'എന്റെ സ്വപ്‌നങ്ങളൊന്നും നടന്നില്ല, കാണാത്തതൊക്കെ സത്യമായി!'

Actor Rahman remembers his childhood;

Update: 2025-11-06 15:50 GMT

റഹ്‌മാന്‍, മലയാള സിനിമയ്ക്ക് കഥകളുടെ ഗന്ധര്‍വന്‍ പത്മരാജന്‍ സമ്മാനിച്ച ചോക്ലേറ്റ് ഹീറോ. കൂടെവിടെ എന്ന സിനിമയിലൂടെ എത്തി പ്രേക്ഷകരുടെ മനം കവര്‍ന്നു റഹ്‌മാന്‍ എന്ന പൊടിമീശക്കാരന്‍ പയ്യന്‍. തുടര്‍ന്ന് മലയാള സിനിമയിലെ തിരക്കുള്ള താരമായി റഹ്‌മാന്‍ മാറി. തെന്നിന്ത്യന്‍ സിനിമയില്‍ ഇപ്പോഴും സജീവമായി റഹ്‌മാന്‍ തുടരുന്നു.

42 വര്‍ഷം മുമ്പുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് റഹ്‌മാന്‍, സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ. സ്‌കൂള്‍ വിദ്യാഭ്യാസ കാലവും പിന്നീട് സിനിമയുടെ തിളക്കത്തിലേക്ക് എത്തപ്പെട്ടതും റഹ്‌മാന്‍ ഓര്‍ക്കുന്നു.

Full View

റഹ്‌മാന്റെ ഓര്‍മകള്‍:

മനസ് 42 വര്‍ഷം പിന്നിലേക്കു പോകുകയാണ്. ഒരു ഫുട്‌ബോള്‍ താരമാകുന്നതും സ്‌പോര്‍ട്‌സ് താരമാകുന്നതുമൊക്കെ സ്വപ്നം കണ്ട് കഴിഞ്ഞിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിയായ റഷീന്‍ റഹ്‌മാന്‍ എന്ന എന്റെ കൗമാരകാലത്തിലേക്ക്.

ഊട്ടിയിലെ റെക്‌സ് സ്‌കൂളിലെ ആ പത്താംക്ലാസ് വിദ്യാര്‍ഥി ഭാവിക്കുറിച്ച് അന്നു കണ്ട സ്വപ്നങ്ങളൊന്നും യാഥാര്‍ഥ്യമായില്ല. പക്ഷേ, കാണാത്തതൊക്കെ സത്യമാകുകയും ചെയ്തു.

കൂടെവിടെയിലൂടെ സിനിമാലോകത്തേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍, സിനിമയെക്കുറിച്ച് ഒരു ചുക്കും അറിയില്ലായിരുന്നു. പക്ഷേ, ആത്മവിശ്വാസത്തിന് ഒരു കുറവുമില്ലായിരുന്നു. കാരണം സ്‌കൂള്‍ ക്യാപ്റ്റനായും ഫുട്‌ബോള്‍ താരമായും അത്‌ലറ്റായുമൊക്കെ സ്‌കൂളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു ഞാനന്ന്. സിനിമയുടെ വലിയ ലോകത്തേക്ക് കൂസലില്ലാതെ കടന്നുകയറാനും അവിടെ ചെറുതല്ലാത്ത ഒരു സ്ഥാനം ഉറപ്പിക്കാനും എനിക്കു കഴിഞ്ഞു.

അതിനുള്ള ആത്മവിശ്വാസം എനിക്കു പകര്‍ന്നു തന്നത് എന്റെ പ്രിയപ്പെട്ട വിദ്യാലയമാണ്. ഇപ്പോള്‍ സുവര്‍ണ ജൂബിലിയുടെ തിളക്കത്തില്‍ നില്‍ക്കുന്ന ഊട്ടി റെക്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

നാലു വര്‍ഷം ഞാന്‍ പഠിച്ച സ്‌കൂളാണിത്. ആ ഓര്‍മകളൊക്കെ ഇന്നും എനിക്കൊപ്പമുണ്ട്. ക്ലാസ് മുറികള്‍, ഇടനാഴികള്‍, അവിടെ മുഴങ്ങിയ പൊട്ടിച്ചിരികള്‍, രൂപം കൊണ്ട സൗഹൃദങ്ങള്‍ എല്ലാം...

എനിക്കു ശേഷം എത്രയെത്ര കുട്ടികള്‍, പറക്കാനുള്ള ചിറകുകളും സ്വന്തമാക്കി, അവിടെ നിന്ന് പഠിച്ചുപുറത്തിറങ്ങി. അവര്‍ക്കും ഇത്തരം ഒരുപാട് ഓര്‍മകളുണ്ടാവുമെന്ന് എനിക്കുറപ്പാണ്.

എന്റെ പ്രിയപ്പെട്ട സ്‌കൂളിന്റെ ജൂബിലി ആഘോഷങ്ങള്‍ ഊട്ടിയില്‍ നടക്കുമ്പോള്‍, ഞാനും അവിടെയുണ്ടാകും.

വഴിനടത്തിയ അധ്യാപകരെ കാണാനും സൗഹൃദങ്ങള്‍ പുതുക്കാനും ഓര്‍മകള്‍ അടരാതെ ഉറപ്പിക്കാനുമായി ഞങ്ങളെല്ലാം ഊട്ടിയിലെത്തുകയാണ്. അമ്പത് സുവര്‍ണ വര്‍ഷങ്ങള്‍ ഒരു ഫ്‌ലാഷ് ബാക്ക് പോലെ ഇതാ മുന്നില്‍...

സ്‌നേഹത്തോടെ,

റഹ് മാന്‍


Tags:    

Similar News