ബോളിവുഡ് ചിത്രം ധുരന്ധര്‍ 2 ന് അപ്രതീക്ഷിത പ്രതിസന്ധി

വൈകിട്ട് ആരംഭിക്കേണ്ടിയിരുന്ന തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളുടെ പ്രിവ്യൂ ഷോകള്‍ മുടങ്ങി

Update: 2026-03-18 14:04 GMT

ബോളിവുഡില്‍ നിന്നെത്തി ഇന്ത്യ മുഴുവന്‍  ചലനമുണ്ടാക്കിയ ചിത്രമാണ് ധുരന്ധര്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ നാലാമത്തെ വിജയവുമായിരുന്നു ഈ ചിത്രം. വെറും മൂന്ന് മാസങ്ങള്‍ക്കിപ്പുറം ഒരു ചിത്രത്തിന്‍റെ രണ്ടാം ഭാ​ഗം തിയറ്ററുകളില്‍ എത്തുന്നു എന്ന അപൂര്‍വ്വതയ്ക്കും ഇന്ത്യന്‍ സിനിമാലോകം സാക്ഷ്യം വഹിക്കുകയാണ്. ധുരന്ധറിന്‍റെ രണ്ടാം ഭാ​ഗമായ ധുരന്ധര്‍ ദി റിവെഞ്ചിന്‍റെ റിലീസ് തീയതി നാളെയാണ്. അതേസമയം ചിത്രത്തിന്‍റെ പ്രീമിയര്‍ ഷോകള്‍ ഇന്ന് രാജ്യമെമ്പാടുമായി പ്ലാന്‍ ചെയ്തിരുന്നു. ഇന്ന് വൈകിട്ട് 4.45 മുതലാണ് ധുരന്ധര്‍ 2 ന്‍റെ പ്രിവ്യൂ ഷോകള്‍ ഇന്ന് നടക്കുന്നത്. എന്നാല്‍ പ്രീമിയര്‍ ഷോ ദിനത്തില്‍ ഒരു അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുകയാണ് ധുരന്ധര്‍ 2 ടീം.‌

വൈകിട്ട് ആരംഭിക്കേണ്ടിയിരുന്ന ഹിന്ദി ഒഴികെയുള്ള തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളുടെ പ്രിവ്യൂ ഷോകള്‍ അടക്കം മുടങ്ങിയിരിക്കുകയാണ്. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കേരളം അടക്കമുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഈ പതിപ്പുകള്‍ ലഭ്യമാവുക. ഇന്ന് നടക്കുന്ന പ്രിവ്യൂ ഷോകള്‍ക്ക് അടക്കം തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകള്‍ക്കടക്കം അഡ്വാന്‍സ് ടിക്കറ്റ് ബുക്കിം​ഗും നടന്നിരുന്നു. കേരളത്തില്‍ ഹിന്ദിക്ക് പുറമെ മലയാളം, തമിഴ് പതിപ്പുകളുമുണ്ട്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഹിന്ദി ഒഴികെയുള്ള ഭാഷാ പതിപ്പുകളുടെ പ്രിവ്യൂ ഷോകള്‍ മുടങ്ങിയിരിക്കുകയാണ്. നിര്‍മ്മാതാക്കളില്‍ നിന്നും ലഭിക്കേണ്ട ഡിജിറ്റല്‍ ഉള്ളടക്കത്തിന്‍റെയും കീ ഡെലിവറി മെസേജിന്‍റെയും വൈകലാണ് പ്രദര്‍ശനങ്ങള്‍ തടസപ്പെടാന്‍ കാരണം.


ബെം​ഗളൂരുവിലും ഹൈദരാബാദിലും കൊച്ചിയിലും തിരിവനന്തപുരത്തുമെല്ലാം സമാന സാഹചര്യമാണ്. അതേസമയം ഹിന്ദി പതിപ്പുകളുടെ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഹിന്ദി പതിപ്പുകള്‍ക്ക് ഒപ്പം പ്രദര്‍ശിപ്പിക്കാനുള്ള ഇം​ഗ്ലീഷ് സബ്ടൈറ്റിലും സമയത്ത് ലഭ്യമായില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. വന്‍ തോതിലുള്ള അഡ്വാന്‍സ് ബുക്കിം​ഗ് നടന്നത് ഷോകള്‍ ക്യാന്‍സല്‍ ചെയ്യേണ്ടിവന്നതോടെ തിയറ്ററുകാര്‍ക്കും ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ്‍ഫോമുകള്‍ക്കും പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തില്‍ മാത്രം പ്രിവ്യൂ ഷോകള്‍ക്ക് മാത്രമായി ഒരു കോടിക്ക് മുകളില്‍ ധുരന്ധര്‍ 2 കളക്റ്റ് ചെയ്തിരുന്നു. അതേസമയം സാങ്കേതിക പ്രതിസന്ധി എത്രയും വേ​ഗം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് തിയറ്ററുകാര്‍.

Tags:    

Similar News