വിഷമം ഉണ്ടെന്ന് കരുതി ഇപ്പോഴും വിഷമിച്ച് നടക്കാൻ കഴിയില്ലല്ലോ: രേണു ശുദ്ധിയെ പിന്തുണച്ച് ആരതിപൊടിയും റോബിൻ രാധാകൃഷ്ണനും
സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിരന്തരം ബുള്ളിയിങ്ങിനും ബോഡി ഷെയിമിങ്ങിനും ഇരയാകുന്ന വ്യക്തിയാണ് രേണു സുധി. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിലെ മോശം കമന്റുകൾക്ക് രേണു പ്രതികരിക്കാറില്ല. താൻ തന്റെ ജോലി ചെയ്യുന്നു, ജീവിതം ജീവിക്കുന്നു എന്ന നിലപാടാണ് രേണുവിന്. ഇപ്പോഴിതാ രേണുവിനെ പിന്തുണച്ചുകൊണ്ട് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനറായ ആരതി പൊടിയും ഭർത്താവും ബിഗ്ബോസ് താരവുമായ ഡോക്ടർ റോബിൻ രാധാകൃഷ്ണനും. രേണു ഒരു തൊഴിൽ ചെയ്ത് ആരെയും ഉപദ്രവിക്കാതെ ജീവിക്കുന്നെന്നും രേണുവിനു വേണ്ടി ഒരു ഡ്രസ്സ് ഡിസൈൻ ചെയ്ത് അതിന്റെ ഫോട്ടോ ഷൂട്ടിന് വേണ്ടി വിളിക്കാൻ ആഗ്രഹമുണ്ടെന്നും ആരതി പൊടി പറഞ്ഞു.
രേണു സുധിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇത്രയും ബോഡി ഷെയ്‌മിങ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നമുക്ക് ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങൾ ഉണ്ടാകുമല്ലോ. നമ്മുടെ ഇഷ്ടമാണ് വലുത്. നല്ല വസ്ത്രങ്ങൾ ധരിക്കാനും നന്നായി ഒരുങ്ങി നടക്കാനുമൊക്കെ ഇഷ്ടമുള്ളയാളാണ് ഞാനും. അതുപോലെയായിരിക്കില്ലേ അവരും. വേറെയും പല ജോലികൾ കിട്ടിയിട്ടും രേണു അതിനൊന്നും പോകാതെ മോഡലിങ് ചെയ്യുന്നുവെന്നൊക്കെ പലയിടത്തും കണ്ടു. അവർക്ക് ഇഷ്ടമുള്ള കാര്യം ചെയ്യുന്നതിൽ പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല. രേണുവിനെ ഒരു ഫോട്ടോഷൂട്ടിന് വിളിക്കണമെന്ന് ആഗ്രഹം ഉണ്ട്. ഒന്നും ചെയ്യാതെയിരിക്കുന്നതിനേക്കാൾ നല്ലതല്ലേ കഠിനാധ്വാനം ചെയ്ത് ജീവിക്കുന്നത്. അങ്ങനെയുള്ള എല്ലാവരോടും എനിക്ക് ബഹുമാനുണ്ട്. വിഷമമുണ്ടെന്ന് കരുതി എപ്പോഴും വിഷമിച്ച് നടക്കാൻ പറ്റില്ലല്ലോ. എല്ലാ കാര്യങ്ങളും പുറത്ത് പറഞ്ഞ് നടക്കാനും കഴിയില്ല", എന്ന് ആരതി പൊടി പറഞ്ഞു.
' രേണു ആരെയും ഉപദ്രവിക്കാതെ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു. അതിൽ എന്താണ് പ്രശ്നം എന്നായിരുന്നു റോബിന്റെ ചോദ്യം. "പുള്ളിക്കാരിക്ക് ഇനിയും ജീവിതമുണ്ട്. അവർക്ക് ഭർത്താവിന്റെ മരണത്തിൽ വിഷമമില്ലെന്ന് ആര് പറഞ്ഞു. തീർച്ചയായും അവർക്ക് വിഷമം കാണും. ഒന്നും ചെയ്യാതെ ഇരുന്ന് ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ള ആളുകളാണ് മറ്റുള്ളവരുടെ ജീവിതത്തെപ്പറ്റി ഇത്തരത്തിൽ നെഗറ്റീവ് ആയി കമന്റ് ചെയ്യുന്നത്", എന്ന് റോബിൻ കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിലെ നെഗറ്റീവുകൾക്കിടയിലും ധൈര്യം പൂർവ്വം തന്റെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്ന വ്യക്തിയാണ് രേണു സുധി. ഭർത്താവും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണ ശേഷമാണ് റീലുകളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുന്നത്.