മരണവീട്ടിലാണ് മികച്ച നടന്മാര്‍! ടിനി ടോം തിരക്കഥ എഴുതുകയാണ്

Interview with actor Tini Tom

Update: 2026-01-25 09:13 GMT


ഹണി വി.ജി.

മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ നടനാണ് ടിനി ടോം. നിര്‍മിത ബുദ്ധി കാലത്ത് എന്താണ് മിമിക്രിയുടെ പ്രസക്തി? കല ആത്മാവുള്ളതാകണമെന്ന് ടിനി ടോം പറയുന്നു. 'ഇന്നത്തെ കാലത്ത് മിമിക്രി എഐ ഉപയോഗിച്ചും ചെയ്യാം. പക്ഷേ, അതില്‍ ഇമോഷന്‍ ഉണ്ടാകില്ല, ആത്മാവ് ഉണ്ടാകില്ല. മിമിക്രി കലാകാരന് ശരീരത്തെയും മനസ്സിനെയും വഴക്കത്തിലാക്കുന്ന പരിശീലനമാണ്. കഥകളിക്ക് മുമ്പ് കളരി അഭ്യസിക്കുന്ന പോലെ.

മിമിക്രി വണ്‍ ഹൂ ഇമിറ്റേറ്റ്‌സ് അദേഴ്‌സ് എന്ന നിലയില്‍ നിന്നാണ് തുടങ്ങുന്നത്. പക്ഷേ അഭിനയത്തിന് ആവശ്യം നമ്മള്‍ തന്നെ ആവുകയാണ്. അതുകൊണ്ടാണ് ഞാന്‍ സ്‌ക്രീനിലേക്ക് കയറുമ്പോള്‍ മിമിക്രി പൂര്‍ണമായും 'കട്ട് ഓഫ്' ചെയ്യുന്നത്.

എന്റെ അഭിനയത്തില്‍ ആരെയും അനുകരിച്ചതായി തോന്നിയിട്ടില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. സംവിധായകന്‍ രഞ്ജിത്ത് നല്‍കിയ ഏറ്റവും വലിയ നിര്‍ദ്ദേശവും അതായിരുന്നു.

മിമിക്രി ഒരു തുടക്കക്കാരന് സഹായകമാണ്. പക്ഷേ, അതില്‍ നിന്നു മുന്നോട്ട് പോകണമെങ്കില്‍ സ്വന്തം വ്യക്തിത്വം കണ്ടെത്തണം. ഇന്ന് വേദികളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് മിമിക്രി പരിപാടികള്‍ക്കായിരിക്കും. പക്ഷേ ടെക്‌നോളജിയില്‍ മാത്രം അധിഷ്ഠിതമായ മിമിക്രിക്ക് ദീര്‍ഘകാല നിലനില്‍പ്പ് ഉണ്ടാകില്ല. അത് ഉറപ്പാണ്. ടിനി ടോം പറയുന്നു. 


മിമിക്രിയില്‍ നിന്ന് സിനിമയിലേക്കുള്ള യാത്ര?

മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തുന്നവര്‍ക്ക് ഒരു പരിചയം ഉണ്ടാകും. ആ രീതിയില്‍ എനിക്കും അത് ഗുണകരമായി. പക്ഷേ അത് ഒരു പാസ്പോര്‍ട്ട് മാത്രമാണ്. അവിടെ എത്തിച്ചേരാന്‍ സഹായിക്കും. പക്ഷേ, അവിടെ നിലനില്‍ക്കണമെങ്കില്‍ സ്വന്തം കഴിവ് തെളിയിക്കണം. അല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ല.

കലയില്‍ നിലനില്‍ക്കാന്‍ ഏറ്റവും പ്രധാനം എന്താണ്?

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍, രാഷ്ട്രീയവും മതവും കലയില്‍ നിന്ന് മാറ്റി നിര്‍ത്തണം. ജനങ്ങള്‍ കലാകാരനെ ഇഷ്ടപ്പെടുന്നത് അവന്റെ കലയോടുള്ള സ്‌നേഹത്തിലാണ്. കല ദൈവദത്തമായ കഴിവാണ്. അത് ഒരു വിഭാഗത്തിനല്ല, മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. അതേസമയം, ഒരു സാമൂഹിക പ്രശ്‌നം ഉണ്ടാകുമ്പോള്‍ ആദ്യം പ്രതികരിക്കേണ്ടത് കലാകാരനാണ്. സമൂഹത്തോടുള്ള പ്രതിബദ്ധത ഏറ്റവും കൂടുതല്‍ കലാകാരനിലായിരിക്കണം. സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ ഭയപ്പെടരുത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, നിലപാട് പറയാനും ഭയമില്ലാതിരിക്കണം. ഫ്രീഡം ഒഫ് എക്‌സ്പ്രഷന്‍ ഇല്ലെങ്കില്‍ കലയും ഇല്ല. അതേസമയം ഇന്നത്തെ കാലത്ത് അതൊരു അപകടകരമായ വഴിയുമാണ്. വാക്കുകള്‍ വളച്ചൊടിക്കപ്പെടും. എങ്കിലും പറയേണ്ടത് വ്യക്തമായി പറയണം.

അഭിനേതാവില്‍ നിന്ന് സംഘടനാ പ്രവര്‍ത്തകനാകുമ്പോള്‍?

