട് കിട്ടിയതിലെ പൊരുത്തക്കേട് പലർക്കും ഉണ്ടായിരുന്നു എന്നും അത് പിന്നീട് തന്നോടുള്ള വെറുപ്പായി മാറിയെന്നും മുൻപ് പ്രിയ തന്നെ പറഞ്ഞിട്ടുണ്ട്. അത് തന്റെ കരിയറിനെ തന്നെ മോശമായി ബാധിച്ചെന്നും പല അവസരങ്ങളും നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താൻ അമിതമായി പ്രതിഫലം വാങ്ങുന്ന ആളാണെന്ന് തെറ്റിദ്ധരിപ്പിച്ച കാരണം തനിക്ക് നഷ്ടപ്പെട്ട അവസരങ്ങളെപ്പറ്റി തുറന്ന് സംസാരിക്കുകയാണ് പ്രിയ വാര്യർ.
‘ആദ്യ സിനിമ മുതൽ എന്നെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്. ആരാണ് ഇതിനൊക്കെ പിന്നിലെന്ന് അറിയില്ല. പലതും കേട്ടതായി പോലും ഭാവിക്കാറില്ല. ചിലത് നമ്മുടെ കരിയറിനെ ഇല്ലാതെയാക്കുന്നു.
പൊതുവേ കേട്ടുവരുന്ന കമന്റാണ് ഭയങ്കര ജാഡയാണ് എന്നുള്ളത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് എനിക്കറിയില്ല. ആരോടും ഇടിച്ചു കയറി സംസാരിക്കുന്ന ആളല്ല ഞാൻ. ഒരുപക്ഷേ അതാകാം.
വളരെ വലിയ തുകയാണ് പ്രതിഫലമായി വാങ്ങുക എന്നൊരു കഥ കുറച്ച് അധികം നാളായിട്ടുണ്ട്. പക്ഷേ, ഈ അടുത്താണ് അത് അറിയുന്നത് കുറച്ചുനാൾ മുമ്പ് ഒരു പ്രശസ്ത മലയാള സംവിധായകനെ എയർപോർട്ടിൽ വച്ച് കണ്ടു.
സംസാരിക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു ‘പ്രിയ ഇത്ര വലിയ തുകയാണല്ലേ പ്രതിഫലമായി ചോദിക്കുന്നത്’ എന്ന്. എനിക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് അദ്ദേഹം പറയുന്നത്, അദ്ദേഹത്തിൻറെ ഒരു സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് മറ്റൊരാളുമായി സംസാരിച്ചപ്പോൾ അയാൾ പറഞ്ഞു പ്രിയയുടെ പ്രതിഫലം വളരെ കൂടുതലാണെന്ന്.
എന്തിനാകും അയാൾ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. അതുകൊണ്ട് അയാൾക്ക് എന്ത് നേട്ടം ഉണ്ടായിട്ടുണ്ടാകും. മറ്റുള്ളവരുടെ ഉള്ളിൽ എന്താണെന്ന് അറിയാൻ സാധിക്കില്ലല്ലോ. ആരോ കൊളുത്തി വിടുന്ന നിസാരമായ ഒരു കമന്റിലൂടെ എത്രയോ മനുഷ്യർക്ക് അവരുടെ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടാകും,’ പ്രിയ പറയുന്നു.