ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ്ഡിസ്ക് കാണാതായതിന് പിന്നിൽ സഹോദരൻ: ആരോപണവുമായി വിഷ്ണു മഞ്ജു

Update: 2025-05-31 07:39 GMT

കണ്ണപ്പ എന്ന ചിത്രത്തിന്റെ നിർണായക രംഗങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കാണാതായി എന്ന വാർത്തകൾ വന്നത് കഴിഞ്ഞ ദിവസങ്ങളിൽ ആണ്. ഇപ്പോഴിതാ സംഭവത്തിനുപിന്നിൽ തന്റെ സഹോദരനും നടനുമായ മനോജ് മഞ്ചുവാണെന്ന് ആരോപിക്കുകയാണ് നടൻ വിഷ്‌ണു മഞ്ചു. വെള്ളിയാഴ്ച ചെന്നൈയിൽ മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് വിഷ്ണു ഗുരുതര ആരോപണം ഉന്നയിച്ചത്. ഹാർഡ് ഡിസ്ക‌് മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന രഘു, ചരിത എന്നിവർ മനോജിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് വിഷ്ണു അവകാശപ്പെട്ടു.

വെള്ളിയാഴ്ച കണ്ണപ്പയുടെ പ്രചാരണത്തിന് വേണ്ടി 

മാധ്യമങ്ങളുമായി നടത്തിയ സംഭാഷണത്തിനിടെ 'കണ്ണപ്പ'യുടെ ഹാർഡ് ഡിസ്ക് വിഷയത്തെക്കുറിച്ച് ചോദ്യമുയർന്നു. സംഭവം നാലാഴ്‌ച മുൻപാണ് നടന്നതെന്നും, മനോജിനെയും കൂട്ടാളികളെയും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചതിന് ശേഷമാണ് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷിക്കരുതെന്ന് താരം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. എല്ലാ കുടുംബങ്ങൾക്കും പ്രശ്‌നങ്ങളുണ്ടാകുമെന്നും അതിനാൽ ഒരു പ്രചാരണ പരിപാടിയിൽ അതിനെക്കുറിച്ച് സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഎഫ്എക്സ് ജോലികൾ ചെന്നൈ, ഹൈദരാബാദ്, മുംബൈ, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിലെ മൂന്ന് ഓഫീസുകളിലായാണ് നടക്കുന്നതെന്ന് വിഷ്‌ണു മഞ്ചു പറഞ്ഞു. "വിഎഫ്എക്സസ് സംബന്ധമായ ഹാർഡ് ഡിസ്ക് മുംബൈയിൽ നിന്ന് അയച്ചപ്പോൾ അത് എന്റെ അച്ഛൻ മോഹൻ ബാബുവിന്റെ ഫിലിം നഗറിലെ വസതിയിലാണ് എത്തിയത്. അതാണ് പതിവ്. ഞങ്ങൾ മൂന്ന് സഹോദരങ്ങളാണ്, ഞങ്ങളുടെ എല്ലാ പാക്കേജുകളും അവിടെയെത്തുകയും അതത് മാനേജർമാർ പോയി ശേഖരിക്കുകയുമാണ് പതിവ്. അതുപോലെ, ഹാർഡ് ഡിസ്ക്‌ ഞങ്ങളുടെ അച്ഛന്റെ വസതിയിലെത്തി. അത് രഘുവിനും ചരിതയ്ക്കും കൈമാറുകയും അതിനുശേഷം അവരെ കാണാതാവുകയുമായിരുന്നു," വിഷ്ണു വിശദീകരിച്ചു.

പലതവണ അവരെ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ശ്രദ്ധിക്കാതെ വന്നപ്പോഴാണ് പോലീസിൽ പരാതി നൽകിയതെന്ന് പറഞ്ഞ വിഷ്ണു മഞ്ചു തന്റെ കുടുംബത്തിന് ഉള്ളിലെ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കരുതെന്ന് മാധ്യമ പ്രവർത്തകരോട് അഭ്യർത്ഥിച്ചു. കൂടാതെ ഹാർഡ് ഡിസ്‌കിലെ ദൃശ്യങ്ങൾ അവർ ചോർത്തിയാലും ആരും അത് കാണാൻ ശ്രമിക്കരുതെന്നും അത്രക്ക് കഠിനാധ്വാനം അതിന് പിന്നിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡ് സംവിധായകനും നിർമാതാവുമായ മുകേഷ് കുമാർ സിങ്ങിന്റെ തെലുഗിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. മുകേഷ് കുമാർ സിങ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം. മോഹൻലാൽ, പ്രഭാസ്, അക്ഷയ്കുമാർ, മോഹൻകുമാർ, ശരത്കുമാർ, കാജൽ അഗർവാൾ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ.

Tags:    

Similar News