ദുരിതം നിറഞ്ഞ നീണ്ട യാത്രയാണ്, ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചു, വിലായത്ത് ബുദ്ധ ഭാഗ്യ സിനിമ
Interview with actor Palani Swami;
ഹണി വി ജി
അട്ടപ്പാടിയില്‍ ജനിച്ചു വളര്‍ന്ന പഴനിസ്വാമിക്ക് ചെറുപ്പം മുതലേ സിനിമ വലിയൊരു സ്വപ്നമായിരുന്നു. വനം വകുപ്പില്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റായ പഴനി സ്വാമി, ജോലിയോടൊപ്പം കലാജീവിതവും മുന്നോട്ടുകൊണ്ടുപോവുന്നു.
അട്ടപ്പാടിയില്‍ ചിത്രീകരിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ഫൈസല്‍ എന്ന എക്‌സൈസ് ഓഫിസറുടെ വേഷം പഴനി സ്വാമി അഭിനയിച്ചു. അതേറെ ശ്രദ്ധിക്കപ്പെട്ടു. ഇതുവരെ ചെറുതും വലുതുമായി എട്ടോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.
മുഴുനീള കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രം 'വിലായത്ത് ബുദ്ധ'യില്‍ പളനി സ്വാമി എത്തിയത്. പൃഥ്വിരാജിന്റെ ഡബിള്‍ മോഹന്‍ എന്ന കഥാപാത്രത്തിനൊപ്പം അഞ്ചംഗ സംഘത്തിലെ ഒരാളായി പഴനി സ്വാമി വേഷമിട്ടു. കലാജീവിതവും ഇതുവരെയുള്ള ജീവിതയാത്രയും പഴനി സ്വാമി പറയുന്നു.
വിലായത്ത് ബുദ്ധ നല്‍കിയ ഭാഗ്യം
വിലായത്ത് ബുദ്ധയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി പേര്‍ സിനിമ കണ്ട് വിളിക്കുന്നുണ്ട്. ഏറെ സന്തോഷം. അങ്ങനെ ഒരു റോള്‍ കിട്ടിയത് ഭാഗ്യമായി കരുതുന്നു. വിലായത്ത് ബുദ്ധയിലെ കഥാപാത്രത്തിനായി ചെറിയ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. താടി വളര്‍ത്തി. ഈ കാലയളവില്‍, ഈ ചിത്രത്തിനായി വേറെ പല സിനിമകളും ഒഴുവാക്കിയിരുന്നു. ഇതിലേക്ക് മാത്രം കൂടുതല്‍ ശ്രദ്ധിച്ചു. അതിന്റെ ഫലം ലഭിച്ചു.
ജോലിയും കലയും ഒരുമിച്ച്
വനം വകുപ്പില്‍ ബീറ്റ് അസിസ്റ്റന്റായാണ് ജോലി ചെയ്യുന്നത്. 12 വര്‍ഷമായി ജോലി ചെയ്യുന്നു. കലാജീവിതത്തില്‍ എല്ലാവരില്‍ നിന്നും പിന്തുണ ലഭിച്ചിട്ടുണ്ട്. ഇരുള വിഭാഗത്തിന്റെ തനത് പാട്ടും നൃത്തവും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ഡെപ്യൂട്ടി റെയ്ഞ്ചര്‍, റെയ്ഞ്ച് ഓഫിസര്‍, ഡിഎഫ്ഓ എല്ലാവരും നല്ല പിന്തുണയാണ് നല്‍കുന്നത്. അത് എല്ലാ കാലത്തും കിട്ടിയിട്ടുണ്ട്. അതെല്ലാം വലിയൊരു ഭാഗ്യമായി കാണുന്നു. കലാരംഗത്ത് നഞ്ചിയമ്മയെ പോലുള്ളവര്‍ക്ക് അംഗീകാരം ലഭിച്ചത് ഏറെ സന്തോഷം നല്‍കി.
