ഡീയസ് ഈറെ പ്രണവിന്റെ സിനിമ, ലാലിനെ വെല്ലുന്ന നടന്‍!

Malayalam movie Dies Irae review;

Update: 2025-11-17 15:44 GMT

ഡോ. അനില്‍ കുമാര്‍ എസ്.ഡി.

രാഹുല്‍ സദാശിവന്റെ ഡിയസ് ഈറെ കണ്ടു. രണ്ടു മണിക്കൂറില്‍ താഴെയുള്ള സ്‌ക്രീന്‍ പ്രസന്‍സ്സ്. ക്രിസ്റ്റിനോ സേവിയറിന്റെ മ്യൂസിക്, ഷെഹനാദ് ജെലാലിന്റെ ക്യാമറ, സിദ്ദിഖ് മുഹമ്മദ് അലിയുടെ എഡിറ്റിംഗ്, എം ആര്‍ രാജാകൃഷ്ണന്റെ സൗണ്ട് മിക്സിംഗ്. പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രം. കൂടെ സുസ്മിത ഭട്ട്, ജിബിന്‍ ഗോപിനാഥ്, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍, ഷൈന്‍ ജോണ്‍ ചാക്കോ തുടങ്ങിയ അഭിനേതാക്കള്‍. ഇരുളും വെളിച്ചവും വിഴുങ്ങുന്ന ഭയത്തിന്റെ നേരനുഭവവും.

ഭൂതകാലവും ഭ്രമയുഗവും സാക്ഷാത്കരിച്ച രാഹുലിന്റെ അതേ ജോണറിലുള്ള സിനിമ. പ്രണവിന്റെ ക്ലോസപ്പ് ഷോട്ടുകളിലൂടെ കഥ വികസിപ്പിക്കുന്ന ചങ്കൂറ്റവും. ഭയം പ്രേക്ഷകരിലേക്ക് പകര്‍ന്നു കൊടുക്കുന്ന പുത്തന്‍ ഫ്രെയിമുകള്‍. ക്ലീഷേകള്‍ കുടഞ്ഞെറിഞ്ഞ പ്രേതസാന്നിധ്യത്തിന്റെ എഡിറ്റിംഗ് മികവ്. നിശബ്ദതയെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന ശബ്ദവിന്യാസത്തിന്റെ ചാരുത. കഥാപാത്രമായി അടിമുടി മാറിയ പ്രണവിന്റെ സ്വത്വപ്രകാശനം. പ്രണവിനൊപ്പം കസറിയ മറ്റ് അഭിനേതാക്കളുടെ ടാലന്റ്. ഒരു ഹോളിവുഡ് സിനിമയുടെ ചടുലതയും ഒതുക്കവും സൂക്ഷ്മതയും. ഇങ്ങനെ പല തലങ്ങളിലും ശ്രദ്ധിക്കപ്പെടേണ്ട മൂല്യമുള്ള സിനിമയാണ് ഡീയസ് ഈറെ.

പല മേന്മകള്‍ക്കിടയിലും സാധാരണ പ്രേക്ഷകരുടെ സമ്പൂര്‍ണ്ണ പ്രണയനിയാവാന്‍ സിനിമയ്ക്ക് സാധിക്കുന്നില്ല. തിരക്കഥയുടെ പാളിച്ചയും കഥയുടെ പൂര്‍ണ്ണതയെ ഒരു രണ്ടാംഭാഗത്തിനായി കുടഞ്ഞെറിഞ്ഞ സംവിധായകന്റെ അതിമോഹവുമാണ് ഈ കല്ലുകടിക്ക് കാരണം.

ഒരു സിനിമാ പ്രേക്ഷകന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായത്തില്‍ ഈ സിനിമ പ്രണവിന്റെ ഒരു അടയാളപ്പെടുത്തലായി മാത്രമായിരിക്കും ചരിത്രം രേഖപ്പെടുത്തുക. മോഹന്‍ലാലിന്റെ രക്തമാണ് തന്റെ സിരകളിലൂടെ ഒഴുകുന്നത് എന്നു മാത്രമല്ല പ്രണവ് ഡീയസ് ഈറെയിലൂടെ തെളിയിച്ചത്, മറിച്ച് ലാലിനെ മറികടക്കാനുള്ള മെറ്റല്‍ തന്റെ കൈയില്‍ ഉണ്ടെന്ന് കൂടിയാണ്.

എല്ലാ പരിമിതികള്‍ക്കും ഇടയിലും മോളിവുഡിലും ഹോളിവുഡിനെ അതിശയിപ്പിക്കുന്ന സംവിധായകരും അഭിനേതാക്കളുമുണ്ടെന്ന് ഡീയസ് ഈറെ തെളിയിച്ചു. നന്ദി, രാഹുല്‍, പ്രണവ്.

Tags:    

Similar News