ഞങ്ങളുടെ പ്രശസ്തിയുടെ നിഴലിൽ നിന്ന് മാറ്റി നിർത്തി കുഞ്ഞിനെ വളർത്തണം: മകൾ ദുവയെക്കുറിച്ച് തുറന്നു പറഞ്ഞു ദീപിക പദുക്കോൺ

Update: 2025-05-08 11:56 GMT

പ്രസവാനന്തരം ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയ നടി ദീപിക പദ്കോൺ. താരവും ഭർത്താവ് റൺവീർ സിംഗും ഇപ്പോൾ കൂടുതൽ സമയവും മാറ്റിവെച്ചിരിക്കുന്നത് മകൾ ദുവയ്ക്ക് വേണ്ടിയാണ്. ഇപ്പോൾ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ പ്രസവകാലത്തെ കുറിച്ചും മകൾ ദുവയെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നടി. തന്റെ മകൾക്ക് പേരിടാൻ വൈകിയതിനെ കുറച്ചു താരം പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. കുഞ്ഞു ജനിച്ചയുടൻ പേര് വെളിപ്പെടുത്തുന്ന പുതിയ രീതിയോട് തങ്ങൾക്ക് വിയോജിപ്പ് ആയിരുന്നു, കുഞ്ഞു ജനിച്ച് അവളെ ഈ ലോകത്തിന് പരിചയപ്പെടുത്തിയതിനു ശേഷം അവൾക്ക് ഏറ്റവും ചേരുന്ന ഒരു പേരിടണം എന്നായിരുന്നു തന്റെയും റൺ വീറിന്റെയും തീരുമാനം എന്ന് താരം പറയുന്നു. സാഹിത്യത്തിലും സംഗീതത്തിലും അതിയായ താല്പര്യം ഉള്ള ദീപിക തന്നെയാണ് പ്രാർത്ഥന എന്ന അർത്ഥം വരുന്ന ദുവ എന്ന പേര് കുഞ്ഞിനായി കണ്ടെത്തിയത്. തങ്ങളുടെ പ്രശസ്തിയുടെ നിഴലിൽ നിന്ന് മാറ്റി നിർത്തി കുഞ്ഞിനെ വളർത്താനാണ് ഇരുവർക്കും താല്പര്യം. അതുകൊണ്ടുതന്നെ കുഞ്ഞു വലുതാകുന്നതുവരെ മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും കണ്ണുകളിൽ നിന്നും കുഞ്ഞിനെ മാറ്റി നിർത്താൻ ആണ് ഇരുവരും ആഗ്രഹിക്കുന്നത്. കുഞ്ഞിന്റെ സുരക്ഷയും സ്വകാര്യതയും മുൻനിർത്തിയാണ് ഇരുവരും ഇത്തരത്തിൽ തീരുമാനമെടുത്തിരിക്കുന്നത്.

ഡിപ്രഷൻ ഉൾപ്പെടെയുള്ള മാനസികാവസ്ഥയിൽ കൂടി കടന്നുപോയിട്ടുള്ള താരമാണ് ദീപിക. താരം പലപ്പോഴും മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്നതിനെ കുറിച്ച് സംസാരിച്ചു മുന്നോട്ടു വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രസവകാലത്തും സ്വന്തം ആരോഗ്യത്തിലും മാനസികാരോഗ്യത്തിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് താരം പറയുന്നു. കുടുംബവും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ പ്രസവകാലത്തെ കഷ്ടതകളിൽ നിന്നും പുറത്തു വരാൻ തന്നെ സഹായിച്ചു എന്നും താരം പറയുന്നു.

Tags:    

Similar News