അട്ടപ്പാടി എന്ന ഭൂപ്രദേശം
അട്ടപ്പാടി പോലെ കേരളത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഭൂപ്രദേശത്താണ് ജനിച്ചു വളര്‍ന്നത്. പക്ഷേ കഴിവുണ്ടെങ്കില്‍ അത് തിരിച്ചറിയപ്പെടും. എന്നാല്‍ അതിനായി പ്രയത്‌നിക്കണം. കഠിനമായി ശ്രമിക്കണം. എല്ലാവര്‍ക്കും കഴിവുണ്ട്. കഴിവില്ലാവാത്തവരായി ആരുമില്ല. അട്ടപ്പാടിയിലുള്ളവര്‍ ഒരുപാട് സ്‌നേഹവും പിന്തുണയും എനിക്ക് തുടക്കം മുതലേ നല്‍കുന്നു. ഇപ്പോഴും ലഭിക്കുന്നു.
2004 മുതല്‍ ആണ് പ്രധാനമായും കലാരംഗത്ത് സജീവമായത്. അന്ന് നല്ല പിന്തുണയാണ് എല്ലാവരില്‍ നിന്നും കിട്ടിയത്. പ്രത്യേകിച്ചും എഴുത്തുകാരനും സുഹൃത്തുമായ വി.എച്ച് ദിരാര്‍ നല്‍കിയത്. അദ്ദേഹം എന്നെ കുറിച്ച് എഴുതി. അതാണ് സിനിമയിലേക്കുള്ള വാതില്‍ തുറന്നത്.
സിനിമയില്‍ നേരിട്ട വെല്ലുവിളികള്‍
സിനിമയിലുള്ളവരെ പരിചയപ്പെടാന്‍ 10 വര്‍ഷം വേണ്ടി വന്നു. അതൊരു വെല്ലുവിളി ആയിരുന്നു. അട്ടപ്പാടിയില്‍ നിന്നായത് കൊണ്ട് തന്നെ അവസരങ്ങള്‍ കുറഞ്ഞു. എങ്കിലും ശ്രമിച്ചുകൊണ്ടേയിരുന്നു. അയ്യപ്പനും കോശിയും ചെയ്ത ശേഷം അടുത്ത അവസരത്തിനായി പിന്നെയും കാത്തിരിക്കേണ്ടി വന്നു. 16 വയസ്സ് മുതല്‍ മനസ്സില്‍ കടന്ന് കൂടിയതാണ് സിനിമ. ചിലപ്പോഴൊക്കെ നിരാശയും തോന്നിയിട്ടുണ്ട്.
തിരിഞ്ഞു നോക്കുമ്പോള്‍
വലിയൊരു യാത്ര ആയിരുന്നു. കുട്ടിക്കാലം വളരെ ദുരിത പൂര്‍ണ്ണമായിരുന്നു. ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചു. അച്ഛനമ്മമാര്‍ ഞാന്‍ 6 വയസുള്ളപ്പോള്‍ വേര്‍പിരിഞ്ഞ്, വേറെ വിവാഹം കഴിച്ചു. പിന്നീട് മുത്തശ്ശിയാണ് എന്നെ വളര്‍ത്തിയത്. മുത്തശ്ശി ആടിനെ വളര്‍ത്തിയാണ് ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്. ഒന്നുമില്ലായ്മയില്‍ നിന്ന് ഇവിടെ വരെ എത്തി. വലിയൊരു അനുഭവമാണ്. ഇപ്പോള്‍ കേരളത്തില്‍ എവിടെ പോയാലും ആളുകള്‍ തിരിച്ചറിയുന്നു, ഫോട്ടോ എടുക്കുന്നു. അതിന്റെ നന്ദി ദൈവത്തോടും ഡയറക്ടര്‍മാരായ സച്ചി സാര്‍, ജയന്‍ നമ്പ്യാര്‍ എന്നിവരോട് പറയുന്നു. ഞാന്‍ ആഗ്രഹിച്ചിരുന്ന തരം കഥാപാത്രത്തെയാണ് വിലായത്ത് ബുദ്ധയില്‍ ലഭിച്ചത്. ഒരുപാട് നല്ല മനസ്സിനുടമകള്‍ ഈ ഭൂമുഖത്തുണ്ട്. അവരിലേക്ക് എത്തിപ്പെടണം. അത് സാധിക്കും എന്നാണ് കരുതുന്നത്.
കുടുംബം
ഭാര്യ ശോഭ. മകള്‍ അനു പ്രശോഭിനി. 2022-ലെ മിസ് കേരള ഫാഷന്‍ ആന്‍ഡ് ഫിറ്റ്‌നസ് ഫോറസ്റ്റ് ഗോഡസ് ടൈറ്റില്‍ ജേതാവാണ് മകള്‍. മകന്‍ ആദിത്യന്‍, ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.