വലിയ വെല്ലുവിളികളൊന്നും ഉണ്ടായിട്ടില്ല. എല്ലാത്തിനും ഒരു സമയം ഉണ്ട്. പഴം പഴുക്കുന്നതുപോലെ കാത്തിരിക്കണം. ഞാന്‍ ഇപ്പോള്‍ 'അമ്മ'യില്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ലാലേട്ടന്റെ മൂന്ന് കമ്മിറ്റികളിലും, ശ്വേത മേനോന്റെ കമ്മിറ്റിയിലും അംഗമാണ്. പലരും പൊഴിഞ്ഞുപോയപ്പോള്‍ ഞാന്‍ നിലനിന്നത് സത്യസന്ധമായി പ്രവര്‍ത്തിച്ചതിനാലാണ്. രാഷ്ട്രീയമോ ജാതിയോ മതമോ പറയാതെ, എന്റെ കാഴ്ചപ്പാട് ഞാന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അതാണ് നിലനില്‍പ്പിന്റെ കാരണം.

ഇന്നത്തെ സിനിമാ മേഖലയിലെ ഏറ്റവും വലിയ പ്രതിസന്ധി?

പ്രതിസന്ധി എല്ലാ കാലത്തും ഉണ്ടാകും. അവിടെ ഒരു ഫൈറ്റര്‍ ആയി നിലനില്‍ക്കണം. മമ്മൂക്ക ഒരിക്കല്‍ പറഞ്ഞ വാക്ക് എനിക്ക് എപ്പോഴും ഓര്‍മ്മയുണ്ട് 'സിനിമയ്ക്ക് എന്നെ ആവശ്യമില്ല, എനിക്കാണ് സിനിമയെ ആവശ്യം.' അവസരങ്ങള്‍ തേടി തന്നെ ചെല്ലണം. പക്ഷേ, ചോദിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകരുത്. അവിടെയും ഓചിത്യബോധം ആവശ്യമാണ്.


'അമ്മ'യെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍?

'അമ്മ'യ്ക്ക് കൃത്യമായ പി.ആര്‍. വര്‍ക്ക് ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം. സിനിമ ഒരു രാജ്യത്തിന് നല്‍കുന്ന സാമ്പത്തിക സംഭാവനകള്‍ പലര്‍ക്കും അറിയില്ല. സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് വലിയൊരു ശതമാനമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് നികുതിയായി പോകുന്നത്. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന കലാകാരനാണ് ഏറ്റവും കൂടുതല്‍ നാടിന് സംഭാവന ചെയ്യുന്നത്. അതായത് അദ്ദേഹമാണ് നികുതി കൂടുതല്‍ അടക്കുന്നത്!

കലാകാരന്മാര്‍ സ്വന്തം ശരീരത്തോട് പോലും ക്രൂരത കാണിച്ച് അഭിനയിക്കുന്നവരാണ്. കനത്ത ചൂടിലും ഷൂട്ടിംഗ് നടത്തുന്നത് നിര്‍മ്മാതാവിന്ന ഷ്ടമുണ്ടാകാതിരിക്കാനാണ്. നിര്‍മ്മാതാവ് സിനിമയുടെ മാതാവാണ്. അവരെ വേദനിപ്പിച്ചുള്ള പ്രവര്‍ത്തനം ദീര്‍ഘകാലം നിലനില്‍ക്കില്ല.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെ സമര്‍പ്പണം നമ്മള്‍ നേരിട്ട് കണ്ടതാണ്. നൂറ് ശതമാനം ഡെഡിക്കേഷന്‍ ഉണ്ടെങ്കില്‍ എവിടെ വരെ എത്താം എന്നതിന്റെ ഉദാഹരണങ്ങളാണ് അവര്‍.

'അമ്മ'യില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന മാറ്റം

ഒരുപാട് വര്‍ഷങ്ങള്‍ സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച കലാകാരന്മാര്‍ക്ക് വേണ്ടി ഒരു ഓള്‍ഡ് ഏജ് ഹോം തുടങ്ങണം എന്നത് എന്റെ വലിയ സ്വപ്നമാണ്. സിനിമ ജീവിതത്തിന് ശേഷം അവര്‍ക്ക് ഒരുമിച്ച്, സമാധാനത്തോടെ കഴിയാന്‍ ഒരിടം ഒരുക്കുക. അത് ഒരിക്കല്‍ യാഥാര്‍ത്ഥ്യമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

പുതിയ പ്രൊജക്ടുകള്‍?

ഓട്ടന്‍തുള്ളല്‍, പെരുങ്കളിയാട്ടം, ശുക്രന്‍, ചേര എന്നീ ചിത്രങ്ങള്‍ വരാനുണ്ട്. ഇതില്‍ പെരുങ്കളിയാട്ടത്തില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ്. വലിയ പ്രതീക്ഷയോടെയാണ് ഞാന്‍ അതിനെ കാണുന്നത്.

കൂടാതെ തിരക്കഥ എഴുത്തും പുരോഗമിക്കുന്നു. ജീവിതാനുഭവങ്ങളെ ആധാരമാക്കിയ ഹ്യൂമറിന് പ്രാധാന്യമുള്ള ഒരു ചിത്രം ആയിരിക്കും അത്. ഏറ്റവും മികച്ച അഭിനേതാക്കള്‍ മരണവീട്ടിലാണ്' എന്ന ആശയം ചിത്രത്തില്‍ പ്രതിപാദിക്കും.

Tags:    

Similar News