രണബാലിയുടേയും ജയമ്മയുടേയും പ്രണയാര്‍ദ്ര നിമിഷങ്ങളുമായി 'ഏന്‍ന്തയ്യ സാമി...'

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹശേഷം ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന 'രണബാലി'യിലെ സ്‌പെഷല്‍ സര്‍പ്രൈസ് ഗാനം പുറത്ത്

Update: 2026-02-28 09:05 GMT

വിജയ് ദേവരകൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹത്തിന് പിന്നാലെ സ്‌പെഷല്‍ സര്‍പ്രൈസ് ഗാനവുമായി 'രണബാലി' ടീം. ചിത്രത്തില്‍ ഇരുവരുടേയും പ്രണയാര്‍ദ്ര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ 'ഏന്‍ന്തയ്യ സാമി...' എന്ന മനോഹരമായ ഗാനത്തിന്റെ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. ഇരുവരുടേയും വിവാഹവും തുടര്‍ന്നുള്ള പ്രണയ നിമിഷങ്ങളുമൊക്കെ ഗാന രംഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ടാണ് ഈ സര്‍പ്രൈസ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയിരിക്കുന്ന ഗാനം ഓരോ ഭാഷയിലും വ്യത്യസ്തമായ അനുഭൂതിയാണ് നല്‍കിയിരിക്കുന്നത്. തെലുങ്കില്‍ ഏന്‍ന്തയ്യ സാമി എന്ന് തുടങ്ങുന്ന ഗാനം മലയാളത്തില്‍ എന്തേ കണ്ണാലേ, തമിഴില്‍ യേദയ്യ സാമീ, കന്നഡയില്‍ എനയ്യ സാമി എന്നും ഹിന്ദിയില്‍ ഒ മേരി സാജന്‍ എന്നുമാണ് ആരംഭിക്കുന്നത്. അജയ്-അതുല്‍ സംഗീതത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന ഗാനം തെലുങ്കില്‍ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും അജയ് ഗൊഗവാലേയുമാണ്. സരസ്വതിപുത്ര രാമജോഗയ്യ ശാസ്ത്രിയാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ സിജു തുറവൂരിന്റേതാണ് വരികള്‍, തമിഴില്‍ വിവേകയാണ് വരികളൊരുക്കിയിരിക്കുന്നത്. കന്നഡയില്‍ വരദരാജ് ചിക്കബല്ലാപുരയുടേതാണ് വരികള്‍. മൂന്ന് ഭാഷയിലും ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും കാര്‍ത്തിക്കും ചേര്‍ന്നാണ്. ഹിന്ദിയില്‍ ഷിദിജ് പട്‌വര്‍ദന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും ജാവേദ് അലിയും ചേര്‍ന്നാണ്.

'രണബാലി'യുടെ ടൈറ്റിലും ഫസ്റ്റ് ഗ്ലിംപ്സും അടുത്തിടെ സോഷ്യല്‍ മീഡിയയിലാകെ തരംഗമായിരുന്നു. സെപ്റ്റംബര്‍ 11-നാണ് ഈ ബിഗ് ബജറ്റ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ സങ്ക്രിത്യനാണ്. പിരിയോഡിക് ഡ്രാമായായി എത്തുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടിലെ യഥാര്‍ത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നടന്ന, എന്നാല്‍ ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്താത്ത ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത് എന്നാണ് സൂചന. ഹിറ്റ്ലറുടെ ഹോളോകോസ്റ്റിനേക്കാള്‍ ഭീകരമായ വംശഹത്യകളും ഇന്ത്യയിലെ സാമ്പത്തിക ചൂഷണവും ഗ്ലിംപ്സില്‍ സൂചിപ്പിക്കുന്നുണ്ട്. സര്‍ റിച്ചാര്‍ഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യയെ എങ്ങനെയാണ് വരള്‍ച്ചാ മേഖലയാക്കി മാറ്റിയതെന്ന വൈകാരികമായ വസ്തുതകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് സൂചനകള്‍.

ചിത്രത്തില്‍ 'രണബാലി' എന്ന പോരാളിയായി തീപ്പൊരി ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. കുതിരപ്പുറത്തിരുന്ന് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ റെയില്‍വേ ട്രാക്കിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന രംഗം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. രശ്മിക മന്ദാന 'ജയമ്മ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'ഗീതാ ഗോവിന്ദം', 'ഡിയര്‍ കോമ്രേഡ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

'ദി മമ്മി' എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടന്‍ അര്‍നോള്‍ഡ് വോസ്ലൂ ആണ് ചിത്രത്തിലെ പ്രധാന വില്ലന്‍. സര്‍ തിയോഡോര്‍ ഹെക്ടര്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായി അദ്ദേഹം വേഷമിടുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം ഗുല്‍ഷന്‍ കുമാര്‍, ഭുഷന്‍ കുമാര്‍, ടി സീരീസ് ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ഇതൊരു ബയോപിക് അല്ലെന്നും മറിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്‌കാരമാണെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാന്‍-ഇന്ത്യന്‍ തലത്തില്‍ പുറത്തിറങ്ങുന്ന 'രണബലി' ഇന്ത്യന്‍ സിനിമയിലെ തന്നെ വമ്പന്‍ പ്രോജക്റ്റുകളില്‍ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

നിര്‍മ്മാതാക്കള്‍: നവീന്‍ യേര്‍നേനി വൈ രവിശങ്കര്‍, സഹ നിര്‍മ്മാതാവ്: അനുരാഗ് പര്‍വ്വതനേനി, സഹ നിര്‍മ്മാതാവ്: ശിവ ചനാന, പ്രസിഡന്റ് (ടി-സീരീസ്): നീരജ് കല്യാണ്‍, സിഇഒ: ചെറി, സംഗീതം: അജയ് - അതുല്‍, ക്യാമറ: നീരവ് ഷാ, എഡിറ്റിംഗ്: കാര്‍ത്തിക ശ്രീനിവാസ് ആര്‍, രചന: പ്രമോദ് തമ്മിനേനി. പ്രൊഡക്ഷന്‍ ഡിസൈനര്‍: ശിവം റാവു നാഗസനി, ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ആര്‍ ചന്ദ്രശേഖര്‍,

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ചെമ്പോലു സായി ആദിത്യ, കൊറിയോഗ്രാഫി ഡയറക്ടര്‍: ക്രുതി മഹേഷ്, കോസ്റ്റ്യൂം ഡിസൈനര്‍: അര്‍ച്ചന റാവു, കലാസംവിധായകന്‍: വിത്തല്‍ കോശം, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: സുനില്‍ രാജു ചിന്ത, ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍: യാനിക്ക് ബെന്‍, ആന്‍ഡി ലോംഗ് ഗുയെന്‍, റാബിന്‍ സുബ്ബു, സൗണ്ട് ഡിസൈനര്‍: രഘുനാഥ് കെമിസെറ്റി, പബ്ലിസിറ്റി ഡിസൈനര്‍: കബിലന്‍ ചെല്ലിയ, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.

Full View

Rahul Sankrityan
Arnold Voslo, Rashmika Mandanna, Vijay Deverakonda
Posted By on28 Feb 2026 2:35 PM IST
ratings
Tags:    

Similar News