പനമ്പിള്ളി നഗറില്‍ ചായ കുടിച്ച് സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും! പ്രിയദര്‍ശന്‍ ചിത്രത്തിന് കൊച്ചിയില്‍ തുടക്കം

ബോളിവുഡില്‍ ഒട്ടേറെ ഫണ്‍ എന്റര്‍ടെയ്‌നറുകള്‍ ഒരുക്കിയ പ്രിയന്റെ പുതിയ ചിത്രം ഒരു ഹൈ ഒക്ടെയ്ന്‍ ത്രില്ലറാണെന്നാണ് സൂചന.;

By :  Bivin
Update: 2025-08-23 09:07 GMT

ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ ശ്രദ്ധേയ സംവിധായകന്‍ മലയാളത്തിന്റെ സ്വന്തം പ്രിയദര്‍ശന്റെ പുതിയ ബോളിവുഡ് ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി. പനമ്പിള്ളി നഗറിലെ ഒരു ടീ ഷോപ്പിന് മുമ്പില്‍ ചായ കുടിച്ചുകൊണ്ടു നില്‍ക്കുന്ന സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ചേര്‍ന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിയദര്‍ശന്‍ സോഷ്യല്‍ മീഡിയയിലൂടെ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സ്, തേസ്പിയന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്ന ചിത്രത്തിന് 'ഹയ്‌വാന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബോളിവുഡില്‍ ഒട്ടേറെ ഫണ്‍ എന്റര്‍ടെയ്‌നറുകള്‍ ഒരുക്കിയ പ്രിയന്റെ പുതിയ ചിത്രം ഒരു ഹൈ ഒക്ടെയ്ന്‍ ത്രില്ലറാണെന്നാണ് സൂചന.

ഒട്ടേറെ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള സെയ്ഫും അക്ഷയ് കുമാറും നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരുമിച്ച് വീണ്ടുമെത്തുന്നത്. 'തഷാന്‍' ആണ് ഇരുവരും ഒരുമിച്ചഭിനയിച്ച ഒടുവിലത്തെ ചിത്രം. സാബു സിറിലാണ് ഹയ്‌വാന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍, ദിവാകര്‍ മണിയാണ് ഛായാഗ്രാഹകന്‍, എം.എസ് അയ്യപ്പന്‍ നായരാണ് എഡിറ്റര്‍, അരോമ മോഹനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

കൊച്ചിയില്‍ ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിന് ഇനി വാഗമണ്‍, ഊട്ടി, ബോംബെ എന്നിവിടങ്ങളാണ് അടുത്ത ലൊക്കേഷനുകള്‍. 'ഭൂത് ബംഗ്ല'യ്ക്ക് ശേഷമാണ് പ്രിയദര്‍ശന്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് കടന്നിരിക്കുന്നത്. 'ഭൂത് ബംഗ്ല' ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. 'അപ്പാത്ത'യാണ് പ്രിയദര്‍ശന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Priyadarshan
Akshaykumar Saif Ali Khan
Posted By on23 Aug 2025 2:37 PM IST
ratings
Tags:    

Similar News