സിനിമയുടെ വിജയത്തിന് പിന്നാലെ സംവിധായകന് റേഞ്ച് റോവർ കാർ സമ്മാനിച്ച് ചിരഞ്ജീവി

തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമായ മന ശങ്കരവരപ്രസാദ് ഗാരു ബോക്‌സ് ഓഫീസ് റെക്കോഡുകൾ ഭേദിച്ചാണ് പ്രദർശനം തുടരുന്നത്

Update: 2026-01-30 14:02 GMT

തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമായ മന ശങ്കരവരപ്രസാദ് ഗാരു ബോക്‌സ് ഓഫീസ് റെക്കോഡുകൾ ഭേദിച്ചാണ് പ്രദർശനം തുടരുന്നത്. പടം ഹിറ്റായതോടെ തനിക്ക് ഒരു സൂപ്പർ ഹിറ്റ് സമ്മാനിച്ച സംവിധായകന്‌ വില പിടിപ്പുള്ള സമ്മാനം നൽകി ആദരിച്ചിരിക്കുകയാണ് സൂപ്പർ സ്റ്റാർ ചിരഞ്ജീവി. ലാൻഡ് റോവർ റേഞ്ച് റോവർ സ്‌പോർട്ട് ആണ് സംവിധായകനായ അനിൽ രവിപുഡിക്ക് ചിരഞ്ജീവി സമ്മാനിച്ചിരിക്കുന്നത്.1.59 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള ആഡംബര എസ്‌യുവിയാണ് ചിരഞ്ജീവി സംവിധായകന് സമ്മാനിച്ചത്. പുതിയ സമ്മാനം ലഭിച്ചതിന്റെ സന്തോഷം സംവിധായകൻ തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചപ്പോൾ അർഹിക്കുന്ന അംഗീകാരം അനിലിന് നൽകിയതിന്റെ സന്തോഷം സൂപ്പർ സ്റ്റാറും തന്റെ ആരാധകരുമായി പങ്കുവെച്ചു. മന ശങ്കരവരപ്രസാദ് ഗാരു എന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 300 കോടി രൂപ കടന്നതോടെയാണ് സംവിധായകന് സമ്മാനവുമായി ചിരഞ്ജീവി എത്തിയത്.അത്യാഡംബര എസ്‌യുവി. നിർമാതാക്കളായ ലാൻഡ് റോവറിന്റെ മുൻനിര മോഡലുകളിൽ പ്രധാനിയാണ് റേഞ്ച് റോവർ സ്പോർട്ട്. അടുത്തിടെ രൂപമാറ്റം വരുത്തി വിപണിയിൽ എത്തിയ ഈ വാഹനത്തിന് പെട്രോൾ,ഡീസൽ എൻജിനുകൾ കരുത്തേകുന്നുണ്ട്. എന്നാൽ, ഇതിൽ ഏത് പതിപ്പാണ് സംവിധായകന് സമ്മാനമായി ലഭിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. നിരവധി അത്യാഡംബര ഫീച്ചറുകളുടെ അകമ്പടിയിൽ എത്തിയിട്ടുള്ള ഈ വാഹനം സെലിബ്രിറ്റികളുടെ ഇഷ്ടചോയിസുകളിൽ ഒന്നാണ്.

394 ബിഎച്ച്പി പവറും 550 എൻഎം ടോർക്കുമേകുന്ന 3.0 ലിറ്റർ ആറ് സിലിണ്ടർ എൻജിനാണ് പെട്രോൾ മോഡലിൽ കരുത്തേകുന്നത്. ഡീസൽ മോഡലിലും 3.0 ലിറ്റർ എൻജിനാണ് പ്രവർത്തിക്കുന്നത്. ഇത് 345 ബിഎച്ച്പി പവറും 700 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഫോർ വീൽ ഡ്രൈവ് സംവിധാനത്തിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.റേഞ്ച് റോവർ എസ്.യു.വികളുടെ സിഗ്‌നേച്ചർ ഡിസൈൻ ശൈലി നിലനിർത്തി അകത്തളത്തിൽ നിരവധി ഫീച്ചറുകൾ നൽകിയാണ് ഈ വാഹനം എത്തിയിരിക്കുന്നത്. വാഹനത്തിനുള്ളിലെ എയർ കൂടുതൽ ശുദ്ധമാക്കുന്നതിനുള്ള ക്യാബിൻ എയർ അയണൈസേഷൻ, ക്ലിയർസൈറ്റ് റിയർവ്യൂ മിറർ, പിവി പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയ്ക്കൊപ്പം ദീർഘദൂര യാത്രകൾ ഏറെ കംഫർട്ടബിൾ ആക്കുന്നതിന് ഹീറ്റഡ് സീറ്റുകളും ഹോട്ട്സ്റ്റോൺ മസാജ് സീറ്റുകളുമാണ് ഈ വാഹനത്തിന്റെ സവിശേഷത.

Similar News