മമ്മൂക്കയോട് അസൂയ തോന്നി; അവാര്‍ഡ് നല്‍കിയതിന്റെ കാരണം വെളിപ്പെടുത്തി പ്രകാശ് രാജ്

Prakash Raj about Mammootty's performance;

Update: 2025-11-03 14:59 GMT


മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വീണ്ടും മമ്മൂട്ടിക്ക്. 2022-ല്‍ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ കഥാപാത്രത്തിനും മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇത്തവണ മമ്മൂട്ടിയെ പുരസ്‌കാരം തേടിയെത്തിയത്.

ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ കൊടുമണ്‍ പോറ്റിയായുള്ള പ്രകടനം അസൂയപ്പെടുത്തിയെന്ന് ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് പറഞ്ഞു. ഭ്രമയുഗത്തിലെ മമ്മൂക്കയുടെ സൂക്ഷ്മ പ്രകടനങ്ങള്‍ അത്ഭുതപ്പെടുത്തി. അദ്ദേഹം മികച്ച നടനുള്ള പുരസ്‌കാരത്തിന് തികച്ചും അര്‍ഹനാണ്. പുതുതലമുറ മമ്മൂക്കയുടെ അഭിനയത്തില്‍ നിന്ന് പലതും മനസ്സിലാക്കണം. പ്രകാശ് രാജ് പറഞ്ഞു.

ചെറുപ്പക്കാരോട് മമ്മൂട്ടി ഇപ്പോഴും മത്സരിക്കുന്നു. മുതിര്‍ന്ന നടനായതുകൊണ്ടല്ല മമ്മൂട്ടിയെ പുരസ്‌കാരത്തിന് പരിഗണിച്ചതെന്നും പ്രകാശ് രാജ് പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള യുവതലമുറയുടെ ശ്രമങ്ങള്‍ മമ്മൂക്കയെയും മോഹന്‍ലാലിനെയും പോലെയുള്ള മഹാന്മാരായ കലാകാരന്മാരെ സ്വാധീനിക്കുന്നുണ്ടാവുമെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.

എട്ടാം തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സംവിധാനം ചെയ്തത്. കൊടുമണ്‍ പോറ്റി, ചാത്തന്‍ എന്നീ രണ്ടു കഥാപാത്രങ്ങളായാണ് ഭ്രമയുഗത്തില്‍ മമ്മൂട്ടിയുടെ പകര്‍ന്നാട്ടം.

Tags:    

Similar News