സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം 'റാവു ബഹാദൂര്‍' ടീസര്‍ പുറത്ത്

ജിഎംബി എന്റര്‍ടൈന്‍മെന്റ് (മഹേഷ് ബാബു, നമ്രത ശിരോദ്കര്‍), എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റര്‍ടൈന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.;

By :  Bivin
Update: 2025-08-18 07:46 GMT

സത്യദേവിനെ നായകനാക്കി വെങ്കിടേഷ് മഹാ ഒരുക്കിയ 'റാവു ബഹാദൂര്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ എസ് എസ് രാജമൗലിയാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. ജിഎംബി എന്റര്‍ടൈന്‍മെന്റ് (മഹേഷ് ബാബു, നമ്രത ശിരോദ്കര്‍), എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റര്‍ടൈന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ വെങ്കിടേഷ് മഹാ തന്നെ രചനയും നിര്‍വഹിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. സത്യദേവിന്റെ പ്രായമായതും രാജകീയവുമായ രൂപം പ്രേക്ഷകരില്‍ വളരെയധികം കൗതുകം സൃഷ്ടിക്കുകയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്യുന്നുണ്ട്. ഇന്ന് പുറത്തിറങ്ങിയ ടീസര്‍ ചിത്രത്തിന്റെ പ്രതീക്ഷകളെ മറ്റൊരു തലത്തിലേക്കാണ് കൊണ്ട് പോകുന്നത്.

സത്യദേവിന്റെ വാക്കുകളിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്. 'സംശയം ഒരു രാക്ഷസനാണ്' എന്ന ആശയത്തില്‍ ഊന്നിയാണ് സംഭാഷണം ആരംഭിക്കുന്നത്. കഥയ്ക്ക് വ്യത്യസ്തമായ തലങ്ങള്‍ സമ്മാനിച്ച് കൊണ്ടാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത്. ഒന്നിലധികം ഗെറ്റപ്പുകളിലുള്ള സത്യദേവിന്റെ പരിവര്‍ത്തനവും ശരീരഭാഷയുമാണ് ഈ ടീസറിനെ വേറിട്ടു നിര്‍ത്തുന്ന ഘടകം. അതിശയകരമായ അഭിനയത്തിന് പേരുകേട്ട സത്യദേവിന് തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സഹായിക്കുന്ന ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. ടീസറിലെ ഓരോ ഫ്രെയിമും അതിമനോഹരമായും, ചിത്രത്തിന്റെ വ്യാപ്തിയും ഗുണനിലവാരവും കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രീതിയിലുമാണ് ഒരുക്കിയിരിക്കുന്നത്. ഒരു പീരിയഡ് സിനിമയായി ഒരുക്കിയ 'റാവു ബഹാദൂര്‍', അതിന്റെ ദൃശ്യങ്ങള്‍, വിശദാംശങ്ങള്‍, കഥപറച്ചില്‍ എന്നിവയുമായി പ്രേക്ഷകരെ കഴിഞ്ഞകാലത്തിലേക്കു കൂട്ടികൊണ്ട് പോകുന്നതിനൊപ്പം ഒരു വലിയ ദൃശ്യവിരുന്നു തന്നെയാണ് സമ്മാനിക്കുന്നത്.

സി/ഒ കാഞ്ചരാപാലെം, ഉമാ മഹേശ്വര ഉഗ്ര രൂപസ്യ എന്നിവക്ക് ശേഷം വെങ്കിടേഷ് മഹാ ഒരുക്കിയ 'റാവു ബഹാദൂര്‍' ചരിത്രവും സംസ്‌കാരവും മനുഷ്യന്റെ ആഴവും സമന്വയിപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട സൈക്കോളജിക്കല്‍ ഡ്രാമയാണ്. തെലുങ്ക് സിനിമയില്‍ അപൂര്‍വമായി മാത്രമേ ഇത്തരം ശ്രമങ്ങള്‍ നടക്കാറുള്ളു. സാര്‍വത്രിക ആകര്‍ഷണത്തോടെ ആഗോള പ്രേക്ഷകര്‍ക്കായാണ് ഈ തെലുങ്ക് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉയര്‍ന്ന നിര്‍മ്മാണ മൂല്യങ്ങള്‍, അത്യാധുനിക സാങ്കേതിക നിലവാരം, ആഗോള ആകര്‍ഷണം എന്നിവ വാഗ്ദാനം ചെയ്യുന്ന വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. പാന്‍-ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ആയ 'മേജര്‍' എന്ന ചിത്രത്തിന് ശേഷം, ഈ ചിത്രം ജിഎംബി എന്റര്‍ടൈന്‍മെന്റിന്റെ നിര്‍മ്മാണത്തിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നു. 2026 സമ്മറില്‍ ഒന്നിലധികം ഭാഷകളില്‍ സബ് ടൈറ്റിലോട് ഈ ചിത്രം ആഗോള റിലീസായെത്തും. വികാസ് മുപ്പാല, ദീപ തോമസ്, ബാല പരാശര്‍, ആനന്ദ് ഭാരതി, പ്രണയ് വാക, മാസ്റ്റര്‍ കിരണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

രചന, സംവിധാനം, എഡിറ്റര്‍- വെങ്കിടേഷ് മഹാ, അവതരണം- മഹേഷ് ബാബു, നമ്രത ശിരോദ്കര്‍, ജിഎംബി എന്റര്‍ടെയ്ന്‍മെന്റ്, നിര്‍മ്മാതാക്കള്‍- ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, അനുരാഗ് റെഡ്ഡി, ശരത്ചന്ദ്ര, പ്രൊഡക്ഷന്‍ ബാനറുകള്‍- എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റര്‍ടൈന്‍മെന്റ്‌സ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ദിനേശ് യാദവ് ബി, ഛായാഗ്രഹണം- കാര്‍ത്തിക് പര്‍മാര്‍, സംഗീതം- സ്മരന്‍ സായ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- രോഹന്‍ സിംഗ്, പബ്ലിസിറ്റി ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ

Venkidesh Maha
Sathyadev Vikas Muppala
Posted By on18 Aug 2025 1:16 PM IST
ratings
Tags:    

Similar News