മുതിര്‍ന്ന ബോളിവുഡ് നടന്‍ അസ്രാണി അന്തരിച്ചു; ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയന്‍
Veteran Bollywood actor Govardhan Asrani passes away at 84;
മുതിര്‍ന്ന ബോളിവുഡ് നടന്‍ ഗോവര്‍ദ്ധന്‍ അസ്രാണി അന്തരിച്ചു. 84 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന അസ്രാണി, മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ്, ആരാധകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ദീപാവലി ആശംസകള്‍ നേര്‍ന്നിരുന്നു.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഹാസ്യനടന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ 350-ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ പരിശീലനം നേടിയ അദ്ദേഹം 1960-കളുടെ മധ്യത്തിലാണ് ഹിന്ദി ചലച്ചിത്രമേഖലയില്‍ പ്രവേശിച്ചത്.
ഗൗരവമേറിയ വേഷങ്ങളിലൂടെയും സഹനടനുമായാണ് സിനിമയില്‍ തുടങ്ങിയതെങ്കിലും അസ്രാണി തിളങ്ങിയത് ഹാസ്യ വേഷങ്ങളിലാണ്. 1970-കളിലും 1980-കളിലും അദ്ദേഹം ഹിന്ദി സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. ഷോലെ, ചുപ്‌കെ ചുപ്‌കെ തുടങ്ങിയ ക്ലാസിക് ചിത്രങ്ങളിലെ വേഷങ്ങള്‍ അദ്ദേഹത്തെ അഭിനയരംഗത്ത് ശ്രദ്ധേയനാക്കി.
ഹിന്ദി സിനിമയുടെ നാഴികക്കല്ലായ 'ഷോലെ' എന്ന ചിത്രത്തിലെ കഥാപാത്രമാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്. ഹിറ്റ്‌ലറുടെ രൂപഭാവങ്ങളുള്ള അവതരിപ്പിക്കുന്ന ഒരു ജയിലര്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
ഗുജറാത്തി, രാജസ്ഥാനി സിനിമകള്‍ ഉള്‍പ്പെടെ വിവിധ ഭാഷകളിലും അസ്രാണി തന്റെ വൈദഗ്ധ്യം തെളിയിച്ചു. കൂടാതെ ഏതാനും ഹിന്ദി, ഗുജറാത്തി സിനിമകള്‍ സംവിധാനം ചെയ്തു.