വെറുമൊരു നടനല്ല ജഗതി, അല്പം ദു:ഖത്തോടെ മഹാനടന് ജന്മദിനാശംസകള്‍!

Legendary actor Jagathy Sreekumar's 75th birthday;

Update: 2026-01-04 16:28 GMT

സന്തോഷ് ശിവന്‍ ചിത്രം ഉറുമിയില്‍ ഒരു കഥാപാത്രമുണ്ട്, ചേനിച്ചേരി കുറുപ്പ്. ഈ ചിത്രത്തിലെ ഏറ്റവും മികച്ച കഥാപാത്രം. അല്പം സ്‌ത്രൈണതയുള്ള ചേനിച്ചേരി കുറുപ്പ്. എത്ര മിതത്വത്തോടെയാണ് ജഗതി ശ്രീകുമാര്‍ ഈ കഥാപാത്രമായി മാറിയത്. മിതത്വം എന്നു പറഞ്ഞതിന് ഒരു കാരണമുണ്ട്. അല്പം പാളിപ്പോയാല്‍ കഥാപാത്ര ഘടന തന്നെ മാറി വളിപ്പായിപ്പോകും. സ്‌ത്രൈണതയുള്ള പുരുഷ കഥാപാത്രങ്ങളെ 'മിമിക്രി'യാക്കി മാറ്റിയ നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാല്‍, എത്ര അനായാസമായാണ് ജഗതി ഈ പ്രതിസന്ധി മറികടന്നത്! അതാണ് നടനവും മിമിക്രിയും തമ്മിലുളള വ്യത്യാസം.

മലയാള സിനിമയില്‍ ആരായിരുന്നു ജഗതി? നിശ്ചലനായി, വീല്‍ചെയറില്‍ ജഗതിയിരിക്കുന്നത് നിങ്ങളെ ദു:ഖിപ്പിക്കുന്നില്ലേ! അതു തന്നെയാണ് ആരായിരുന്നു മലയാള സിനിമയ്ക്ക് ജഗതി എന്നതിന്റെ ഉത്തരവും. നല്ലതും ചീത്തവുമായി നിരവധി കഥാപാത്രങ്ങളെ ജഗതി മലയാള സിനിമയില്‍ അവതരിപ്പിച്ചു. ഏറ്റവും മോശം സിനിമകളില്‍ വരെ കഥാപാത്രങ്ങളെ മികച്ചതാക്കി ജഗതി മാറ്റി.


'റോ മെറ്റീരിയലാണ്' നടന്‍ എന്നൊക്കെ സംവിധായകര്‍ പറയാറുണ്ട്. എന്നാല്‍, ജഗതിയെ പോലെയുള്ള നടന്‍മാര്‍ അങ്ങനെയാണെന്നു തോന്നുന്നില്ല. കഥാപാത്രങ്ങളെ അത്രയ്ക്ക് ഉള്‍ക്കൊണ്ടാണ് ജഗതി അഭിനയിച്ചിരുന്നത്. തിരക്കഥാകൃത്തും സംവിധായകനും ഭാവനയില്‍ കണ്ടതിന് അപ്പുറത്തേക്ക് കഥാപാത്രങ്ങളെ എത്തിക്കാന്‍ ജഗതിക്ക് കഴിഞ്ഞതും അതുകൊണ്ടാണ്. ഒരിക്കല്‍ സംവിധായകന്‍ രാജസേനന്‍ പറഞ്ഞിട്ടുണ്ട്, മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിലെ ജഗതിയുടെ കഥാപാത്രത്തെപ്പറ്റി. 'വേലക്കാരിയായിരുന്നാലും നീയെന്‍ മോഹമല്ലി' എന്ന സംഭാഷണം ഇത്രയും ശ്രദ്ധിക്കപ്പെട്ടതിന്റെ മുഴുവന്‍ ക്രെഡിറ്റും ജഗതി ശ്രീകുമാറിനാണെന്നാണ് രാജസേനന്‍ പറഞ്ഞത്.

ഒരു കഥകളി നടന്റെ മട്ടും ഭാവവും ജഗതിക്കുണ്ട്. കഥാപാത്രങ്ങളെ അല്പം എക്‌സാജറേറ്റ് ചെയ്ത് നടിക്കാന്‍ ജഗതിക്ക് തുണയാകുന്നത് ഈ കഥകളി നടന വൈദഗ്ധ്യമാണ്. ഉദയനാണ് താരത്തിലെ പച്ചാളം ഭാസി ഒരു ഉദാഹരണം മാത്രം! നവരസങ്ങള്‍ക്കൊപ്പം മൂന്നാലു രസങ്ങള്‍ കൂടി മുഖത്ത് വിരിയിക്കാന്‍ കഴിയുന്ന നടന്‍.


കാവടിയാട്ടം എന്നൊരു സിനിമയുണ്ട്. അതിലെ ജഗതിയുടെ കഥാപാത്രം ട്രോളുകളിലെ സ്ഥിരം മുഖമാണ്. സിനിമയേതെന്നു പോലും അറിയാതെ ഈ കഥാപാത്രത്തിന്റെ സീനുകള്‍ വൈറലാണ്. അതില്‍ ഒരു രംഗമുണ്ട്. സിദ്ദീഖിന്റെ പൊലീസ് കഥാപാത്രത്തിന്റെ ബഡായികള്‍ കേട്ട് ജഗതിയുടെ മുഖത്ത് വിരിയുന്ന പുച്ഛം ക്ലാസിക് പ്രകടനമാണ്! പാല്‍ വായില്‍ കൊണ്ട് തുപ്പി ചുണ്ടുകള്‍ വക്രിച്ചൊരു പ്രകടനം. ഉറപ്പായും അത് ജഗതിക്കുമാത്രം കഴിയുന്നൊരു പ്രകടനമാണ്.


മലയാള സിനിമയിലെ എക്കാലത്തെയും ചാര്‍ളി ചാപ്ലിന് 2026 ജനുവരി അഞ്ചിന് എഴുപത്തിയഞ്ച് വയസ്സു തികയുന്നു. അപകടം പറ്റിയില്ലായിരുന്നു എങ്കില്‍ എത്രയോ കഥാപാത്രങ്ങളെ ജഗതി വെളളിത്തിരയില്‍ അവതരിപ്പിച്ചേനെ. സന്തോഷ ജന്മദിനത്തിലും, അല്പം ദു:ഖത്തോടെ മലയാളത്തിന്റെ മഹാനടന് പിറന്നാളാശംസകള്‍!

Tags:    

Similar News