ക്ഷേത്ര ദർശനം നടത്തിയതിനു നടി നുസ്രത് ബരുച്ചയ്ക്ക് രൂക്ഷ വിമർശനം

നടി പശ്ചാത്താപം പ്രകടിപ്പിക്കുകയും കൽമ ചൊല്ലുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്;

Update: 2026-01-03 14:34 GMT

മധ്യപ്രദേശിലെ ശ്രീ മഹാകാലേശ്വർ ജ്യോതിർലിം​ഗ ക്ഷേത്ര ദർശനത്തിന് പിന്നാലെ ബോളിവുഡ് നടി നുഷ്രത്ത് ബരുച്ചയ്ക്ക് രൂക്ഷ വിമർശനം. പുതുവത്സരത്തിന് മുന്നോടിയായിട്ടായിരുന്നു നടി ക്ഷേത്രത്തിലെത്തിയത്. പിന്നാലെ നുഷ്രത്തിന്റെ മതവും വിശ്വാസങ്ങളും ചർച്ചയാവുകയായിരുന്നു. മുസ്ലീം ആയ നടി ക്ഷേത്ര ദര്‍ശനം നടത്തിയതിനെ ചോദ്യം ചെയ്താണ് ആളുകള്‍ രംഗത്തെത്തിയത്.ഗുരുതരമായ പാപം’ എന്നാണ് നുഷ്രത്തിന്‍റെ പ്രവൃത്തിയെ അഖിലേന്ത്യാ മുസ്ലീം ജമാഅത്തെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി പറഞ്ഞത്. ശരിഅത്ത് നിയമപ്രകാരം പൂജ നടത്തുന്നതും ചന്ദനം തൊടുന്നതും ഗുരുതരമായ പാപമാണെന്നും അത്തരം പ്രവൃത്തികൾ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചു.

നടി പശ്ചാത്താപം പ്രകടിപ്പിക്കുകയും കൽമ ചൊല്ലുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇത് രണ്ടാമത്തെ തവണയാണ് താന്‍ മഹാകാലേശ്വര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നതെന്ന് താരം പറഞ്ഞു. ഓണ്‍ലൈനില്‍ പങ്കുവച്ച ഒരു വിഡിയോയില്‍ എല്ലാ വര്‍ഷവും താന്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും താരം പറഞ്ഞു.ക്ഷേത്ര ദര്‍ശനത്തിന് പിന്നാലെ ‘ജയ് മഹാകാലേശ്വര്‍’ എന്ന് നടി തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരുന്നു. ക്ഷേത്രത്തിലെ ഭസ്മ ആരതിയിലും താരം പങ്കെടുത്തിരുന്നു. ക്ഷേത്ര പൂജാരിമാര്‍ ഷാള്‍ അണിയിച്ചാണ് നുഷ്രത്ത് ബരുച്ചയെ സ്വീകരിച്ചത്. മുംബൈയില്‍ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും അടുത്തിടെ ഹിന്ദു ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിലും ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിലും താരം താല്പര്യം കാണിച്ചിട്ടുണ്ട്.ടെലിവിഷൻ രം​ഗത്തു നിന്നാണ് നുഷ്രത്ത് സിനിമയിലെത്തുന്നത്. 2006 ല്‍ പുറത്തിറങ്ങിയ ജയ് സന്തോഷി മാ ആണ് ആദ്യ ചിത്രം. ലവ് സെക്‌സ് ഔർ ധോഖ (2010), പ്യാർ കാ പഞ്ച്‌നാമ (2011), പ്യാർ കാ പഞ്ച്‌നാമ 2 (2015), സോനു കെ ടിറ്റു കി സ്വീറ്റി (2018), ഡ്രീം ഗേൾ (2019) എന്നിവയാണ് മറ്റു ചിത്രങ്ങള്‍. 2022ലെ രാം സേതുവിലും അഭിനയിച്ചിട്ടുണ്ട്. നിശബ്ദ ചിത്രമായ ഉഫ്ഫ് യേ സിയാപായിലാണ് നുഷ്രത്ത് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ബൺ ടിക്കിയാണ് നുഷ്രത്തിന്‍റെ പുതിയ ചിത്രം.

Similar News