ഓസ്‌കാര്‍ പുരസ്‌കാരം നേടിയ 'നാട്ടു നാട്ടു' ഗാനത്തിന്റെ നൃത്തസംവിധായകന്‍ പ്രേം രക്ഷിത് സംവിധായകനാവുന്നു; നായകന്‍ പ്രഭാസ്

പാന്‍ ഇന്ത്യന്‍ ചിത്രമായി പ്ലാന്‍ ചെയ്യുന്ന ഈ പ്രോജെക്ടിലൂടെ ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഒരു കഥ ആയിരിക്കും അവതരിപ്പിക്കുക എന്നും വാര്‍ത്തകള്‍ പറയുന്നുണ്ട്.;

By :  Bivin
Update: 2025-11-16 13:07 GMT

തെലുങ്ക് സിനിമയിലെ പ്രശസ്ത നൃത്ത സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രേം രക്ഷിത് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന് വാര്‍ത്തകള്‍. പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരമായ പ്രഭാസ് ആയിരിക്കും ചിത്രത്തിലെ നായകനെന്നും, ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി പ്ലാന്‍ ചെയ്യുന്ന ഈ പ്രോജെക്ടിലൂടെ ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഒരു കഥ ആയിരിക്കും അവതരിപ്പിക്കുക എന്നും വാര്‍ത്തകള്‍ പറയുന്നുണ്ട്.

എസ് എസ് രാജമൗലി ഒരുക്കിയ 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും തകര്‍ത്താടിയ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് നൃത്ത സംവിധാനം ചെയ്തതിനാണ് പ്രേം രക്ഷിതിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. ഈ ഗാനത്തിന് മികച്ച ഒറിജിനല്‍ സോങിനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. ഓസ്‌കാര്‍ അവാര്‍ഡ് ഈ ഗാനത്തിന് സമ്മാനിച്ച വേദിയില്‍ നൃത്തസംവിധായകനായി പ്രേം രക്ഷിത്തിന്റെ പേരും പരാമര്‍ശിക്കപ്പെട്ടു എന്ന് മാത്രമല്ല, കഴിഞ്ഞ വര്‍ഷം അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആന്‍ഡ് ആര്‍ട്‌സില്‍ ജോയിന്‍ ചെയ്യാന്‍ അദ്ദേഹത്തിന് ഔദ്യോഗിക ക്ഷണവും ലഭിക്കുകയുണ്ടായി.

ആറ് ഫിലിം ഫെയര്‍ അവാര്‍ഡുകളും മൂന്നു നന്ദി അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുള്ള പ്രേം രക്ഷിത് ഇതിനോടകം തമിഴ്, തെലുങ്ക് ഭാഷകളിലായി 76 ഓളം ചിത്രങ്ങള്‍ക്ക് നൃത്തമൊരുക്കിയിട്ടുണ്ട്. കുരുവി, റെഡി, ബില്ല, മഗധീര, ആര്യ 2 , സിംഹ, ബദരീനാഥ്, വേലായുധം, വീരം, ബാഹുബലി, ബാഹുബലി 2 , മെര്‍സല്‍, രംഗസ്ഥലം, ആര്‍ആര്‍ആര്‍, വീരസിംഹ റെഡ്ഡി, ദസറ, പുഷ്പ 2 , കങ്കുവ എന്നിവയാണ് അദ്ദേഹം നൃത്തമൊരുക്കിയ വമ്പന്‍ ചിത്രങ്ങളില്‍ ചിലത്.

Prem Rakshith
Prabhas
Posted By on16 Nov 2025 6:37 PM IST
ratings
Tags:    

Similar News