പാട്യത്ത് നിന്ന് മലയാള സിനിമയിലേക്ക്, മണിമുഴക്കി എത്തിയ ശ്രീനിവാസന്‍
Actor Sreenivasan passes away;
മലയാളിക്ക്, മലയാള സിനിമയ്ക്ക് ആരായിരുന്നു ശ്രീനിവാസന്‍? മലയാളിയെ ചിരിപ്പിച്ച, അതിലേറെ ചിന്തിപ്പിച്ച ചലച്ചിത്രകാരന്‍. നാലുപതിറ്റാണ്ടോളമായി ശ്രീനിവാസന്റെ കറുത്ത ഹാസ്യം മലയാളി ജീവിതത്തിന്റെ ഭാഗമാണ്. ശ്രീനിവാസന്‍ സിനിമകളിലെ സംഭാഷണങ്ങളും കഥാപാത്രങ്ങളും മലയാളി ജീവിതത്തിന്റെ ഭാഗമാണ്. ദാസനും വിജയനും തളത്തില്‍ ദിനേശനും പവനായിയും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്.
1956 ഏപ്രില്‍ 4-ന് തലശ്ശേരിക്കടുത്തുള്ള പാട്യത്താണ് ശ്രീനിവാസന്‍ ജനിച്ചത്. മട്ടന്നൂര്‍ പഴശിരാജ എന്‍എസ്എസ് കോളേജില്‍ നിന്ന് ബിരുദവും മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ചലച്ചിത്ര അഭിനയത്തില്‍ പരിശീലനവും നേടി. 1977-ല്‍ പി എ ബക്കറുടെ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്.
പൂച്ചയ്‌ക്കൊരു മൂക്കൂത്തിയാണ് തിരക്കഥ എഴുതിയ ആദ്യ ചിത്രം. വടക്കുനോക്കി യന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങള്‍ എഴുതി, സംവിധാനം ചെയ്ത് അഭിനയിച്ചു. ഈ ചിത്രങ്ങള്‍ക്ക് ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. 1991-ലാണ് രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം സന്ദേശം പുറത്തുവന്നത്. ഇപ്പോഴും ഈ ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ട് മലയാള സിനിമയില്‍ തരംഗമായി. നാടോടിക്കാറ്റ്, വരവേല്‍പ്പ്, സന്ദേശം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങി നിരവധി ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടിലൂടെ പിറന്നു.
കമല്‍, പ്രിയദര്‍ശന്‍ എന്നീ സംവിധായര്‍ക്കു വേണ്ടിയും ശ്രദ്ധേയമായ തിരക്കഥകള്‍ എഴുതി. മഴയെത്തും മുമ്പേ, സന്ദേശം എന്നീ ചിത്രങ്ങള്‍ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. 2018-ല്‍ ഡിസംബറില്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശനാണ് ശ്രീനിവാസന്‍ ഏറ്റവും ഒടുവില്‍ തിരക്കഥ എഴുതിയ ചിത്രം.