മമ്മൂട്ടി ചിത്രം കളങ്കാവല്‍; കഥയും കഥാപാത്രവും പുറത്ത്?
Mammootty starrer movie Kalamkaval update;
ഭ്രമയുഗത്തിനു ശേഷം പ്രേക്ഷകരെ ഭ്രമിപ്പിക്കാന്‍ മറ്റൊരു മമ്മൂട്ടി ചിത്രം എത്തുന്നു. നവംബര്‍ 27 നാണ് കളങ്കാവല്‍ തിയേറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടിയും നവാഗതരും ഒരുമിച്ചപ്പോഴെല്ലാം അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കളങ്കാവലിന്റെ ഏറ്റവും വലിയ ഹൈലൈറ്റും അതുതന്നെ. ജിതിന്‍ കെ ജോസിന്റെ ആദ്യ ചിത്രമാണ് കളങ്കാവല്‍. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ വിനായകനും എത്തുന്നു.
ചിത്രത്തിലെ മമ്മൂട്ടിയെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. യെമണ്ടന്‍ വില്ലന്റെ രൂപഭാവങ്ങളോടെയാണ് പോസ്റ്ററുകളിലും ട്രെയിലറിലും മമ്മൂട്ടി പ്രത്യേക്ഷപ്പെടുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നതാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളെല്ലാം.
കൊടും കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് കളങ്കാവല്‍ പറയുന്നതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന അഭ്യൂഹം. ബെലഗാവിയിലെ ഹിന്‍ഡാല്‍ഗ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന കൊടുംകുറ്റവാളിയാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍കുമാര്‍. മംഗളൂരുവില്‍ കായികാധ്യാപകനായിരുന്ന മോഹന്‍ കുമാറാണ് സയനൈഡ് മോഹനായത്. 2003-2009 കാലയളവില്‍ ഇരുപതോളം യുവതികളെയാണ് സയനൈഡ് നല്‍കി അതിക്രൂരമായി ഇയാള്‍ കൊന്നത്. ഇവരില്‍ നാലു മലയാളികളും ഉള്‍പ്പെടുന്നു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുന്നതാണ് ഇയാളുടെ രീതി. പീഡനശേഷം ഗര്‍ഭ നിരോധന ഗുളികയാണെന്ന് വിശ്വസിപ്പിച്ച് സയനൈഡ് നല്‍കി ഇരകളെ കൊലപ്പെടുത്തും. തെളിവിന്റെ കണിക പോലും അവശേഷിപ്പിക്കാതെയാണ് ഈ കൊലപാതകങ്ങളെല്ലാം സയനൈഡ് മോഹന്‍ ചെയ്തത്.
ബണ്ട്വാള്‍ ബരിമാറിലെ അനിതയെ കാണാതായതാണ് വഴിത്തിരിവായത്. 2009-ലാണ് സംഭവം. അനിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഹന്‍ പിടിയിലായത്.
അന്വേഷണത്തിനിടെയാണ് ബന്ധമുണ്ടായിരുന്ന യുവതികളുടെ മരണം പൊലീസ് ശ്രദ്ധിച്ചത്. വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്.
യുവതികളെ സ്നേഹം നടിച്ചു വശത്താക്കിയ ശേഷം ക്ഷേത്രത്തില്‍ കൊണ്ടുപോയി താലി കെട്ടും. തുടര്‍ന്ന് ലോഡ്ജില്‍ മുറിയെടുക്കും. ഹോട്ടല്‍ മുറിയില്‍ യുവതികളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടും. എന്തെങ്കിലും നുണപറഞ്ഞ് ആഭരണങ്ങള്‍ കൈക്കലാക്കും.
പിന്നീട് യുവതികളെ സമീപത്തെ ബസ് സ്റ്റേഷനില്‍ കൊണ്ടുപോകും. ഗര്‍ഭനിരോധന ഗുളിക കഴിക്കാന്‍ നിര്‍ബന്ധിക്കും. അതുമായി ശുചിമുറിയില്‍ കയറുന്ന യുവതികള്‍ക്കു വെള്ളത്തിനു പകരം സയനൈഡ് കലര്‍ന്ന ലായനി നല്‍കും. യുവതി ശുചിമുറിയില്‍ പോകുന്ന തക്കത്തിന് മോഹന്‍ സ്ഥലംവിടും. ശുചിമുറിയില്‍ ചെന്നു ഗുളിക കഴിക്കുന്ന യുവതി ഉടന്‍ മരിച്ചുവീഴും.
2009 ഒക്ടോബര്‍ 21ന് ആണ് മോഹന്‍ പിടിയിലായത്. 2011 ഏപ്രില്‍ 20നു കുറ്റപത്രം സമര്‍പ്പിച്ചു. 2011 നവംബര്‍ 21ന് അതിവേഗ കോടതിയില്‍ വിചാരണ ആരംഭിച്ചു. പ്രതി കേസ് സ്വയം വാദിച്ചു. വിചാരണവേളയില്‍ ഒരിക്കല്‍ പോലും ഇയാള്‍ പശ്ചാത്താപം പ്രകടിപ്പിച്ചില്ല.
കളങ്കാവല്‍ തിയേറ്ററുകളില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. വരുന്നത് ഒരു യെമണ്ടന്‍ സിനിമയാണെന്നു വ്യക്തം.